‘ഒരു ചാക്ക് അരിക്ക് വേണ്ടി മരിക്കാൻ പോലും അവർ തയ്യാറാവുന്നു’: ഗസ്സ ആശുപത്രിയിലെ ഭീകരത വിവരിച്ച് ബ്രിട്ടീഷ് സർജൻ

ജൂൺ1ന് രാവിലെ തന്റെ 21 ദിവസത്തെ വളണ്ടിയർ സേവനത്തിന്റെ അവസാനത്തോടടുക്കവെയാണ് ഗസ്സയിൽ കർമനിരതയായ ഡോ. വിക്ടോറിയ റോസ്, ഒരു ഭക്ഷണ വിതരണ കേന്ദ്രത്തിനു സമീപം ഫലസ്തീനികൾക്കുനേരെ കൂട്ടത്തോടെ വെടിയുതർത്തിവെന്ന നടുക്കുന്ന വാർത്ത കേൾക്കുന്നത്. ബോസ്നിയ, ശ്രീലങ്ക എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് നേരത്തെ മാനുഷിക സഹായത്തിനായി മെഡിക്കൽ സംഘത്തെ അയച്ചിരുന്ന ലണ്ടനിലെ ഒരു മുതിർന്ന പ്ലാസ്റ്റിക് സർജനായ 53 കാരിയായ ഡോ. റോസ്, ഒരു ചെറിയ ബ്രിട്ടീഷ് ചാരിറ്റി സംഘവുമായി ഗസ്സയിലേക്കും എത്തിയതായിരുന്നു. 

ലണ്ടനിലേക്കു മടങ്ങിയ ശേഷം നൽകിയ ഒരു അഭിമുഖത്തിൽ തെക്കൻ ഗസ്സയി​ലെ നസർ ആശുപത്രിയിൽ ചെലവഴിച്ച മൂ​ന്നോളം ആഴ്ചകളിലെ കടുത്ത അനുഭവങ്ങൾ ഡോ. റോസ് പങ്കുവെച്ചു. ജൂൺ ഒന്നിന് ഡോ. റോസ് നേരെ നസർ ആശുപത്രിയിലെ എമർജൻസി റൂമിലേക്കാണെത്തിയത്. തെക്കൻ ഗസ്സയിൽ ഇപ്പോഴും പ്രവർത്തിക്കുന്ന അവസാനത്തെ പ്രധാന ആശുപത്രിയാണിത്. ‘ആംബുലൻസുകൾ വന്നുകൊണ്ടിരുന്നു. വാഹനങ്ങൾ ഇല്ലാത്തതിനാൽ കഴുതകൾ വലിക്കുന്ന വണ്ടികളിലും മരിച്ചവരെ എത്തിച്ചുകൊണ്ടിരുന്നു. രാവിലെ 10 മണിയോടെ തന്നെ ഞങ്ങൾക്ക് 20 ഓളം മൃതദേഹങ്ങൾ ലഭിച്ചു. വെടിയേറ്റ മുറിവുകളുമായി മറ്റു നൂറോളം പേരെത്തി. ഇതിനെയൊന്നും കൈകാര്യം ചെയ്യാനാവാത്ത കടുത്ത സമ്മർദ്ദത്തിലായിരുന്നു ഞങ്ങൾ. 

യുദ്ധസമയത്തു തന്നെ നേരത്തെ നടത്തിയ ​രണ്ട് യാത്രകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇസ്രായേലി ബോംബുകളിൽ നിന്ന് അതിജീവിക്കാനാവത്ത പൊള്ളലുകളുടെയും വൻ സ്ഫോടനത്തിൽ നിന്നുള്ള ഗുരുതരമായ പരിക്കുകളേറ്റവരുടെയും  എണ്ണം വളരെ ഏറിയിട്ടുണ്ടെന്ന് അവർ പറഞ്ഞു.  പല ശരീര ഭാഗങ്ങളും ചിതറിപ്പോയിട്ടുണ്ടായിരുന്നു. കാൽമുട്ടുകൾ ഇല്ലാതെയും കൈകാലുകൾ നഷ്ടപ്പെട്ടും കുട്ടികളെ അകത്തേക്കു കൊണ്ടുവന്നു.

