വെന്തുരുകി കാനഡ; ഉഷ്ണതരംഗത്തോടൊപ്പം തീയും, ജനങ്ങളെ ഒഴിപ്പിക്കുന്നു

ഒട്ടാവ: തടാകങ്ങളുടെ നാടായി അറിയപ്പെടുന്ന കാനഡ ഇപ്പോള്‍ വെന്തുരുകുകയാണ്. അനിയന്ത്രിതമായി അന്തരീക്ഷ താപനില വര്‍ധിക്കുന്ന ഉഷ്ണതരംഗമെന്ന പ്രതിഭാസത്തോടൊപ്പം പലയിടത്തും തീപടരല്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ അസാധാരണ സാഹചര്യമാണ് രാജ്യമെങ്ങും. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ മേഖലയില്‍ മാത്രം അഞ്ച് ദിവസത്തിനിടെ 500ഓളം പേരാണ് ഉഷ്ണതരംഗത്തിന്റെ ഫലമായി മരിച്ചത്.

കാനഡയുടെ പടിഞ്ഞാറന്‍ മേഖലകളിലാണ് ചൂടിനൊപ്പം തീയും പടരുന്നത്. നൂറുകണക്കിനാളുകളാണ് നാട് വിട്ട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വാന്‍കൂവറില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെയുള്ള ലിറ്റണ്‍ ഗ്രാമത്തിലെ ജനങ്ങളെ തീപടര്‍ന്നതിനെ തുടര്‍ന്ന് ബുധനാഴ്ച രാത്രി ഒഴിപ്പിച്ചിരുന്നു. തീ കെട്ടിടങ്ങള്‍ക്കും ജനങ്ങള്‍ക്കും ഭീഷണിയെന്ന് കണ്ടാണ് ഒഴിപ്പിച്ചതെന്ന് ഇവിടുത്തെ മേയര്‍ പറഞ്ഞു.

ചൊവ്വാഴ്ച രേഖപ്പെടുത്തിയ 49.6 ഡിഗ്രീ സെല്‍ഷ്യസ് ചൂടാണ് കാനഡയിലെ ഏറ്റവും ഉയര്‍ന്ന താപനില. ഉയര്‍ന്ന താപനില ദിവസങ്ങളോളം നീണ്ടുനില്‍ക്കുമെന്നാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

ബ്രിട്ടീഷ് കൊളംബിയക്ക് പുറമേ കാനഡയിലെ മറ്റ് മേഖലകളായ അല്‍ബേര്‍ട്ട, സസ്‌കെച്വാന്‍, മനിടോബ, വടക്ക്-പടിഞ്ഞാറന്‍ മേഖലകള്‍, നോര്‍ത്തേണ്‍ ഒണ്ടാറിയോ എന്നിവിടങ്ങളിലെല്ലാം ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.




കാനഡക്ക് പുറമേ, യു.എസിലെ വാഷിങ്ടണ്‍, ഒറിഗോണ്‍, അതിര്‍ത്തി മേഖലകള്‍ എന്നിവിടങ്ങളിലും കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. പെട്ടെന്നുള്ള നിരവധി മരണങ്ങളും ഇവിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Tags:    
News Summary - Hundreds Evacuated As Fires Add To Unprecedented Canada Heat Wave

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.