തോക്കും, നോട്ടുകെട്ടുകളും, കാറുകളും യഥേഷ്ടം: ഗസ്സക്കുള്ളിൽ ഇസ്രായേലിനെ സഹായിക്കുന്ന വിമത കൊള്ള സംഘം; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് സ്കൈ ന്യൂസ്

ഗസ്സ സിറ്റി: ഹമാസുമായുള്ള വെടിനിർത്തലിലൂടെ തങ്ങളുടെ സൈന്യത്തെ പിൻവലിക്കാൻ തുടങ്ങിയെങ്കിലും മറ്റൊരു കുടിലതയുടെ നിലമൊരുക്കിയാണ് ഇസ്രായേൽ ഗസ്സയിൽ നിന്ന് പിൻമാറ്റം പ്രഖ്യാപിച്ചത്. സ്കൈ ന്യൂസ് നടത്തിയ അന്വേഷണത്തിൽ ഇസ്രായേലിന്റെ സഹായത്തോടെ ഗസ്സക്കുള്ളിൽ വ്യവസ്ഥാപിതമായി പ്രവർത്തിക്കുന്ന വിമത കൊള്ളസംഘത്തിന്റെ നടുക്കുന്ന ഇടപെടലുകൾ പുറത്തുവന്നു. ഭക്ഷണമടക്കമുള്ള അവശ്യവസ്തുക്കൾ വൻ തോതിൽ കൊള്ളയടിക്കുന്ന കുറ്റകൃത്യങ്ങൾ  ഇവർ വ്യാപകമായി ചെയ്യുന്നു.

യാസർ അബു ശബാബ് എന്ന കൊള്ളസംഘത്തലവനുമായി കഴിഞ്ഞ ഏതാനും ആഴ്ചകളിൽ നിരവധി സായുധ ഗ്രൂപ്പുകൾ സഖ്യം പ്രഖ്യാപിച്ചതായി സ്കൈ ന്യൂസ് പുറത്തുവിട്ടു. ഗസ്സയുടെ ഭാവി ഭരണകൂടം തന്റേതായിരിക്കുമെന്ന് പ്രഖ്യാപിച്ചയാളാണ് യാസർ അബൂ ശബാബ്. സ്കൈ ന്യൂസി​ന്റെ ‘ഡാറ്റ ആന്റ് ഫോറൻസിക് യൂനിറ്റ്’ മാസങ്ങളായി യാസറും അനുയായി സംഘങ്ങളും ചെയ്യുന്ന പ്രവർത്തനങ്ങൾ ട്രാക്കു ചെയ്തു വരികയായിരുന്നു.

അമേരിക്കൻ പിന്തുണയോടെ ഗസ്സയിൽ പ്രവർത്തിച്ച ഗസ്സ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷനിൽ നിന്ന് ഇവർ ഭക്ഷണ സാധനങ്ങൾ വൻ തോതിൽ ​കൈപ്പറ്റി. ​പട്ടിണിയിലാണ്ടവരോട് വിവേചനപരമായി പെരുമാറിയതിന് വിമർശനം നേരിട്ട ഫൗ​ണ്ടേഷനാണിത്. യാസർ അബു ശബാബിന്റെ മുതിർന്ന കമാൻഡർമാരിലൊരാളുമായി സ്കൈ ന്യൂസ് നടത്തിയ എക്സ്ക്ലുസീവ് അഭിമുഖത്തിൽ എവ്വിധമാണ് പണവും തോക്കുകളും കാറുകളും കള്ളക്കടത്തു നടത്താൻ ഇസ്രായേൽ സൈന്യം അവരെ സഹായിക്കുന്നതെന്ന് വെളിപ്പെട്ടു. ഇത്തരം വിമത സംഘങ്ങൾക്ക് പിന്തുണ നൽകുന്നതിലൂടെ ഗസ്സയെ വിഭജിച്ചു കീഴടക്കുക എന്നതാണ് ഇസ്രായേലിന്റെ ലക്ഷ്യമെന്ന് നിരീക്ഷകർ പറയുന്നു.

