‘ക്രിസ്മസിന് വൻ വെള്ളപ്പൊക്കം, ലോകം അവസാനിക്കും’; പത്ത് പേടകങ്ങളുണ്ടാക്കി ആൾ ദൈവം, വിശ്വസിച്ച് ഇറങ്ങിത്തിരിച്ച് വെട്ടിലായി അനുയായികൾ

അക്ര: ഡിസംബർ 25ന് വൻ ദുരന്തമുണ്ടായി ലോകം അവസാനിക്കുമെന്ന് പ്രഖ്യാപിച്ച ആൾ ദൈവത്തിന്‍റെ വാക്കും വിശ്വസിച്ച് ഇറങ്ങിത്തിരിച്ച വിശ്വാസികൾ വെട്ടിലായി. താൻ പ്രാർത്ഥിച്ച് അപേക്ഷിച്ചതിനാൽ ദുരന്തം തൽക്കാലത്തേക്ക് മാറ്റിവെച്ചിരിക്കുകയാണെന്നാണ് ആൾ ദൈവത്തിന്‍റെ ഇപ്പോഴത്തെ വിശദീകരണം. പശ്ചിമാഫ്രിക്കൻ രാജ്യമായ ഘാനയിലെ സ്വയം പ്രഖ്യാപിത ആൾ ദൈവം എബോ എനോക്ക് ആണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

Full View

ഡിസംബർ 25 മുതൽ എല്ലാം നശിപ്പിക്കുന്ന വലിയ വെള്ളപ്പൊക്കത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്ന ദിവ്യ സന്ദേശം തനിക്ക് ലഭിച്ചതായി മാസങ്ങൾക്ക് മുമ്പ് തന്നെ എബോ എനോക്ക് അവകാശപ്പെട്ടിരുന്നു. ആഗസ്റ്റിൽ ഇയാൾ പ്രസിദ്ധീകരിച്ച യൂട്യൂബ് വീഡിയോയിൽ, ക്രിസ്മസ് ദിനത്തിൽ ആരംഭിക്കുന്ന നിർത്താതെയുള്ള മഴ മൂന്ന് വർഷം തുടരുമെന്നാണ് പറഞ്ഞത്. വരാനിരിക്കുന്ന ദുരന്തത്തിൽനിന്ന് ജനങ്ങളെ രക്ഷിക്കാൻ പേടകങ്ങൾ നിർമ്മിക്കാൻ ദൈവം തന്നോട് നിർദേശിച്ചതായും ഇയാൾ അവകാശപ്പെട്ടിരുന്നു. തുടർന്ന് മരം കൊണ്ട് വലിയ ബോട്ടുകൾ നിർമിക്കുന്നതിന്‍റെ വീഡിയോകൾ ഇയാൾ യുട്യൂബിലും എക്സിലുമായി പ്രസിദ്ധീകരിച്ചു. പത്ത് വലിയ പേടകങ്ങൾ നിർമിച്ചുവെന്നാണ് പറഞ്ഞത്.

ഇതെല്ലാം കണ്ട് പലരും എബോ ഇനോക്കിന്‍റെ വാക്കുകൾ വിശ്വസിച്ചു. മാത്രമല്ല, ഘാനയുടെ ചില ഭാഗങ്ങളിൽ സമീപ മാസങ്ങളിൽ കനത്ത മഴ പെയ്തിരുന്നു. മോശം കാലാവസ്ഥ ജനങ്ങളുടെ ഉത്കണ്ഠ വർധിപ്പിച്ചു. നിരവധി പേർ എനോക്കിനെ വിശ്വസിക്കുകയും ചെയ്തു. ലോകാവസാനത്തെക്കുറിച്ച് പരിഭ്രാന്തി പരന്നതോടെ എനോക്കിന്‍റെ പേടകത്തിൽ കയറി രക്ഷപ്പെടണമെന്ന ലക്ഷ്യത്തോടെ നിരവധി ആളുകളാണത്രെ തീരദേശ പട്ടണമായ എൽമിനയിലേക്ക് യാത്ര ചെയ്തത്!

ഇത്തരത്തിൽ ലൈബീരിയയിൽനിന്ന് പുറപ്പെട്ട് ഘാനയിലെത്തി എൽമിനയിൽ കുടുങ്ങിയയാൾ ഇനി എന്തുചെയ്യണമെന്നറിയാതെ കരയുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വെള്ളപ്പൊക്കമുണ്ടാകുമെന്ന് വിശ്വസിച്ചെത്തിയ ഒരു കുടുംബം പേടകത്തിന് സമീപത്തേക്ക് താമസം മാറ്റി. ദുരന്തം മാറ്റിവെച്ചെന്ന വിവരം വന്നതോടെ രോഷാകുലനായ ഇദ്ദേഹം പേടകത്തിന് തീയിട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

‘താൻ കൂടുതൽ പ്രാർഥിച്ചതോടെ ദൈവീക ഇടപെടലുണ്ടാകുകയും ദുരന്തം മാറ്റിവെക്കപ്പെടുകയുമായിരുന്നു എന്നാണ് ആൾ ദൈവം പറയുന്നത്. ഞാൻ പ്രാർഥിച്ചു, ഉപവസിച്ചു, ദാനം ചെയ്തു, പണിയിച്ചു, എന്റെ പ്രാർഥനയിലൂടെ എനിക്ക് മറ്റൊരു ദർശനം ലഭിച്ചു. ആ ദർശനം ദൈവത്തിന്റെ ചില മഹാന്മാരുമായി പങ്കുവെച്ചു. അതിനാൽ, പത്ത് പേടകങ്ങൾക്ക് പുറമേ നമ്മളെയെല്ലാം ഉൾക്കൊള്ളാൻ കൂടുതൽ പേടകങ്ങൾ നിർമ്മിക്കാൻ ദൈവം ഞങ്ങൾക്ക് കുറച്ച് സമയം നൽകി. ഞാൻ ടിക്കറ്റ് വിൽക്കുന്നില്ല, ആരിൽ നിന്നും പണം വാങ്ങുന്നില്ല, അതിനാൽ ദയവായി വീട്ടിൽ തന്നെ തുടരുക...’ -എന്നാണ് എബോ എനോക്ക് പറയുന്നത്.

അനുയായികളിൽ നിന്ന് ഒരിക്കലും പണം വാങ്ങിയിട്ടില്ലെന്ന് എനോക്ക് അവകാശപ്പെട്ടിരുന്നു. എന്നാൽ, ഏകദേശം 89,000 ഡോളർ വിലയുള്ള മെഴ്‌സിഡസ് കാർ ഇയാൾ വാങ്ങിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. കാറിന്റെ ഫോട്ടോകൾ പുറത്തുവന്ന് വൈറലായതോടെ, പേടകം നിർമ്മിക്കാനുള്ള പദ്ധതിക്കായി നൽകിയ സംഭാവനകൾ ആഡംബര ജീവിതത്തിനായി ഉപയോഗിച്ചുവെന്ന് ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.

Tags:    
News Summary - Ghana Godman's end of world prophecy fails

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.