ന്യൂ മെക്സികോ (യു.എസ്.എ): പ്രസിദ്ധ ഹോളിവുഡ് നടൻ ജീൻ ഹാക്ക്മാൻ (95), ഭാര്യയും പിയാനിസ്റ്റുമായ ബെറ്റ്സി എന്നിവരെ ന്യൂ മെക്സികോയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.
പൊലീസിനെ ഉദ്ധരിച്ച് സാന്താ ഫെ ന്യൂ മെക്സിക്കൻ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. രണ്ടുതവണ ഓസ്‌കർ ജേതാവാണ് ജീൻ ഹാക്ക്മാൻ. സാന്താ ഫെ കൗണ്ടി ഷെരീഫ് അദാൻ മെൻഡോസ വ്യാഴാഴ്ച വാർത്ത സ്ഥിരീകരിച്ചു. 1972ൽ ‘ദി ഫ്രഞ്ച് കണക്ഷൻ’ എന്ന സിനിമയിലെ അഭിനയത്തിന് അദ്ദേഹത്തിന് മികച്ച നടനുള്ള ഓസ്കർ പുരസ്കാരം ലഭിച്ചിരുന്നു. ബോണി ആൻഡ് ക്ലൈഡ്’, ‘ദി റോയൽ ടെനൻബോംസ്’ എന്നീ ചിത്രങ്ങളിലെ അഭിനയം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി.
ക്ലിന്റ് ഈസ്റ്റ് വുഡിന്റെ ‘അൺഫോർഗിവൻ’ (1992) എന്ന സിനിമക്ക് മികച്ച സഹനടനുള്ള ഓസ്കർ പുരസ്കാരം അദ്ദേഹത്തിനു ലഭിച്ചു. 1967ൽ പുറത്തിറങ്ങിയ ‘ബോണി ആൻഡ് ക്ലൈഡ്’ എന്ന ചിത്രത്തിൽ മികച്ച സഹനടനുള്ള അക്കാദമി നോമിനേഷനും അദ്ദേഹത്തിന് ലഭിച്ചിരുന്നു.
കാലിഫോർണിയ സ്വദേശിയായ ജിൻ ഹാക്ക്മാൻ 1930 ജനുവരി 30നാണ് ജനിച്ചത്. പതിനാറാം വയസ്സിൽ യു.എസ് മറൈൻസിൽ ചേർന്ന ഹാക്ക്മാൻ, ചൈന, ജപ്പാൻ, ഹവായ് എന്നിവിടങ്ങളിൽ നാലര വർഷം സേവനമനുഷ്ഠിച്ച ശേഷം ഇല്ലിനോയിസ് സർവകലാശാലയിൽ ജേണലിസത്തിലും ടെലിവിഷൻ പ്രൊഡക്ഷനിലും ബിരുദം നേടി. ‘യംഗ് ഫ്രാങ്കൻസ്റ്റൈൻ’ (1974) ‘നൈറ്റ് മൂവ്സ്’ (1975), ‘ബൈറ്റ് ദി ബുള്ളറ്റ്’ (1975), ’സൂപ്പർമാൻ’ (1978) എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധേയ ചിത്രങ്ങളാണ്. നൂറിലധികം സിനിമകളിൽ അഭിനയിച്ച ഹാക്ക്മാന്റെ അവസാന ചിത്രം ‘വെൽക്കം ടു മൂസ്പോർട്ട്’ ആണ്. മരണത്തെ കുറിച്ച് അന്വേഷണം നടന്നു വരികയാണെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.