അ​ന്നേ ദിവസം ഡോ. റോസ് ചികിത്സിച്ച എല്ലാ രോഗികളും ഭക്ഷണ വിതരണ കേന്ദ്രത്തിൽ നിൽക്കവെ ഇസ്രായേൽ സൈന്യം തങ്ങളെ വെടിവച്ചുവെന്ന് പറഞ്ഞു. ഭക്ഷണത്തിനായി ഓടിപ്പോകുന്നതിനിടെ ‘ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ’ എന്ന പേരിൽ വെടിവച്ചതായി നിരവധി ആളുകൾ പറഞ്ഞു. കാലുകളുടെ പിൻഭാഗത്തും വയറിലും വെടിയേറ്റ മുറിവുകളോടെയുള്ള അവരുടെ വിവരണങ്ങൾ അതിനോട് പൊരുത്തപ്പെടുന്നതായിരുന്നു. ഒരു ബാഗ് അരിക്കും അല്പം പാസ്തക്കും വേണ്ടി മരിക്കാൻ പോലും തയ്യാറുള്ള ഒരു അവസ്ഥയിലേക്ക് ഗസ്സയിലെ മനുഷ്യർ പതിതരാക്ക​പ്പെട്ടിരിക്കുന്നുവെന്ന് ഡോ. റോസ് പറയുന്നു.

ലണ്ടനിലെ ചെൽസി ആൻഡ് വെസ്റ്റ്മിൻസ്റ്റർ ഹോസ്പിറ്റലിൽ സീനിയർ പ്ലാസ്റ്റിക് സർജനായി ജോലി ചെയ്യുകയാണ് ഡോ. റോസ്. കഴിഞ്ഞ 14 മാസത്തിനിടെ ഗസ്സയിലേക്കുള്ള മൂന്ന് യാത്രകളിൽ നേരിട്ട കഷ്ടപ്പാടുകളുടെ വ്യാപ്തി അതൊന്നും താങ്ങാൻ തന്നെ പ്രാപ്തയാക്കിയില്ലെന്നും മരണങ്ങളുടെയും പരിക്കുകളുടെയും ഇത്രയും  തീവ്രത താൻ മുമ്പൊരിക്കലും കണ്ടിട്ടില്ലെന്നും അവർ പറഞ്ഞു.

ജൂൺ 3നും ഇസ്രായേൽ സൈന്യം ഭക്ഷണത്തിനായി നിൽക്കുന്നവർക്കുന്ന ചിലർക്കുനേരെ വെടിയുതിർത്തു. എന്നാൽ, ജൂൺ 1 ന് ഭക്ഷണ വിതരണ സ്ഥലത്തോ അതിന്റെ തൊട്ടടുത്തോ അങ്ങനെയൊരു സംഭവം നടന്നുവെന്നത് തങ്ങൾ നിഷേധിക്കുന്നുവെന്നായിരുന്നു അമേരിക്കൽ പിന്തുണയോടെ സഹായ വിതരണം നടത്തുന്ന ഗസ്സ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷന്റെ പ്രസ്താവന. മെയ് 26ന് ഈ സംരംഭം ആരംഭിച്ചതിനുശേഷം അതിന്റെ പ്രവർത്തനങ്ങൾക്കിടെ പരിക്കുകളോ മരണങ്ങളോ ഉണ്ടായിട്ടില്ലെന്നും അവർ നിഷേധിച്ചു. ഗസ്സ ഒരു സജീവ യുദ്ധമേഖലയാണ്. തങ്ങളുടെ വിതരണ സ്ഥലങ്ങൾക്ക് പുറത്തുള്ള പ്രദേശം ജി.എച്ച്.എഫ് നിയന്ത്രിക്കുന്നില്ല എന്നും അവർ കൂട്ടിച്ചേർത്തു.

സംഭവം വാർത്തകളിലൂടെ പുറംലോകമറിഞ്ഞപ്പോൾ സഹായ വിതരണ കേന്ദ്രങ്ങളെ സമീപിക്കുന്ന സാധാരണക്കാർക്ക് നേരെയുണ്ടായ ‘അപകടകരമായ സംഭവങ്ങളെക്കുറിച്ചുള്ള സമീപകാല റിപ്പോർട്ടുകൾ’ അന്വേഷിക്കുകയാണെന്നാണ് ഇസ്രായേൽ സൈന്യം പറഞ്ഞത്. നിയമത്തിൽ നിന്നോ ഐ.ഡി.എഫ് നിർദേശങ്ങളിൽ നിന്നോ വ്യതിചലിച്ചതായി എന്തെങ്കിലും ആരോപണം ഉണ്ടെങ്കിൽ അത് സമഗ്രമായി പരിശോധിക്കുമെന്നും അവർ അവകാശ​പ്പെട്ടു.

Tags:    
News Summary - Gazans ‘prepared to die for a bag of rice’: UK surgeon recounts horror at Gaza hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.