ജറൂസലം: ജറൂസലമിന് സമീപം വിവാദ കുടിയേറ്റ നിർമാണത്തിന് നിർമാതാക്കളിൽനിന്ന് അപേക്ഷ ക്ഷണിച്ച് ഇസ്രായേൽ. ഇ വൺ പദ്ധതിയെന്ന പേരിൽ ജറൂസലമിനെ രണ്ടായി പിളർത്തുന്ന കുടിയേറ്റ നിർമാണമാണ് ആരംഭിക്കുന്നത്. ഒരു മാസത്തിനകം പ്രാഥമിക ഘട്ട നടപടികൾക്ക് തുടക്കമാകുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ജറൂസലമിന്റെ ഉൾപ്രദേശങ്ങളിൽ ആരംഭിച്ച് അധിനിവിഷ്ട വെസ്റ്റ് ബാങ്ക് വരെ നീളുന്ന പദ്ധതി നടപ്പാക്കുന്നതോടെ മേഖലയിൽ ഫലസ്തീൻ രാഷ്ട്ര സ്ഥാപനം ദുഷ്‍കരമാകും. ദ്വിരാഷ്ട്ര പരിഹാരത്തിന് കടുത്ത എതിർപ്പ് പരസ്യമാക്കിയ തീവ്ര വലതുപക്ഷ നേതാവായ ധനകാര്യ മന്ത്രി ബെസലേൽ സ്മോട്രിച്ചിന്റെ മേൽനോട്ടത്തിലാണ് ഇ വൺ പദ്ധതി വരുന്നത്.
‘‘മുദ്രാവാക്യം കൊണ്ടല്ല, പ്രവർത്തിച്ചാണ് ഫലസ്തീൻ രാജ്യം ചിത്രത്തിൽനിന്ന് മായ്ച്ചുകളയൽ’’ എന്നായിരുന്നു കഴിഞ്ഞ ആഗസ്റ്റിൽ സ്മോട്രിച്ചിന്റെ പ്രഖ്യാപനം. ഇസ്രായേൽ ലാൻഡ് അതോറിറ്റി വെബ്സൈറ്റിൽ നൽകിയ അറിയിപ്പിൽ 3,401 വീടുകളാണ് നിർമിക്കാൻ ഉദ്ദേശിക്കുന്നത്.
അതിനിടെ, ഇസ്രായേൽ- സിറിയ ചർച്ച പാരിസിൽ പുനരാരംഭിച്ചു. യു.എസ് കാർമികത്വത്തിൽ നടന്ന ചർച്ചകൾക്കു ശേഷം ഇരുരാജ്യങ്ങളുടെയും പരമാധികാരം ആദരിക്കുമെന്ന് സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. 2024 ഡിസംബറിൽ ബശ്ശാറുൽ അസദ് അധികാരഭ്രഷ്ടനാക്കപ്പെട്ട ഇടവേളയിൽ തെക്കൻ സിറിയയിലെ യു.എൻ നിയന്ത്രിത ബഫർ മേഖല ഇസ്രായേൽ പിടിച്ചടക്കിയിരുന്നു. തലസ്ഥാന നഗരത്തിലടക്കം നിരവധി തവണ ആക്രമണം നടത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.