വാഷിങ്ടൺ: ആഴ്ചകൾ നീണ്ട പിന്തുടരലിനൊടുവിൽ അറ്റ്ലാന്റിക്കിൽ വെനിസ്വേലയുമായി ബന്ധമുള്ള റഷ്യൻ പതാകയേന്തിയ കപ്പൽ യു.എസ് പിടിച്ചെടുത്തു. വടക്കൻ അറ്റ്ലാന്റിക്കിൽ വെച്ചാണ് അമേരിക്കൻ കോസ്‍റ്റ് ഗാർഡും യു.എസ് സൈന്യവും കപ്പൽ പിടിച്ചെടുത്തത്. കനത്ത സുരക്ഷ മാർഗങ്ങളോടെയായിരുന്നു കപ്പൽ യാത്ര ചെയ്തിരുന്നത്.
യു.എസിന്റെ ഉപരോധം മറികടന്ന് ഇറാൻ എണ്ണയുമായി പോകാറുള്ള കപ്പലിന് റഷ്യ സംരക്ഷണമൊരുക്കിയതിനെ സംബന്ധിച്ചുള്ള റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് പിടിച്ചെടുക്കൽ. വെനിസ്വേലയിൽ നിന്ന് പതിവായി എണ്ണ കൊണ്ടു പോകുന്ന കപ്പലാണിത്. കപ്പലിന്റെ പഴയ പേര് ‘ബെല്ല വൺ’ എന്നായിരുന്നു. ഗയാന പതാകയായിരുന്നു മുമ്പുണ്ടായിരുന്നത്. അത് മാറ്റി റഷ്യൻ പതാകയാക്കി പേര് ‘മരിനേര’ എന്നാക്കിയിരുന്നു.
ഉപരോധമുള്ള എണ്ണ ടാങ്കറുകൾ വെനിസ്വേലയിലേക്ക് വരുന്നതും പോകുന്നതും തടയുമെന്ന് കഴിഞ്ഞ മാസം യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. യു.എസ് നടപടി കൊള്ളയാണെന്നായിരുന്നു അന്ന് വെനിസ്വേലയുടെ പ്രതികരണം. ഹിസ്ബുല്ലയുമായി ബന്ധമുള്ള കമ്പനിക്ക് വേണ്ടി കള്ളക്കടത്ത് നടത്തിയെന്ന് ആരോപിച്ച് 2024ൽ ഈ കപ്പലിന് യു.എസ് ഉപരോധം ഏർപ്പെടുത്തിയിരുന്നു.
യു.എസിന്റെ പ്രത്യേക സേനയാണ് കപ്പൽ പിടിച്ചെടുത്തത്. ഹെലികോപ്റ്ററിൽ വന്നാണ് സൈന്യം കപ്പലിനകത്തേക്ക് കയറിയത്. കപ്പലിന് സമീപം ഹെലികോപ്റ്റർ നിൽക്കുന്നതിന്റെ ചിത്രം യു.എസ് പുറത്തുവിട്ടിട്ടുണ്ട്. വെനിസ്വേലൻ പ്രസിഡന്റ് നികളസ് മദുറോയെ തട്ടിക്കൊണ്ട് പോകുന്നതിന് മുന്നേ യു.എസ് സൈന്യം മരീനയെ പിന്തുടരുന്നുണ്ട്.
കപ്പൽ പിടിച്ചെടുത്തതിന് പിന്നാലെ യു.എസ് സമുദ്ര നിയമങ്ങൾ ലംഘിച്ചുവെന്ന് റഷ്യൻ ഗതാഗത മന്ത്രാലയം പറഞ്ഞു. 1982ലെ ഐക്യരകഷ്ട്രസഭയുടെ സമുദ്ര നിയമങ്ങൾ പ്രകാരം മറ്റ് രാഷ്ട്രത്തിന്റെ അധികാരപരിധിയിൽ രജിസ്റ്റർ ചെയ്ത കപ്പലുകൾക്കെതിരെ ബലപ്രയോഗം നടത്താൻ ഒരു രാഷ്ട്രത്തിനും അവകാശമില്ലെന്നും പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.