ഒന്നര വർഷത്തിനിടെ വെടിനിർത്തൽ ചർച്ചകൾ പലതു നടന്നെങ്കിലും ഒന്നാം കക്ഷികളായ ഹമാസ്-ഇസ്രായേൽ മധ്യസ്ഥർ ഒരിക്കൽ പോലും മുഖാമുഖം വന്നിട്ടില്ല. ഇത്തവണ പക്ഷേ, ദോഹയിൽ ചർച്ചകൾ അവസാന ഘട്ടത്തിലേക്ക് കടന്നതോടെ ഇരുസംഘവും ഒരേ കെട്ടിടത്തിൽ ഒരുനില അകലത്തിലുണ്ടായിരുന്നു. ഖത്തർ, ഈജിപ്ത്, യു.എസ് എന്നിവയുടെ പ്രതിനിധികളായിരുന്നു ചർച്ചകൾ നയിച്ചവർ. വെടിനിർത്തലിന് സമ്മതിച്ചെന്ന് ഹമാസും ഇസ്രായേലും അറിയിക്കുകയും ഖത്തർ പ്രധാനമന്ത്രി മാധ്യമ പ്രവർത്തകരെ അറിയിക്കാൻ ഒരുക്കങ്ങൾ പൂർത്തിയാക്കുകയും ചെയ്ത ശേഷമായിരുന്നു അവസാന നിമിഷം വീണ്ടും അസ്വാരസ്യങ്ങൾ മുളപൊട്ടിയത്. മാധ്യമ പ്രവർത്തകരുടെ മാത്രമല്ല, ലോകത്തിന്റെയും കാത്തിരിപ്പിന് നീളം കൂടിയതിനൊടുവിൽ രാത്രി വൈകി അന്ന് ആ വിളംബരമെത്തുമ്പോൾ പിൻനിരയിൽ തിരക്കിട്ട നീക്കങ്ങൾ പലത് നടന്നുകഴിഞ്ഞിരുന്നു.
ജനുവരി 15ഓടെയാണ് കരാറിന്റെ പൊതു ചട്ടക്കൂടിന് ധാരണയാകുന്നത്. വെടിനിർത്തൽ, ഫലസ്തീൻ തടവുകാർക്ക് പകരം ഇസ്രായേൽ ബന്ദികളെ വിട്ടയക്കൽ, ഘട്ടംഘട്ടമായി ഇസ്രായേൽ സൈനിക പിന്മാറ്റം എന്നിവയായിരുന്നു വിഷയങ്ങൾ.
ഹമാസ് സമീപകാലത്ത് കൂടുതൽ ദുർബലമായെന്ന കണക്കുകൂട്ടലിൽ ഒട്ടും വിട്ടുവീഴ്ചയില്ലാതെയാണ് ആദ്യാവസാനം നെതന്യാഹു ഇടപെട്ടിരുന്നത്. യഹ്യ സിൻവാറും ഇസ്മാഈൽ ഹനിയ്യയും കൊല്ലപ്പെടുകയും ഹിസ്ബുല്ലയടക്കം സഖ്യകക്ഷികൾക്ക് കനത്ത അടിയേൽക്കുകയും ചെയ്തത് ഹമാസിന്റെ സമ്മർദം കുറക്കുമെന്നായിരുന്നു കണക്കുകൂട്ടൽ. പൂർണ സൈനിക പിന്മാറ്റവും സമ്പൂർണ വെടിനിർത്തലുമടക്കം ആവശ്യങ്ങളിൽനിന്ന് ഹമാസ് സമീപനാളുകളിൽ പിന്മാറുകയും ചെയ്തു.
