പ്രതീകാത്മക ചിത്രം

ഭക്ഷ്യ വിഷബാധക്ക് കാരണമാകും; മുലപ്പാലിന് പകരം നൽകുന്ന പോഷകാഹാര ഉൽപ്പന്നങ്ങൾ തിരിച്ചു വിളിച്ച് നെസ്‌ലെ

ഭക്ഷ്യ വിഷബാധക്ക് കാരണമാകുന്ന വിഷവസ്തുക്കൾ കലർന്നെന്ന് കണ്ടെത്തിയതിനെ തുടർന്ന് ബേബി ഫൂഡ് ഉൽപന്നങ്ങൾ ആഗോളതലത്തിൽ തിരിച്ചു വിളിച്ച് പ്രമുഖ ഭക്ഷ്യ നിർമാതാക്കളായ നെസ്‌ലെ. മുലപ്പാലിന് പകരം കുഞ്ഞുങ്ങൾക്ക് നൽകുന്ന ഉൽപന്നങ്ങളിലാണ് വിഷബാധ സ്ഥിരീകരിച്ചത്.

സ്വിറ്റ്സർലന്‍റ് ആസ്ഥാനമായ നെസ്‌ലെ ജനുവരി ആറിന് പുറത്തിറക്കിയ പ്രസ്താവനയിൽ ചില ബാച്ചുകളിലെ ഉൽപന്നങ്ങൾ സുരക്ഷിതമല്ലെന്ന് വെളിപ്പെടുത്തി.

ഈ ബാച്ചുകളിലെ ഉൽപന്നങ്ങളിൽ ഓക്കാനം, ഛർദ്ദി എന്നിവയ്ക്ക് കാരണമാകുന്ന സെറ്യൂലൈഡ് എന്ന വിഷവസ്തു കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കുഞ്ഞുങ്ങൾക്ക് മുലപ്പാലിന് പകരം നൽകുന്ന പോഷകാഹാര ഉൽപ്പന്നങ്ങളായ എൻ.എ.എൻ, എസ്.എം.എ, ബി.ഇ.ബി.എ എന്നിവയാണ് കമ്പനി തിരിച്ചു വിളിച്ചത്.

ജർമനി, ആസ്ട്രിയ, ഡെന്മാർക്ക്, തുടങ്ങി 31 രാജ്യങ്ങളിലായി വിറ്റഴിച്ച ഉൽപന്നങ്ങളാണ് തിരിച്ചുവിളിച്ചത്. ഏഷ്യയിൽ ഹോങ്കോങ് മാത്രമാണ് പട്ടികയിലുള്ളത്. നിലവിൽ ഇന്ത്യ ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. എന്നിരുന്നാലും പട്ടിക സമഗ്രമല്ലെന്നും അന്വേഷണം തുടരുന്നതിനനുസരിച്ച് ഇത് അപ്ഡേറ്റ് ചെയ്യാമെന്നും നെസ്‌ലെ വ്യക്തമാക്കി.

ഇന്ത്യയിൽ ശിശു പോഷകാഹാര വിഭാഗത്തിലെ പ്രധാന നിർമാതാക്കളാണ് നെസ്‌ലെ. നവജാത ശിശുക്കൾ മുതൽ കുട്ടികൾ വരെയുള്ള വിവിധ പ്രായക്കാർക്കായി എൻ.എ.എൻ പ്രോ, ലാക്ടജൻ പ്രോ തുടങ്ങിയ ഉൽപ്പന്നങ്ങൾ വിൽക്കുന്നുണ്ട്. ഈ ഉൽപ്പന്നങ്ങളൊന്നും തിരിച്ചുവിളിച്ചിട്ടില്ലെങ്കിലും നടപടി രക്ഷിതാക്കളിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്.

ഒരു പ്രമുഖ സ്ഥാപനം വിതരണം ചെയ്ത ചേരുവയിൽ ഗുണനിലവാര പ്രശ്നം കണ്ടെത്തിയതിനെ തുടർന്നാണ് തിരിച്ചുവിളിച്ചതെന്നാണ് കമ്പനി പറയുന്നത്.

മണ്ണിൽ സാധാരണയായി കാണപ്പെടുന്ന സൂക്ഷ്മാണുവായ ബാസിലസ് സെറിയസ് എന്ന ബാക്ടീരിയയുടെ ചില വകഭേദങ്ങളെ ഉൽപാദിപ്പിക്കുന്ന വിഷവസ്തുവാണ് സെറ്യൂലൈഡ്. ഇത് ഭക്ഷ്യജന്യ രോഗങ്ങൾക്ക് കാരണമാകും. ചൂടിനെ പ്രതിരോധിക്കുന്നതിനാൽ ഭക്ഷണം തിളപ്പിച്ചോ വീണ്ടും ചൂടാക്കിയോ ഇവയെ നശിപ്പിക്കാൻ കഴിയില്ല.

മുലപ്പാലിൽ കാണപ്പെടുന്ന അവശ്യ ഫാറ്റി ആസിഡുകൾ പുനർനിർമ്മിക്കുന്നതിനായി ബേബി ഫൂഡിൽ ചേർക്കുന്ന ഘടകമായ അരാച്ചിഡോണിക് ആസിഡ് എണ്ണയിൽ നിന്നാണ് വിഷബാധ ഉണ്ടായതെന്ന് നെസ്‌ലെ അറിയിച്ചു.

Tags:    
News Summary - Nestle issues global recall of some baby formula products over toxin fears

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.