വാഷിങ്ടൺ: മുഴുവൻ ബന്ദികളേയും ഹമാസ് ഉടൻ വിട്ടയക്കണമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റുബിയോ. എക്സിലൂടെയാണ് റുബിയോയുടെ പ്രതികരണം. യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന് ഇക്കാര്യത്തിൽ വ്യക്തമായ നിലപാടുണ്ട്. ബന്ദികളെ ഉടൻ വിട്ടയക്കണമെന്നാണ് അദ്ദേഹത്തിന്റെ നിലപാടെന്ന് റുബിയോ പറഞ്ഞു.
വെടിനിർത്തൽ കരാറിന്റെ ഭാഗമായുള്ള അഞ്ചാമത്തെ ബന്ദി കൈമാറ്റത്തിൽ 183 ഫലസ്തീൻ തടവുകാർക്ക് പകരമായി മൂന്ന് ഇസ്രായേലി തടവുകാരെ കഴിഞ്ഞ ദിവസം ഹമാസ് മോചിപ്പിച്ചിരുന്നു. ഒഹാദ് ബെൻ അമി, (56), എലി ഷറാബി (52), ഓർ ലെവി (34) എന്നിവരെയാണ് മോചിപ്പിച്ചത്.
സെൻട്രൽ ഗസ്സ മുനമ്പിലെ ദേർ അൽ ബലായിൽ അന്തർദേശീയ റെഡ്ക്രോസ് കമ്മിറ്റിലെ ഉദ്യോഗസ്ഥർക്കാണ് തടവുകാരെ കൈമാറിയത്. ബന്ദികളെ വിട്ടുകൊടുക്കുന്ന സ്ഥലത്ത് ഹമാസ് സ്റ്റേജ് ഒരുക്കിയിരുന്നു.ഇസ്രായേലുമായുള്ള മാനുഷിക സഹായവും മറ്റ് പ്രധാന വിതരണങ്ങളും ഗസ്സയിലേക്ക് പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ട് ഇസ്രായേൽ വെടിനിർത്തൽ ലംഘിച്ചുവെന്ന് ഹമാസ് ആരോപിച്ചതിന് പിന്നാലെയാണിത്.
പകരമായി 183 ഫലസ്തീൻ തടവുകാരെ ഇസ്രായേൽ കൈമാറി. ജീവപര്യന്തം തടവ് അനുഭവിക്കുന്ന 18 പേരും ദീർഘകാല തടവ് അനുഭവിക്കുന്ന 54 പേരും ഒക്ടോബർ 7ന് ഹമാസിന്റെ ആക്രമണത്തെത്തുടർന്ന് ഇസ്രായേൽ തടവിലാക്കിയ ഗസ്സയിൽ നിന്നുള്ള 111 പേരും ഉൾപ്പെടുന്നു. എല്ലാവരും 20 നും 61 നും ഇടയിൽ പ്രായമുള്ള പുരുഷന്മാരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.