ബോംബിട്ട് തകർക്കപ്പെട്ട കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളാൽ മൂടപ്പെട്ട ഗസ്സയിൽ അമ്പരപ്പിക്കുന്ന മറ്റൊരു കാഴ്ചയും കാണാം. തെക്കൻ ഗസ്സയിലൊരിടത്ത് 50 തോളം ഹെക്ടറിലായി വലിയ വില്ലകൾ കാണപ്പെട്ടു. അവിടെ മറ്റിടങ്ങളിൽനിന്ന് വ്യത്യസ്തമായി ഭക്ഷണ വിതരണം മുടക്കമില്ലാതെ നടക്കുന്നു. സമീപ മാസങ്ങളിൽ മെഡിക്കൽ സൗകര്യങ്ങളും ഒരു സ്കൂളും പള്ളികൾ പോലും പണിയപ്പെട്ടു. കെട്ടുകണക്കിന് പണം, പുതിയ ബ്രാന്റുകളിലുള്ള സ്മാർട്ട് ഫോണുകൾ, വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത ബൈക്കുകൾ, കാറുകൾ എന്നിവയാൽ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളാണ് അവിടെ. നേരത്തെ ​കൊള്ളസംഘത്തലവനായി വിലസിയ യാസർ അബൂ ശബാബിന്റെ പോപ്പുലർ ഫോഴ്സിന്റെ ആസ്ഥാനമാ​ണിപ്പോഴിത്. 


1500റോളം പേർ ഇവിടെ കഴിയുന്നതായും അതിൽ 700റോളം പേർ വിമത പോരാളികൾ ആണെന്നും മുതിർന്ന കമാൻഡർ അഭിമുഖത്തിൽ​ വെളി​പ്പെടുത്തി. ഗസ്സയിലുനീളം 3000ത്തോളം പുതിയ ആളുകൾ ഗ്രൂപ്പിന്റെ സേനയിലേക്ക് നിയമിതരായെന്നും അയാൾ പറഞ്ഞു. തന്ത്ര പ്രാധാന്യമുള്ളിടത്താണ് ഈ സ്ഥലം. കറം ഷാലോം അതിർത്തിവഴി ഗസ്സയിലേക്ക് പ്രവേശിക്കുന്ന മേഖലയിലാണിത്. സഹായ പ്രവർത്തകർ ‘കൊള്ളസംഘങ്ങളുടെ ഇടനാഴി’ എന്നാണിതിനെ വിശേഷിപ്പിക്കുന്നത്.

സഹായ ട്രക്കുകളിൽ നിന്ന് ആസൂത്രിതമായും വ്യവസ്ഥാപിതമായും വൻ കൊള്ള നടത്തുന്ന മേഖലയിലെ ഏറ്റവും ​സ്വാധീനമുള്ള സംഘമെന്നാണ് 2024 നവംബറിൽ പുറത്തുവിട്ട യു.എൻ റിപ്പോർട്ട് പറയുന്നത്. വേൾഡ് ഫുഡ് ​പ്രോഗ്രാമിന്റെ സഹായ ട്രക്കിൽ നിന്നുള്ള ധാന്യങ്ങളുടെ ചാക്കുകൾ കൊള്ളയടിക്കുന്ന ദൃശ്യങ്ങളും സ്കൈ ന്യൂസ് പുറത്തുവിട്ടു.

ഗസ്സയിൽ ഇസ്രായേൽ ഔദ്യോഗികമായി നിരോധിച്ച നിരവധി ഉൽപ്പന്നങ്ങളിൽ ഒന്നായ സിഗരറ്റ് കള്ളക്കടത്താണ് അവരുടെ പ്രധാന വരുമാന സ്രോതസ്സ് എന്ന് യു.എൻ തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരു സിഗരറ്റിന്റെ വിലയായി 20 ഡോളർ വരെ ഇവർ ഈടാക്കുന്നുണ്ട്.

പോപ്പുലർ ഫോഴ്‌സ് അംഗങ്ങളുമായും യൂനിറ്റ് 585 ലെ സൈനികരുമായും അടുത്ത ബന്ധം പുലർത്തുന്ന ഇവരുടെ ഒരു ടിക് ടോക്ക് അക്കൗണ്ട്, ഇസ്രായേലി ലൈസൻസ് പ്ലേറ്റുകളുള്ള വാഹനങ്ങളുടെ ദൃശ്യങ്ങൾ ആവർത്തിച്ച് പോസ്റ്റ് ചെയ്തിട്ടുണ്ട്. അവ പിന്നീട് ഗസ്സയിലെ പോപ്പുലർ ഫോഴ്‌സിന്റെ ക്യാമ്പിൽ കാണപ്പെട്ടു.

