വെടിനിർത്തൽ നിർദേശം അംഗീകരിച്ച് ഹമാസ്; 10 ബന്ദികളെ വിട്ടുനൽകുമെന്നും പ്രഖ്യാപനം

ദോഹ: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പശ്ചിമേഷ്യ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് സമർപിച്ച വെടിനിർത്തൽ നിർദേശത്തോട് പ്രതികരിച്ച് ഹമാസ്. നിരവധി ഫലസ്തീനി തടവുകാരെ വിട്ടയക്കുന്നതിന് പകരം 10 ഇസ്രായേൽ ബന്ദികളെയും 18 മൃതദേഹങ്ങളും വിട്ടയക്കാമെന്നാണ് ഹമാസ് അറിയിച്ചത്.

സ്ഥിരമായ വെടിനിർത്തൽ, ഗസ്സ മുനമ്പിൽനിന്ന് സമ്പൂർണ ഇസ്രായേൽ സൈനിക പിന്മാറ്റം, ഗസ്സയിലേക്ക് വിലക്കുകളില്ലാതെ ​സഹായം കടത്തിവിടൽ എന്നിവ സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കരാർ നിർദേശങ്ങളെന്ന് ഹമാസ് വാർത്ത കുറിപ്പിൽ അറിയിച്ചു. പുതിയ നിർദേശത്തോട് ഇസ്രായേൽ പ്രതികരിച്ചിട്ടില്ല. വിറ്റ്കോഫ് മുന്നോട്ടുവെച്ച വെടിനിർത്തൽ നിർദേശം ഹമാസ് അംഗീകരിച്ചതായി കഴിഞ്ഞ ദിവസം ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ബന്ദികളുടെ കുടുംബ​ങ്ങളെ അറിയിച്ചിരുന്നു.

വെടിനിർത്തൽ നീക്കങ്ങൾ ഏറെയായി സജീവമാണെങ്കിലും ഹമാസിനെ സമ്പൂർണമായി ഇല്ലാതാക്കുംവരെ ആക്രമണം തുടരുമെന്ന് ഇസ്രായേൽ പറയുന്നു. ഗസ്സയിൽനിന്ന് സമ്പൂർണ പിന്മാറ്റമില്ലാതെ വെടിനിർത്തലിനില്ലെന്ന് ഹമാസും വ്യക്തമാക്കുന്നു.

ഗസ്സയിൽ വംശഹത്യ അവസാനിപ്പിക്കാൻ ട്രംപിന്റെ നേതൃത്വത്തിൽ ശ്രമങ്ങൾ ഊർജിതമാണ്. എന്നാൽ, ആഭ്യന്തര രാഷ്ട്രീയ വിഷയങ്ങൾ കൂടി കണക്കിലെടുത്ത് വെടിനിർത്തലിന് വഴങ്ങാൻ നെതന്യാഹു തയാറാകുന്നില്ലെന്ന് ബന്ദികളുടെ കുടുംബങ്ങളും നിരവധി ഇ​സ്രായേൽ നേതാക്കളും ആരോപിക്കുന്നു. ഇസ്രായേൽ ആക്രമണങ്ങളിൽ 54,000 ലേറെ പേർ ഇതിനകം ഗസ്സയിൽ കൊല്ലപ്പെട്ടിട്ടുണ്ട്. 

Tags:    
News Summary - Hamas accepect ceasefire proposal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.