ഗസ്സ സിറ്റി: ഗസ്സയിലെ ഇന്തൊനേഷ്യൻ ആശുപത്രിയിലെ എമർജൻസി വിഭാഗത്തിലായിരുന്നു ഡോ. ഘദ അബു ഈദക്ക് ഡ്യൂട്ടി. ഇസ്രായേലിന്‍റെ മനുഷ്യക്കുരുതിയിൽ മാരക പരിക്കേറ്റവരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ആശുപത്രി. ഇസ്രായേൽ വിമാനങ്ങൾ ഓരോ തവണ മൂളിപ്പറക്കുമ്പോഴും ആംബുലൻസുകൾ ആശുപത്രിയിലേക്ക് കുതിച്ചെത്തും. ചിന്നിച്ചിതറിയ ശരീരങ്ങളും അവസാനിക്കാത്ത നിലവിളികളും നിറയും ആശുപത്രിയാകെ.
എമർജൻസി വിഭാഗത്തിൽ പരിക്കേറ്റവരെ ചികിത്സിക്കുന്നതിനിടെയാണ് വ്യോമാക്രമണത്തിൽ പരിക്കേറ്റവരെയും കൊണ്ട് കൂടുതൽ ആംബുലൻസുകളെത്തിയത്. അങ്ങോട്ടേക്ക് പാഞ്ഞ ഡോ. ഘദ അബു ഈദ കണ്ടു, ആരോഗ്യപ്രവർത്തകരുടെ കൈയിലെ സ്ട്രെച്ചറിൽ കിടക്കുന്ന സ്വന്തം മകളെ. ജീവന് വേണ്ടി പിടയുന്ന കുഞ്ഞിനെ കണ്ട ആ അമ്മയുടെ വേദന നിലവിളിയായി ആശുപത്രിയാകെ നിറഞ്ഞു. പിന്നാലെ പാഞ്ഞു ചെന്ന ഡോക്ടർ കുഴഞ്ഞുവീണു. ഇന്തൊനേഷ്യൻ ആശുപത്രിയിൽ നിന്ന് പുറത്തുവന്ന ദൃശ്യങ്ങൾ ഏതൊരു മനുഷ്യന്‍റെയും കരളലിയിക്കുന്നതാണ്.
രക്തക്കൊതിപൂണ്ട ഇസ്രായേൽ ഗസ്സയിലെ ജനതയെ കൊന്ന് രസിക്കുമ്പോൾ ഓരോ ആശുപത്രിയിലും കാണാനാവുക മനം മരവിക്കുന്ന ദൃശ്യങ്ങൾ മാത്രം. ഉൾക്കൊള്ളാവുന്നതിന്‍റെ എത്രയോ ഇരട്ടി രോഗികളാണ് ആശുപത്രികളിലുള്ളത്. വൈദ്യുതിയില്ലാത്തതിനാൽ പ്രവർത്തനം നിർത്തേണ്ട സാഹചര്യത്തിലാണ് ഇന്തോനേഷ്യൻ ആശുപത്രിയും അൽ-ഷിഫ ആശുപത്രിയും. മരണത്തിന്‍റെ ഗന്ധം ചൂഴ്ന്നുനിൽക്കുന്ന ആശുപത്രികൾക്ക് മുകളിലും വട്ടമിട്ടുപറക്കുന്നു ഇസ്രായേൽ യുദ്ധവിമാനങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.