ഗസ്സ സിറ്റി: ഫലസ്തീൻ രാഷ്ട്രം സ്ഥാപിതമായാൽ ആയുധം താഴെവെക്കാൻ സന്നദ്ധമാണെന്ന് ഹമാസ്. ഗസ്സയിൽ ഭരണത്തിലുള്ള ഹമാസ് നിരായുധീകരണത്തിന് സമ്മതിച്ചെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പശ്ചിമേഷ്യ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് നടത്തിയ അഭിപ്രായ പ്രകടനത്തോടുള്ള പ്രതികരണത്തിലാണ് സംഘടന നിലപാട് അറിയിച്ചത്. ഗസ്സയിൽ വെടിനിർത്തലിന് ഹമാസ് നിരുപാധികം ആയുധം താഴെവെക്കാൻ സന്നദ്ധമാകണമെന്നാണ് ഇസ്രായേൽ ആവശ്യം.
ദിവസങ്ങൾക്ക് മുമ്പ് അറബ് രാജ്യങ്ങളും ഹമാസ് നിരായുധീകരിക്കണമെന്നും ഗസ്സയിൽ ഭരണം വിട്ടൊഴിയണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ജറൂസലം ആസ്ഥാനമായി സ്വതന്ത്ര, പരമാധികാര ഫലസ്തീൻ രാജ്യം നിലവിൽവന്നാൽ ചെറുത്തുനിൽപും ആയുധമണിയലും അവസാനിപ്പിക്കുമെന്നായിരുന്നു സംഘടനയുടെ പ്രതികരണം.
ഇസ്രായേൽ ഗസ്സയിൽ നരഹത്യ തുടരുന്നത് മുൻനിർത്തി ഫലസ്തീൻ രാഷ്ട്രത്തിന് അംഗീകാരം നൽകി കൂടുതൽ പാശ്ചാത്യ രാജ്യങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. ഫ്രാൻസ്, കാനഡ എന്നിവക്ക് പുറമെ ഉപാധികളോടെ ബ്രിട്ടനും പുതുതായി ഫലസ്തീനെ അംഗീകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഫലസ്തീന് പിന്തുണ വർധിക്കുന്നത് കണക്കിലെടുത്ത് വിറ്റ്കോഫ് കഴിഞ്ഞ ദിവസം ഇസ്രായേലിലെത്തി പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെ കണ്ടിരുന്നു. ബന്ദികളുടെ കുടുംബങ്ങളുമായും കൂടിക്കാഴ്ച നടത്തി.
അതിനിടെ, ഇസ്രായേൽ ബന്ദിയായ ഇവ്യാതർ ഡേവിഡിന്റെ വിഡിയോ ഹമാസ് പുറത്തുവിട്ടു. ഭക്ഷണം കിട്ടാതെ ശരീരം ക്ഷീണിച്ച നിലയിൽ തുരങ്കത്തിലിരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇതിനെതിരെ ബന്ദികളെ ഹമാസ് ആയുധമാക്കുകയാണെന്ന വിമർശനവുമായി ഇസ്രായേൽ രംഗത്തെത്തി. ഇസ്രായേൽ വംശഹത്യ തുടരുന്ന ഗസ്സയിൽ ഇതുവരെ 60,000ലേറെ പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഭക്ഷണം കാത്തുനിന്നവർക്കു നേരെയുള്ള വെടിവെപ്പിൽ മാത്രം മരണം റിപ്പോർട്ടു ചെയ്തത് 1,373 പേരുടെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.