സൻആ: യമനിൽ ഹൂതികൾക്കെതിരെ രാജ്യാന്തര പിന്തുണയോടെ പോരാട്ടം നയിക്കുന്ന കൗൺസിലിന്റെ നേതാവിനെ പുറത്താക്കി. ഹൂതി നിയന്ത്രിത മേഖലകളിലൊഴികെ പ്രധാനമായി ഭരണം നടത്തുന്ന തെക്കൻ ഇടക്കാല കൗൺസിൽ (എസ്.ടി.സി) നേതാവ് ഐദറൂസ് സുബൈദിയെയാണ് നേതൃപദവികളിൽനിന്ന് മാറ്റിയത്.
വർഷങ്ങളായി ദക്ഷിണ യമനിലെ ശക്തനായ നേതാവായിരുന്ന ഐദറൂസിക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തിട്ടുമുണ്ട്. രാജ്യത്ത് കത്തിപ്പടരുന്ന സംഘർഷം ചർച്ച ചെയ്യാൻ ചൊവ്വാഴ്ച റിയാദിലേക്ക് യാത്ര തിരിക്കേണ്ടതായിരുന്നു. വിമാനം കയറുന്നതിന് പകരം ഒളിവിൽ പോകുകയായിരുന്നെന്നാണ് റിപ്പോർട്ട്.
കൗൺസിലിലെ ഒരു വിഭാഗം ഇത് നിഷേധിച്ചിട്ടുണ്ട്. എസ്.ടി.സിയിൽ ഭിന്നത ശക്തമായതിന്റെ തുടർച്ചയാണ് പുതിയ സംഭവങ്ങൾ. ബുധനാഴ്ച രാവിലെയോടെയാണ് നാടകീയമായി രാജ്യത്തെ ഉന്നതാധികാര സമിതി സുബൈദിയുടെ കൗൺസിൽ അംഗത്വ പദവി എടുത്തുകളയുന്നതും രാജ്യദ്രോഹത്തിന് പ്രോസിക്യൂഷന് കൈമാറുകയാണെന്ന് ഭീഷണിപ്പെടുത്തുന്നതും.
തൊട്ടുപിറകെ, സുബൈദി ഒളിവിൽ പോയതായും റിപ്പോർട്ട് വന്നു. കൗൺസിലിലെ മുതിർന്ന നേതാവ് അബ്ദു റഹ്മാൻ അൽമഹ്റമി താൽക്കാലിക ചുമതല ഏറ്റെടുത്തിട്ടുണ്ട്. യമനിലെ പ്രധാന നഗരമായ ഏദൻ എസ്.ടി.സിയുടെ നിയന്ത്രണത്തിലാണ്.
അറബ് ലോകത്തെ ഏറ്റവും ദരിദ്രരാജ്യമായ യമനിൽ സ്ഥിതി കൂടുതൽ നിയന്ത്രണാതീതമാകുകയാണ്. കഴിഞ്ഞ ദിവസം സൗദി അറേബ്യ യമനിലെ അൽദേൽ പ്രവിശ്യയിൽ വ്യോമാക്രമണം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.