ഗസ്സ: ഒമ്പത് ബന്ദികളെ വിട്ടയക്കാനുള്ള സന്നദ്ധത അറിയിച്ച് ഹമാസ്. ഇസ്രായേലുമായി വെടിനിർത്തൽ സംബന്ധിച്ച ചർച്ചകൾ പുനഃരാരംഭിച്ചതിന് പിന്നാലെയാണ് ഹമാസിന്റെ നിലപാട്. 60 ദിവസത്തെ വെടിനിർത്തലിന് പകരമായി ഒമ്പത് ബന്ദികളെ വിട്ടയക്കാമെന്നാണ് ഹമാസ് അറിയിച്ചിരിക്കുന്നത്. ഇതിന് പകരമായി ഫലസ്തീൻ തടവുകാരെ വിട്ടയക്കുകയും വേണം. ബി.ബി.സിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഫലസ്തീൻ മുന്നോട്ടുവെച്ച പുതിയ കരാർ പ്രകാരം പ്രതിദിനം 400 ട്രക്കുകൾക്ക് ഗസ്സയിലേക്ക് വരാൻ അനുമതി വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ബന്ദികൾ ജീവിച്ചിരിക്കുന്നുവെന്നതിന് തെളിവ് വേണമെന്നാണ് ഇസ്രായേൽ ആവശ്യം. ഖത്തറിന്റേയും യു.എസിന്റേയും മധ്യസ്ഥതയിലാണ് പുതിയ വെടിനിർത്തൽ ചർച്ചകൾ ആരംഭിച്ചിരിക്കുന്നത്. അതേസമയം, ഹമാസ് മുന്നോട്ടുവെച്ച വെടിനിർത്തൽ കരാറിനോട് ഇസ്രായേൽ പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ ദിവസം ഇസ്രായേൽ ഗസ്സയിൽ നടത്തിയ ആക്രമണത്തിൽ 59 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിൽ 39 പേരും സുരക്ഷിതസ്ഥലമെന്ന് അറിയപ്പെടുന്ന അൽ-മവാസിയിൽ വെച്ചാണ് കൊല്ലപ്പെട്ടത്. അറബ് നേതാക്കൾ ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കണമെന്ന് നിരന്തരമായി ആവശ്യപ്പെടുന്നതിനിടെയാണ് വീണ്ടും കൊലപാതകങ്ങൾ ഉണ്ടാവുന്നത്.
ഗസ്സയിൽ ഇസ്രായേൽ ഇതുവരെ നടത്തിയ ആക്രമണങ്ങളിൽ 53,272 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. 120,673 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗസ്സ ആരോഗ്യമന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്ത് വിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.