വാഷിങ്ടൺ: ഗസ്സയിൽ വെടിനിർത്തലിനായി യു.എസ് കൊണ്ടുവന്ന കരാർ അപകടകരമാണെന്ന് ഹിസ്ബുല്ല മേധാവി നയീം ഖ്വാസിം. യുദ്ധസമയത്ത് ഇസ്രായേലിന് നേടാൻ പറ്റാതെ പോയ കാര്യങ്ങൾ വെടിനിർത്തൽ കരാറിലുടെ യാഥാർഥ്യമാക്കാനാണ് ഇസ്രായേൽ ഒരുങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഫലസ്തീനികളുടെ ഭൂമി സ്വന്തമാക്കാനാണ് അവർ കരാറിലൂടെ ലക്ഷ്യമിടുന്നത്. കരാർ അംഗീകരിക്കണോ വേണ്ടേയോയെന്നതിൽ ഹമാസിന്റേതാണ് അന്തിമ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ഗ്രേറ്റർ ഇസ്രായേൽ പ്രൊജക്ട് നടപ്പിലാക്കാൻ അനുവദിക്കരുത്. സിറിയ, ലബനാൻ, ജോർദാൻ, ഈജിപ്ത്, ഇറാഖ്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലെ ചില സ്ഥലങ്ങളും കൂട്ടിച്ചേർത്താണ് പ്രൊജക്ടെന്നും ഇത് നടപ്പിലാക്കാൻ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
തെൽഅവീവ്: ബന്ദിമോചനത്തിനും ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാനുമായി ഇസ്രായേൽ സർക്കാർ ഉടൻ കരാറിൽ ഒപ്പിടണമെന്നാവശ്യപ്പെട്ട് ഇന്നലെ രാത്രി തെൽ അവീവിൽ കൂറ്റൻ പ്രതിഷേധറാലി അരങ്ങേറി. ബന്ദികളെ തിരിച്ചെത്തിക്കുന്നതിനായി യുദ്ധം നിർത്തണമെന്ന് പ്രതിഷേധക്കാർ ഇസ്രായേൽ സർക്കാരിനോട് ആവശ്യപ്പെട്ടു.
ഇസ്രായേലി പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ നിലപാടിൽ പ്രതിഷേധക്കാർ ആശങ്ക പ്രകടിപ്പിച്ചു. മുൻപ് ചെയ്തതുപോലെ നെതന്യാഹു ഈ കരാറും അട്ടിമറിക്കുമോ എന്ന ഭയം അവർ പങ്കുവെച്ചു.
‘തട്ടിക്കൊണ്ടുപോയവരെ മോചിപ്പിക്കാനും യുദ്ധം അവസാനിപ്പിക്കാനും ഞങ്ങൾ അതിയായി ആഗ്രഹിക്കുന്നു. നെതന്യാഹുവിൽ ഞങ്ങൾക്ക് ഒട്ടും വിശ്വാസമില്ല’ -പ്രതിഷേധ റാലിയിൽ പങ്കെടുത്ത ഗിൽ ഷെല്ലി പറഞ്ഞു. ഇപ്പോൾ വിശ്വാസം മുഴുവൻ തങ്ങൾ ട്രംപിൽ അർപ്പിക്കുന്നവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജയിലിൽ പോകാതിരിക്കാനും പ്രധാനമന്ത്രി സ്ഥാനത്ത് തുടരാനും വേണ്ടി മാത്രമാണ് നെതന്യാഹു യുദ്ധം തുടരാൻ ആഗ്രഹിക്കുന്നതെന്ന് ട്രംപ് ഇപ്പോൾ മനസ്സിലാക്കുന്നുണ്ടാകുമെന്ന് താൻ പ്രതീക്ഷിക്കുന്നതായും ഷെല്ലി പറഞ്ഞു.
അതിനിടെ, ഗസ്സ വംശഹത്യ അവസാനിപ്പിക്കാൻ ട്രംപ് മുന്നോട്ടുവെച്ച 20 ഇന യുദ്ധവിരാമ കരാറിനോടുള്ള ഹമാസിന്റെ തന്ത്രപരമായ പ്രതികരണം ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനേറ്റ തിരിച്ചടിയായി. ബന്ദികളെ വിട്ടയക്കാമെന്ന് പ്രഖ്യാപിച്ചെങ്കിലും അതിൽ വ്യക്തത വരുത്താതെയും നിരായുധീകരണമെന്ന കരാർ വ്യവസ്ഥയോട് പ്രതികരിക്കാതെയും ‘വിശദാംശങ്ങളിൽ കൂടുതൽ ചർച്ച വേണ’മെന്ന നിലപാടാണ് ഹമാസ് സ്വീകരിച്ചത്. ഹമാസിന്റെ ഈ പ്രതികരണത്തോട് ട്രംപ് അനുകൂലമായി പ്രതികരിച്ചതോടെയാണ് നെതന്യാഹു പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.