യുദ്ധം കാരണം വാക്സിൻ മുടങ്ങി; ഗസ്സയിൽ പിഞ്ചുകുഞ്ഞിന് പോളിയോ

ഗസ്സ: ഇസ്രായേൽ ആക്രമണത്തിൽ സർവതും നശിച്ച ഗസ്സ പോളിയോ പകർച്ചവ്യാധി ഭീതിയിൽ. മേഖലയിൽ 25 വർഷത്തിനു ശേഷം ആദ്യമായി പോളിയോ രോഗബാധ സ്ഥിരീകരിച്ചു. ഫലസ്തീൻ ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. വാക്സിൻ സ്വീകരിക്കാത്ത 10 മാസം പ്രായമുള്ള കുട്ടിയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. മൂന്നു കുട്ടികൾക്ക് രോഗം ബാധിച്ചതായാണ് സംശയിച്ചത്.

ജോർഡനിൽ നടത്തിയ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയതെന്നും ഫലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. ആക്രമണം ഉടൻ നിർത്തിവെച്ച് കുട്ടികൾക്ക് വാക്സിൻ നൽകാനുള്ള സൗകര്യമൊരുക്കണമെന്ന് യു.എൻ ഏജൻസികളായ ലോകാരോഗ്യ സംഘടനയും യൂനിസെഫും ആവശ്യപ്പെട്ടു.

ജൂണിൽ പരിശോധനക്കെടുത്ത മലിനജലത്തിൽ ടൈപ് രണ്ട് പോളിയോ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. വരുന്ന ആഴ്ചകളിൽ 6.40 ലക്ഷം കുട്ടികൾക്ക് വാക്സിൻ നൽകാൻ ഐക്യരാഷ്ട്ര സഭ ഏജൻസികൾ തയാറെടുക്കുന്നതിനിടയിലാണ് രോഗം സ്ഥിരീകരിച്ചത്.

എന്നാൽ, ചുരുങ്ങിയത് ഏഴ് ദിവസമെങ്കിലും വെടിനിർത്താതെ ഇത്രയും കുട്ടികൾക്ക് വാക്സിൻ നൽകുക സാധ്യമല്ലെന്നാണ് ലോകാരോഗ്യ സംഘടനയും യൂനിസെഫും പറയുന്നത്. വെടിനിർത്തൽ പ്രാബല്യത്തിലായാൽ മാത്രമേ ആരോഗ്യപ്രവർത്തകർക്ക് ഗസ്സയിലൂടെ സ്വതന്ത്രമായി സഞ്ചരിക്കാൻ സാധിക്കൂ.

വരുന്ന ആഴ്ചകളിലോ മാസത്തിലോ മേഖലയിൽ പോളിയോ പടർന്നുപിടിക്കാനുള്ള സാഹചര്യം മുൻകൂട്ടിക്കണ്ട് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തയാറെടുക്കുകയാണെന്ന് കെയർ ഇന്റർനാഷനലിലെ ഗസ്സ റെസ്‌പോൺസ് ഡയറക്ടർ ഫ്രാൻസിസ് ഹ്യൂസ് പറഞ്ഞു.

രണ്ട് ഘട്ടമായി ഗസ്സയിൽ വാക്സിനേഷൻ കാമ്പയിൻ നടത്താനാണ് യു.എൻ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഗസ്സയിലേക്ക് 1.6 ദശലക്ഷം ഡോസ് പോളിയോ വാക്സിൻ എത്തിക്കും. സന്നദ്ധ സംഘടനയായ മേഴ്സി കോർപ്സിന്റെ കണക്കുപ്രകാരം ഗസ്സ ഏറ്റുമുട്ടൽ തുടങ്ങിയശേഷം ജനിച്ച 50,000ത്തോളം കുഞ്ഞുങ്ങൾക്ക് പോളിയോ പ്രതിരോധ കുത്തിവെപ്പ് നൽകിയിട്ടില്ല.

Tags:    
News Summary - Gaza records first polio case as UN calls for truce to tackle virus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.