ഇറാനുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനായി ഇന്നലെ ബെയ്റൂത്തിന്റെ തെക്കൻ പ്രാന്തപ്രദേശത്ത് നടന്ന സമ്മേളനത്തിൽ ഹിസ്ബുല്ല മേധാവി നഈം ഖാസിമിന്‍റെ ടെലിവിഷൻ പ്രസംഗം വീക്ഷിക്കുന്നവർ (photo: AFP)

ഇറാനെ ആക്രമിച്ചാൽ സമ്പൂർണ യുദ്ധമെന്ന് ഹിസ്ബുല്ല; ചെങ്കടലിൽ വീണ്ടും ആക്രമണം തുടുങ്ങും, കപ്പലുകൾ മുക്കും എന്ന് ഹൂതികൾ

ബഗ്‌ദാദ്: അമേരിക്കയുടെ യുദ്ധ-വിമാനവാഹിനി കപ്പൽ യു.എസ്എസ് എബ്രഹാം ലിങ്കൺ ഇറാൻ ലക്ഷ്യമാക്കി നീങ്ങവെ, ഇറാന് പിന്തുണയുമായി ഹിസ്ബുല്ലയും ഹൂതികളും രംഗത്തെത്തി. തെഹ്‌റാന് നേരെയുള്ള ഏതൊരു ആക്രമണവും തീവ്രവാദികൾക്കെതിരായ ആക്രമണത്തിന് തുടക്കമിടുന്നതായിരിക്കുമെന്ന് ഹിസ്ബുല്ല തലവൻ നഈം ഖാസിം പറഞ്ഞു. ഇറാനെതിരെ പുതിയ യുദ്ധമുണ്ടായാൽ അത് മേഖലയെ ജ്വലിപ്പിക്കുമെന്നും ഹിസ്ബുല്ല തലവൻ മുന്നറിയിപ്പ് നൽകി.

ഇറാനെ ആക്രമിച്ചാൽ സമ്പൂർണ്ണ യുദ്ധം ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി ഇറാഖ് പാരാമിലിട്ടറി ഗ്രൂപ്പായ കതൈബ് ഹിസ്ബുല്ലയും വ്യക്തമാക്കി. സംഘർഷം പൊട്ടിപ്പുറപ്പെട്ടാൽ തെഹ്‌റാനെ സൈനികമായി പിന്തുണക്കും. ഇസ്‌ലാമിക് റിപ്പബ്ലിക്കിനെതിരായ യുദ്ധം ഒരു അനായാസ സംഗതിയായിരിക്കില്ലെന്ന് ഞങ്ങൾ ശത്രുക്കൾക്ക് ഉറപ്പ് നൽകുന്നു -ഗ്രൂപ്പിന്റെ തലവൻ അബു ഹുസൈൻ അൽ ഹമീദാവി പ്രസ്താവനയിൽ പറഞ്ഞു. അംഗങ്ങളോട് യുദ്ധത്തിന് തയാറെടുക്കാനും ഹമീദാവി ആഹ്വാനം ചെയ്തു.

കഴിഞ്ഞ വർഷം ജൂണിൽ ഇസ്രായേലും അമേരിക്കയും ഇറാനെ ആക്രമിച്ചപ്പോൾ, ലെബനനിലെ ഹിസ്ബുല്ലയും ഇറാഖി സായുധ ഗ്രൂപ്പുകളും ഉൾപ്പെടുന്ന ‘പ്രതിരോധത്തിന്റെ അച്ചുതണ്ട്’ എന്നറിയപ്പെടുന്ന പ്രാദേശിക സഖ്യകക്ഷികളൊന്നും സഹായത്തിനെത്തിയിരുന്നില്ല. എന്നാൽ ഇത്തവണ കാര്യങ്ങൾ വ്യത്യസ്തമായിരിക്കുമെന്നാണ് ഹമീദാവി പറയുന്നത്. 2014-ൽ ഐ.എസ്.ഐ.എസ് നടത്തിയ ആക്രമണങ്ങൾ തടയുന്നതിനായി രൂപീകരിച്ച പോപുലർ മൊബിലൈസേഷൻ ഫോഴ്‌സിലെ (പി.എം.എഫ്) ഏറ്റവും വലിയ ഗ്രൂപ്പുകളിൽ ഒന്നാണ് കതൈബ് ഹിസ്ബുല്ല.

അതേസമയം, ചെങ്കടലിൽ കപ്പലുകൾക്ക് നേരെയുള്ള ആക്രമണം പുനരാരംഭിക്കുമെന്നും പുതിയ ആക്രമണങ്ങൾ നടത്തുമെന്നുമാണ് ഹൂതികളുടെ ഭീഷണി. അമേരിക്കയുമായി വെടിനിർത്തൽ ധാരണയിലെത്തിയ ശേഷം ചെങ്കടലിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് നേരെയുള്ള ആക്രമണം ഹൂത്തികൾ നിർത്തിവെച്ചിരുന്നു.

Tags:    
News Summary - Hezbollah and Houthis comment in support of Iran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.