ബുഡാപെസ്റ്റ്: റഷ്യൻ എണ്ണ വാങ്ങുന്നത് യൂറോപ്പ് നിർത്തണമെന്ന് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടിട്ടും അതിൽനിന്ന് പിൻമാറാതെ നിലപാടിലുറച്ച് ഹംഗറി. റഷ്യൻ എണ്ണയോ വാതക സ്രോതസ്സുകളോ ഇല്ലാതെ രാജ്യത്തിന് ഇന്ധന ഉൽപന്നങ്ങളുടെ സുരക്ഷിതമായ വിതരണം ഉറപ്പാക്കാൻ കഴിയില്ലെന്ന് യു.എൻ പൊതുസഭയുടെ 80-ാമത് വാർഷിക സമ്മേളനത്തോടനുബന്ധിച്ച് നൽകിയ അഭിമുഖത്തിൽ പീറ്റർ സിജാർട്ടോ പറഞ്ഞു. ട്രംപിന്റെ സമീപനം തനിക്ക് മനസ്സിലായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹംഗറിയുടെ സർക്കാർ ഉടമസ്ഥതയിലുള്ള എം.ഒ.എൽ ഗ്രൂപ്പ് ഡ്രുഷ്ബ പൈപ്പ്‌ലൈൻ വഴി പ്രതിവർഷം 50 ലക്ഷം ടൺ എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ട്. ഹംഗറിയിലെയും സ്ലൊവാക്യയിലെയും ശുദ്ധീകരണശാലകൾക്ക് ഈ അസംസ്കൃത എണ്ണ നൽകുന്നു. റഷ്യയിൽ നിന്നുള്ള ഊർജ ഇറക്കുമതി നിർത്തലാക്കാനുള്ള ആഹ്വാനങ്ങളെ ഈ രണ്ട് രാജ്യങ്ങളും കടുത്ത രീതിയിൽ ആണ് പ്രതിരോധിക്കുന്നത്. റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താൻ യൂറോപ്യൻ നേതാക്കളും ഹംഗറിയെയും സ്ലൊവാക്യയെയും നിർബന്ധിച്ചുകൊണ്ടിരിക്കുന്നുണ്ട്. പക്ഷേ, അവ അവഗണിക്കപ്പെടുന്നതാണ് പതിവു കാഴ്ച.
‘റഷ്യക്കു പുറമെ എവിടെ നിന്നെങ്കിലും എണ്ണയും വാതകവും വാങ്ങുന്നതിനെക്കുറിച്ച് സ്വപ്നം കാണാനാവുമായിരിക്കും. പക്ഷെ, നമുക്ക് അടിസ്ഥാന സൗകര്യങ്ങളുള്ളിടത്തുനിന്ന് മാത്രമേ അത് വാങ്ങാൻ കഴിയൂ. ഭൗതികമായ അടിസ്ഥാന സൗകര്യങ്ങൾ നോക്കുകയാണെങ്കിൽ, റഷ്യൻ എണ്ണയില്ലാതെ രാജ്യത്തിന്റെ സുരക്ഷിതമായ ഇന്ധന വിതരണം ഉറപ്പാക്കാൻ കഴിയില്ലെന്നത് വ്യക്തമാണെന്നും’ സിജാർട്ടോപറഞ്ഞു. റഷ്യയുടെ ഊർജ വിതരണ ശൃംഖലയിൽനിന്ന് നാറ്റോ പിൻമാറണമെന്ന വ്യവസ്ഥയുടെ ഭാഗമായി ട്രംപ് റഷ്യക്കെതിരെ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തിയതിനുശേഷമാണ് സിജാർട്ടോയുടെ പരാമർശം.
യുക്രെയ്‌നുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിൽ പുരോഗതി കൈവരിക്കാൻ ട്രംപ് റഷ്യക്ക് സമയപരിധികൾ നിശ്ചയിച്ചിരുന്നു. എന്നാലതിൽ തുടർനടപടികളില്ലാതെ കടന്നുപോയി. വ്‌ളാദിമിർ പുടിനുമേൽ സമ്മർദം വർധിപ്പിക്കാൻ ആഗ്രഹിക്കുന്നുണ്ടോ അതോ യൂറോപ്പിന് പണം കൈമാറാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് ചില സഖ്യകക്ഷികൾ ചോദ്യം ചെയ്യാൻ തുടങ്ങിയിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.