സ്കൈ ന്യൂസ് പുറത്തുവിട്ട വിഡിയോയിൽ പോപ്പുലർ ഫോഴ്‌സിലെ ഒരു സജീവ അംഗം പണത്തിന്റെ കൂമ്പാരങ്ങളും സിഗരറ്റുകളുടെ പെട്ടികളും പ്രദർശിപ്പിക്കുന്നതു കാണാം. ഈ വർഷം ആദ്യം വരെ ഗസ്സയിൽ ഉണ്ടായിരുന്ന ഒരു മുതിർന്ന സന്നദ്ധ പ്രവർത്തകൻ, യാസർ അബു ഷബാബ് ട്രക്കുകൾ സുരക്ഷിതമായി കടത്തുന്നത് തന്റെ ജീവനക്കാർ നേരിട്ട് കണ്ടതായി പറയുന്നു. സിഗരറ്റ് കള്ളക്കടത്തിലൂടെയാണ് അബു ഷബാബ് ശക്തി നേടിയതെന്ന് ഉഅദ്ദേഹം പറയുന്നു.

ട്രക്കുകൾ കൊള്ളയടിക്കുന്നതിലും സിഗരറ്റ് കടത്തുന്നതിലും സംഘം ഉൾപ്പെട്ടിരുന്നുവെന്ന് ഹസ്സൻ അബു ഷബാബ് സമ്മതിച്ചു. എന്നാൽ, ഹമാസിന് വിതരണം ചെയ്യുന്നതിനെന്നു കരുതുന്ന വാണിജ്യ ട്രക്കുകൾ മാത്രമേ തങ്ങൾ ലക്ഷ്യമിട്ടിരുന്നുള്ളൂ എന്നാണ് വാദം. അബു ഷബാബിന്റെ ആളുകളും ഹമാസും തമ്മിൽ മാരകമായ ഏറ്റുമുട്ടലുകളുടെ നിരവധി റിപ്പോർട്ടുകൾ വന്നിരുന്നു. ഈ ഏറ്റുമുട്ടലുകൾ ആരംഭിച്ചതിനുശേഷമാണ് ഹമാസിനെതിരായ പോരാട്ടങ്ങളിൽ ഉപയോഗിക്കുന്നതിനായി യാസർ അബു ഷബാബുമായി ഇസ്രായേൽ ഏകോപിച്ച് പണം, ഭക്ഷണം, തോക്കുകൾ, വാഹനങ്ങൾ എന്നിവ കടത്താൻ തുടങ്ങിയതെന്ന് ഹസ്സൻ പറയുന്നു. ഈ സാധനങ്ങൾ ഗസ്സയിലേക്ക് പ്രവേശിക്കുന്നതിന്, ഫലസ്തീൻ അതോറിറ്റി നടത്തുന്ന ഒരു ഏകോപന ഓഫിസിലേക്ക് അഭ്യർഥനകൾ നടത്തണമെന്നും തുടർന്ന് ഗസ്സയിലേക്കുള്ള സാധനങ്ങളുടെ പ്രവേശനം ഉറപ്പാക്കാൻ ഇസ്രായേലുമായും വിവിധ അറബ് രാജ്യങ്ങളുമായും അവർ ബന്ധപ്പെടുന്നുവെന്നും ഹസൻ പറഞ്ഞു.

ഈ ഓഫിസ് അടിസ്ഥാനപരമായി ഒരു ആശയവിനിമയ മുറിയാണെന്നുമാണ് ഹസ്സന്റെ വാദം. എന്നാലിത് പോപ്പുലർ ഫോഴ്‌സിന്റെ ഉപയോഗത്തിനായി പ്രത്യേകം തീർത്തതാണെന്നും കൂട്ടിച്ചേർത്തു. ഇത് തങ്ങൾക്ക് ആയുധങ്ങളും പണവും തങ്ങളുടെ ആളുകൾക്കും സേനക്കും ആവശ്യമായതെല്ലാം നൽകുന്നുവെന്നും ഹസ്സൻ പറഞ്ഞു.

എന്നാൽ, ഒരു സായുധ വിഭാഗത്തിന് നേരിട്ട് സഹായം നൽകുന്നത് മാനുഷിക തത്വങ്ങളുടെ പൂർണ ലംഘനമാണെന്ന് ‘ഉനർവ’യുടെ ഗസ്സ ഡയറക്ടർ സാം റോസ് പ്രതികരിച്ചു. ആവശ്യാനുസരണമുള്ള സഹായം എല്ലാവർക്കും നൽകണമെന്നും ഒരു സംഘർഷത്തിൽ ഒരു പക്ഷത്തിനും അനുകൂലമാകരുതെന്നും അത് നിർദേശിക്കുന്നു.


Tags:    
News Summary - Guns, cash, and cars galore; Rebel gang helping Israel inside Gaza; Sky News reveals shocking information

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.