മാപ്പ് പറയണം; കമല ഹാരിസിനെ ദുർഗയായി ചിത്രീകരിച്ചതിൽ പ്രതിഷേധിച്ച് യു.എസിലെ ഹിന്ദു സംഘടനകൾ

വാഷിങ്ടൺ: യു.എസ് വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡെമോക്രാറ്റിക് സ്ഥാനാർഥിയും ഇന്ത്യൻ വംശജയുമായ കമല ഹാരിസിനെ ദുർഗാദേവിയായി ചിത്രീകരിച്ചതിൽ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് യു.എസിലെ ഹിന്ദു സംഘടനകൾ. കമല ഹാരിസിന്‍റെ അനന്തരവളും അഭിഭാഷകയുമായ മീന ഹാരിസാണ് കമലയെ ദുർഗയായും യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ മഹിഷാസുരനായും ചിത്രീകരിച്ച് ട്വീറ്റ് ചെയ്തത്. ഇത് ഹൈന്ദവ വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നും മീന ഹാരിസ് മാപ്പു പറയണമെന്നുമാണ് ആവശ്യം.

വിവാദത്തെ തുടർന്ന് മീന ഹാരിസ് ട്വീറ്റ് ഒഴിവാക്കിയിരുന്നു. ദുർഗാദേവിയെ വികലമായി ചിത്രീകരിച്ച ട്വീറ്റ് ആഗോളതലത്തിൽ ഹിന്ദുക്കളെ വേദനിപ്പിച്ചതായി ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ നേതാവായ സുഹാഗ് എ. ശുക്ല ട്വീറ്റിൽ പറഞ്ഞു.

മീന ഹാരിസ് ട്വീറ്റ് ചെയ്യുന്നതിനും മുമ്പേ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെന്നും തങ്ങൾ സൃഷ്ടിച്ചതല്ലെന്ന് ജോ ബൈഡന്‍റെ പ്രചാരണ വിഭാഗം വ്യക്തമാക്കിയതായും ഹിന്ദു അമേരിക്കൻ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി പ്രതിനിധി റിഷി ഭുടാഡ പറഞ്ഞു. മീന ഹാരിസ് മാപ്പ് പറയണമെന്നാണ് തന്‍റെ അഭിപ്രായം. രാഷ്ട്രീയത്തിൽ മതപരമായ ചിഹ്നങ്ങൾ ഉപയോഗിക്കേണ്ടതില്ല -അദ്ദേഹം പറഞ്ഞു.

മറ്റ് നിരവധി ഹിന്ദു സംഘടനകളും സംഭവത്തിൽ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

ദുർഗാദേവിയായി എത്തുന്ന കമല ഹാരിസ് ജോ ബൈഡന്‍റെ മുഖമുള്ള സിംഹത്തിന് മുകളിൽ എത്തി മഹിഷാസുരനായ ട്രംപിനെ വധിക്കുന്നതാണ് കാരിക്കേച്ചറിൽ കാണിച്ചിരുന്നത്. നേരത്തെ, കമലയും ബൈഡനും യു.എസിലെ ഹിന്ദു സമൂഹത്തിന് നവരാത്രി ആശംസകൾ നേർന്നിരുന്നു. 

Tags:    
News Summary - Hindu groups seek apology from Kamala Harris’ niece for sharing image depicting aunt as Durga

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.