അമേരിക്കയിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്കും അവിടെയുള്ള വിദേശ പൗരന്മാർക്കും ശക്തമായ മുന്നറിയിപ്പുമായി യു.എസ് എംബസി. നിയമലംഘനങ്ങൾ വിസ റദ്ദാക്കുന്നതിലേക്കും നാടുകടത്തലിലേക്കും നയിക്കുമെന്നാണ് എംബസിയുടെ മുന്നറിയിപ്പ്. അമേരിക്കൻ നിയമങ്ങൾ ലംഘിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ബുധനാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ യു.എസ് എംബസി വ്യക്തമാക്കി. യു.എസ് വിസ എന്നത് ഒരു വ്യക്തിയുടെ അവകാശമല്ല, മറിച്ച് രാജ്യം നൽകുന്ന ഒരു ആനുകൂല്യം മാത്രമാണെന്ന് എംബസി ഓർമിപ്പിച്ചു.
അമേരിക്കയിൽ വെച്ച് ഏതെങ്കിലും തരത്തിലുള്ള നിയമലംഘനം നടത്തുകയോ അറസ്റ്റ് ചെയ്യപ്പെടുകയോ ചെയ്താൽ നിലവിലുള്ള വിസ റദ്ദാക്കപ്പെടും. നിയമം ലംഘിക്കുന്നവരെ ഉടൻ നാടുകടത്താൻ സാധ്യതയുണ്ട്. കൂടാതെ ഭാവിയിൽ അമേരിക്കയിലേക്ക് വരുന്നത് തടഞ്ഞുകൊണ്ട് ദീർഘകാല യാത്രാ നിരോധനം ഏർപ്പെടുത്താനും നിയമമുണ്ട്. വിദ്യാർഥി വിസയിലുള്ളവർ പഠനത്തോടൊപ്പം പാലിക്കേണ്ട കർശനമായ നിയമങ്ങളും റെഗുലേഷനുകളും കൃത്യമായി പിന്തുടരണം.
ഡിസംബർ 26 മുതൽ അമേരിക്കയിലെ എല്ലാ അതിർത്തി പോയിന്റുകളിലും (വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, അതിർത്തി കടന്നുപോകുന്ന ഇടങ്ങൾ) യു.എസ് പൗരന്മാരല്ലാത്ത എല്ലാവർക്കും നിർബന്ധിത ബയോമെട്രിക് പരിശോധന നടപ്പിലാക്കുന്നുണ്ട്. ഗ്രീൻ കാർഡ് ഉള്ളവർ ഉൾപ്പെടെയുള്ള യു.എസ് പൗരന്മാരല്ലാത്ത എല്ലാവരും ഈ പരിശോധനക്ക് വിധേയരാകണം.യു.എസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (CBP) ഉദ്യോഗസ്ഥർ എല്ലാ എൻട്രി, എക്സിറ്റ് പോയിന്റുകളിലും വിദേശികളുടെ ഫോട്ടോകൾ എടുക്കും.
14 വയസ്സിന് താഴെയുള്ള കുട്ടികൾക്കും 79 വയസ്സിന് മുകളിലുള്ളവർക്കും ഈ പുതിയ നിയമം ബാധകമാണ്. വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരുന്നത് തടയുന്നതിനും സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമാണ് ഈ ബയോമെട്രിക് സംവിധാനം നടപ്പിലാക്കുന്നത്. മുമ്പ് ചില സ്ഥലങ്ങളിൽ മാത്രമുണ്ടായിരുന്ന ഈ പരിശോധന ഇപ്പോൾ എല്ലാ പോർട്ടുകളിലും നിർബന്ധമാക്കിയിരിക്കുകയാണ്.
ഇതുകൂടാതെ എച്ച്1ബി വിസ നിയമങ്ങളിൽ അമേരിക്ക വരുത്തിയ മാറ്റങ്ങൾ ഇന്ത്യൻ ഐ.ടി ജീവനക്കാരെയും പ്രൊഫഷണലുകളെയും ബാധിച്ചേക്കാം. കുടിയേറ്റ നിയമങ്ങൾ കൂടുതൽ കർശനമാക്കുന്നതിന്‍റെ ഭാഗമായാണ് ഇത്തരം നീക്കങ്ങൾ. അമേരിക്കയിൽ പഠിക്കുന്നവരും ജോലി ചെയ്യുന്നവരും അവിടുത്തെ നിയമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്. ഒരു ചെറിയ നിയമലംഘനം പോലും വിദേശയാത്രകളെയും കരിയറിനെയും എന്നെന്നേക്കുമായി ബാധിച്ചേക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.