ഗസ്സ സിറ്റി: ദേശീയ ഐക്യം പുനഃസ്ഥാപിക്കുന്നതിന് മുന്നോടിയായി തെരഞ്ഞെടുപ്പിലേക്ക് നീങ്ങാൻ ആഗ്രഹിക്കുന്നതായി ഹമാസ് നേതാവ് ഖലീൽ അൽ-ഹയ്യ. ഗസ്സയിൽ താമസിക്കുന്ന വ്യക്തികൾ ഗസ്സയുടെ ഭരണം കൈകാര്യം ചെയ്യുന്നതിൽ എതിർപ്പില്ലെന്നും ഹയ്യ വ്യക്തമാക്കി. അൽ ജസീറക്ക് നൽകിയ അഭിമുഖത്തിലാണ് ഹമാസ് നേതാവ് ഇക്കാര്യം വ്യക്തമാക്കിയത്.
തെരഞ്ഞെടുക്കപ്പെട്ട ഫലസ്തീനി ഭരണസമിതിക്ക് അധികാരം കൈമാറാൻ ഹമാസ് തയാറാണ്. അതിർത്തി നിരീക്ഷിക്കാനും വെടിനിർത്തൽ ഉറപ്പുവരുത്താനും യു.എൻ സേന ഗസ്സയിലുണ്ടാകുന്നതിന് എതിരല്ല. യുദ്ധം പുനരാരംഭിക്കുന്നതിനായി ഇസ്രായേലിന് ഒരു കാരണം നൽകില്ല. ഇസ്രായേലി ബന്ദികളുടെ അവശിഷ്ടങ്ങൾ കണ്ടെത്താൻ ഗസ്സയിലെ കൂടുതൽ പ്രദേശങ്ങളിൽ തിരച്ചിൽ നടത്തും. വെടിനിർത്തലിന് ശേഷം 72 മണിക്കൂറിനുള്ളിൽ 20 ഇസ്രായേലി തടവുകാരെ കൈമാറിയിട്ടുണ്ട്. ഇസ്രായേലി ജയിലുകളിലെ ഫലസ്തീൻ തടവുകാരുടെ ദുരിതം അവസാനിപ്പിക്കാൻ ഞങ്ങൾ ശ്രമം തുടരുകയാണ്. ഫലസ്തീൻ തടവുകാരിൽ പലരുടെയും പേരുകളും മറ്റു വിവരങ്ങളും വെളിപ്പെടുത്തുന്നതിൽ ഇസ്രായേൽ പരസ്പര വിരുദ്ധമായ നിലപാട് സ്വീകരിക്കുകയാണ്. ഞങ്ങൾ സ്ഥിരതയുടെ വക്താക്കളാണെന്ന് നേരത്തെ നടന്ന ചർച്ചയിൽ അമേരിക്കയുടെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫിനോടും ട്രംപിന്റെ മരുമകനും വൈറ്റ് ഹൗസ് ഉപദേശകനുമായ ജരെഡ് കുഷ്‌നറോടും ഞാൻ പറഞ്ഞതാണ് -അദ്ദേഹം പറഞ്ഞു.
ഗസ്സ മുനമ്പിലേക്ക് എത്തുന്ന മാനുഷിക സഹായത്തിന്റെ അളവിൽ തൃപ്തരല്ലെന്നും അദ്ദേഹം അറിയിച്ചു. ഗസ്സക്ക് ഒരു ദിവസം 600 ട്രക്കുകളല്ല, 6,000 സഹായ ട്രക്കുകളാണ് വേണ്ടത്. ആവശ്യത്തിന് മാനുഷിക സഹായം എൻക്ലേവിലേക്ക് എത്തിക്കുന്നതിന് മധ്യസ്ഥർ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, ഹമാസ് ബന്ദിയാക്കിയിരിക്കെ ഇസ്രായേലിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾക്കായി തിരച്ചിൽ തുടരുകയാണ്. ഈജിപ്തിൽനിന്ന് വലിയ ബുൾഡോസറുകൾ ഉൾപ്പെടെ അത്യാധുനിക ഉപകരണങ്ങൾ ഇതിനായി എത്തിച്ചിട്ടുണ്ട്. തകർക്കപ്പെട്ട കെട്ടിടങ്ങൾക്കടിയിലാണ് മൃതദേഹങ്ങൾ ഉണ്ടാകാൻ സാധ്യതയെന്നാണ് ഹമാസ് പറയുന്നത്. മൃതദേഹങ്ങൾ കണ്ടെടുത്ത് കൈമാറാൻ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് അവർ വ്യക്തമാക്കി.
രോഗികളും പരിക്കേറ്റവരുമായ ആയിരക്കണക്കിന് കേസുകളുണ്ടെന്നും 15,000 ത്തോളം രോഗികൾക്ക് അടിയന്തര വൈദ്യസഹായം ആവശ്യമാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.