എന്നാൽ, ഗസ്സയിലെ വെടിനിർത്തൽ അധികാരനഷ്ടത്തിലേക്ക് ആദ്യ വാതിലാകുമെന്ന തിരിച്ചറിവുള്ള നെതന്യാഹുവാണ് യഥാർഥ വില്ലനെന്ന തിരിച്ചറിവ് അറബ് മധ്യസ്ഥർക്ക് മാത്രമല്ല, യു.എസിനും നേരത്തെയുള്ളതായിരുന്നു. ഞാൻ പിറക്കാതെ പോയ സയണിസ്റ്റാണെന്ന പ്രഖ്യാപനവുമായി ഇസ്രായേൽ വംശഹത്യക്ക് 15 മാസം മുമ്പേ പച്ചക്കൊടി കാട്ടിയ ബൈഡന്റെ ദൗർബല്യം ഇത് പരസ്യമാക്കാതെ നിലനിർത്തി. നെതന്യാഹു ഇത് നന്നായി മുതലെടുക്കുകയും ചെയ്തു. ഇത്തവണ പക്ഷേ, ട്രംപ് ചിത്രത്തിലെത്തിയത് കാര്യങ്ങൾ കീഴ്മേൽ മറിച്ചു. പുതിയ പ്രസിഡന്റിന്റെ പ്രതിനിധി കൂടി മധ്യസ്ഥ ചർച്ചകളിൽ സ്ഥിര സാന്നിധ്യമായെന്നു മാത്രമല്ല, താൻ ജനുവരി 20ന് കാപിറ്റോളിൽ സത്യപ്രതിജ്ഞ ചെയ്യും മുമ്പ് പൂർത്തിയാകണമെന്ന് ട്രംപ് നിഷ്കർഷിക്കുക കൂടി ചെയ്തു. ബന്ദികളെ പൂർണമായി വിട്ടയച്ചില്ലെങ്കിൽ ഹമാസ് അനുഭവിക്കേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയ അതേ ഭാഷയിൽ നെതന്യാഹുവിനും ട്രംപ് മുന്നറിയിപ്പ് നൽകി.
ചില വിഷയങ്ങൾ തീരുമാനമാകാതെ കിടന്നു. പ്രമുഖരായ ഫലസ്തീനി തടവുകാരുടെ മോചനമായിരുന്നു അതിലൊന്ന്. ബന്ദികൾ എവിടെയെന്ന് കണ്ടെത്താൻ സമയമെടുക്കുമെന്ന് ഹമാസ് അറിയിച്ചതും വിഷയമായി. മറുവശത്ത്, ആദ്യഘട്ടത്തിൽ വിട്ടയക്കേണ്ട ബന്ദികളിൽ 11റിസർവ് സൈനികരെ പുതുതായി ചേർത്ത ഇസ്രായേൽ നടപടിയും കാലുഷ്യമേറ്റി. ഇതിനിടെ വിട്ടയക്കേണ്ട തടവുകാരുടെ ലിസ്റ്റ് ഹമാസ് പുറത്തുവിട്ടത് വിഷയം അവസാന ഘട്ടത്തിലേക്കെന്ന പ്രത്യാശ ശക്തമാക്കി. റിസർവ് സൈനികരടങ്ങുന്ന ആദ്യഘട്ട ബന്ദിമോചന പട്ടികയും ഇതേ സമയം ഹമാസ് തന്നെ പുറത്തുവിട്ടു. അതോടെ, പന്ത് ഇസ്രായേൽ കോർട്ടിലായി.
തീരുമാനം 90 ശതമാനത്തിലെത്തിനിൽക്കെ ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും പശ്ചിമേഷ്യയിലെത്തി. തെൽ അവീവിലെത്തി നെതന്യാഹുവിനെ കാണാൻ ശ്രമിച്ച വിറ്റ്കോഫിനോട് ശനിയാഴ്ച ശബ്ബത്തിന്റെ ദിവസമായതിനാൽ കാത്തിരിക്കണമെന്നായിരുന്നു മറുപടി. വഴങ്ങാതെ ഉടൻ കാണണമെന്നായി വിറ്റ്കോഫ്. പിന്നീടെല്ലാം എളുപ്പത്തിലായിരുന്നു. നേരെ ദോഹയിലേക്ക് മടങ്ങിയ വിറ്റ്കോഫ് ബൈഡന്റെ പ്രതിനിധി മക്ഗർക്കിനെയും കൂട്ടി കരാർ പൂർത്തിയാക്കുന്നതിൽ മുന്നിൽനിന്നു. ട്രംപിന്റെ ഇടപെടലാണ് കരാർ വേഗത്തിലാക്കിയതെന്ന് ഹമാസ് വക്താവ് ബാസിം നഈം പിന്നീട് പറയുന്നുണ്ട്. ഏറ്റവുമൊടുവിൽ വടക്കൻ ഗസ്സയിലേക്ക് ഫലസ്തീനികളുടെ മടക്കം പോലും ഇസ്രായേൽ മുടക്കാൻ ശ്രമിച്ചു. തീവ്രവാദികളെ തടയാൻ ഇസ്രായേൽ ചെക്പോയന്റുകളായിരുന്നു ആവശ്യം. അത് അംഗീകരിക്കില്ലെന്ന് ഹമാസും അറിയിച്ചു. ഒടുവിൽ, ഖത്തർ- ഈജിപ്ത് സംഘത്തിന് നിരീക്ഷണം വിട്ടാണ് തീർപ്പാക്കിയത്. ജനുവരി 15ന് രാത്രിയോടെ കരാർ പൂർത്തിയായെന്ന പ്രഖ്യാപനവും വന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.