വിയന: ആസ്ട്രിയയിലെ അമേരിക്കൻ സ്ഥാനപതി കാര്യാലയത്തിലെ 20 ഉദ്യോഗസ്ഥരെ ദുരൂഹ രോഗം പിടികൂടിയത് ആശങ്ക പരത്തി. മസ്തിഷ്കത്തെ ബാധിക്കുന്ന ഹവാന സിൻഡ്രത്തിന് സമാനമായ ലക്ഷണങ്ങളോടെയാണ് രോഗം കണ്ടെത്തിയത്. പരിശോധനയിൽ പിന്നീട് ഇതേ രോഗം തന്നെയെന്ന് സ്ഥിരീകരിച്ചു. രോഗത്തിന്‍റെ ഉറവിടം കണ്ടെത്താനായിട്ടില്ല. മൈക്രോവേവ് റേഡിയേഷൻ വഴിയാകാം രോഗം ലഭിച്ചതെന്നാണ് സംശയം. 2016-17ൽ ക്യൂബയിൽ ആദ്യമായി തിരിച്ചറിഞ്ഞതിനാലാണ് രോഗഹത്തിന് ഹവാന സിൻഡ്രം എന്ന പേരുവന്നത്.
തലകറക്കം, സമനില നഷ്ടപ്പെടൽ, കേൾവിക്കുറവ്, ആധി, വിഷയത്തിൽ ശ്രദ്ധയൂന്നാനുള്ള കഴിവ് നഷ്ടപ്പെടൽ തുടങ്ങിയ ലക്ഷണങ്ങളാണ് ഇവരിൽ കണ്ടത്. യു.എസ് ഉദ്യോഗസ്ഥർക്ക് പുറമെ കാനഡ പ്രതിനിധികളിലും രോഗം തിരിച്ചറിഞ്ഞിട്ടുണ്ട്. കോവിഡ് മഹാമാരിയെ പോലെ കൂടുതൽ പേരിലേക്ക് പകരാനുള്ള സാധ്യത നിലവിൽ ശാസ്ത്രജ്ഞർ തള്ളുന്നു.
യു.എസ് നയതന്ത്ര പ്രതിനിധികളെ ലക്ഷ്യമിട്ട് ക്യൂബ നടത്തിയ ആക്രമണത്തിന്‍റെ തുടർച്ചയായാണ് രോഗപ്പകർച്ചയെന്ന് വാഷിങ്ടൺ കുറ്റപ്പെടുത്തുന്നു. എന്നാൽ, ആരോപണം ക്യൂബ നിഷേധിച്ചു. ഇരുരാജ്യങ്ങൾക്കുമിടയിൽ ഇനിയും തീരാതെ തുടരുകയാണ് ഹവാന സിൻഡ്രവുമായി ബന്ധപ്പെട്ട ആരോപണ പ്രത്യാരോപണങ്ങൾ.
സംഭവം അന്വേഷിച്ചുവരികയാണെന്നും യു.എസ് അധികൃതരുമായി സഹകരിച്ച് നടപടികൾ സ്വീകരിക്കുമെന്നും ആസ്ട്രിയ വ്യക്തമാക്കി. ശീതയുദ്ധകാലത്ത് ചാരപ്പണിക്ക് പ്രശസ്തമായ ഇടത്താവളമാണ് ആസ്ട്രിയയിലെ നയതന്ത്ര കാര്യാലയങ്ങൾ. യു.എസ് ഉൾപെടെ രാജ്യങ്ങൾക്ക് വലിയ നയതന്ത്ര ശ്രംഖലയാണ് ഇവിടെ പ്രവർത്തിക്കുന്നത്.
ട്രംപ് പിൻവാങ്ങിയതോടെ പാതിവഴിയിലായ 2015ലെ ഇറാൻ ആണവ കരാർ വീണ്ടും പ്രാബല്യത്തിലാക്കാൻ ലക്ഷ്യമിട്ടുള്ള ചർച്ചകൾ വിയനയിൽ പുരോഗമിക്കുന്നതിനിടെയാണ് പുതിയ രോഗബാധ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.