മുഹമ്മദ് ജവാദ് ഹുസൈനി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് മടങ്ങുന്നു
ന്യൂഡൽഹി: ഹുർമുസ് കടലിടുക്കിൽ ചരക്കുകപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യ ഔദ്യോഗികമായി പ്രതിഷേധം രേഖപ്പെടുത്തി. സംഭവത്തിൽ ഇറാൻ ഡെപ്യൂട്ടി അംബാസഡറെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി വിശദീകരണം തേടി.
ഒമാൻ തീരത്തിന് സമീപമുള്ള തെക്കൻ ഷിപ്പിങ് പാതയിൽ വെച്ചാണ് യു.എ.ഇയുടെ മൊംബാസ, അൽ ബഹിയ എന്നീ ടാങ്കറുകൾക്ക് നേരെ ഇറാൻ ക്രൂയിസ് മിസൈലുകൾ പതിച്ചത്. ഈ ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെടുകയും എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ ആറ് ഇന്ത്യക്കാരും രണ്ട് യുക്രെയ്ൻ പൗരന്മാരും ഉൾപ്പെടുന്നു. ഇതിൽ നാല് പേരുടെ നില ഗുരുതരമായി തുടരുകയാണെന്ന് യു.എ.ഇ അധികൃതർ അറിയിച്ചു.
ഇറാന്റെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ മുഹമ്മദ് ജവാദ് ഹുസൈനിയെയാണ് വിദേശകാര്യ മന്ത്രാലയം നേരിട്ട് വിളിച്ചുവരുത്തി രാജ്യത്തിന്റെ ആശങ്ക അറിയിച്ചത്. ഒമാന്റെ പ്രാദേശിക ജലാതിർത്തിയിൽ വെച്ചാണ് ടാങ്കറുകൾ ആക്രമിക്കപ്പെട്ടത്. തന്ത്രപ്രധാനമായ ജലപാതയിലൂടെ കടന്നുപോകുകയായിരുന്ന കപ്പലുകൾക്ക് നേരെയുണ്ടായ ഈ ആക്രമണത്തിൽ അടിയന്തര വിശദീകരണം നൽകണമെന്ന് ഇന്ത്യ ഇറാനോട് ആവശ്യപ്പെട്ടു. അന്താരാഷ്ട്ര കപ്പൽ ചാനലുകളിലെ സുരക്ഷാ ഭീഷണിയെക്കുറിച്ചും ഇന്ത്യൻ പൗരൻമാരുടെ ജീവന് നേരിടുന്ന അപകടാവസ്ഥയെക്കുറിച്ചും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി ഇറാനെ ധരിപ്പിച്ചിട്ടുണ്ട്. എന്നാൽ, ഈ കൂടിക്കാഴ്ചയെക്കുറിച്ച് ഡൽഹിയിലെ ഇറാൻ എംബസി ഇതുവരെ പരസ്യ പ്രതികരണത്തിന് തയാറായിട്ടില്ല.
അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര-സൈനിക സംഘർഷം പുതിയ തലങ്ങളിലേക്ക് കടക്കുന്നതിനിടെയാണ് ഹുർമുസ് കടലിടുക്ക് വീണ്ടും ആഗോളതലത്തിൽ വൻ ഭീഷണിയാകുന്നത്. ലോകത്തെ എണ്ണക്കടത്തിന്റെ മൂന്നിലൊന്നും കടന്നുപോകുന്ന അതീവ തന്ത്രപ്രധാനമായ ഈ ജലപാതയിലെ നേരിയ അനിശ്ചിതത്വം പോലും അന്താരാഷ്ട്ര എണ്ണ വിപണിയെയും ആഗോള ഇന്ധന വിതരണത്തെയും വൻ പ്രതിസന്ധിയിലാക്കും. ഇറാൻ പുതിയ നിയന്ത്രണങ്ങളുമായി മുന്നോട്ട് പോകുന്നതും വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളും അന്താരാഷ്ട്ര ഷിപ്പിങ് മേഖലയിലും ഇൻഷുറൻസ് നിരക്കുകളിലും വലിയ ആശങ്കകൾക്കാണ് വഴിതുറന്നിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.