കൊളംബിയ യൂനിവേഴ്സിറ്റിക്കു മുന്നിൽ വിദ്യാർഥികൾ ഉയർത്തിയ പ്രതിഷേധ തമ്പുകൾ

ഗസ്സ: യു.എസ് വാഴ്സിറ്റികളിൽ പ്രക്ഷോഭം പടരുന്നു; കൂട്ട അറസ്റ്റ്

വാഷിങ്ടൺ: ഗസ്സയിലെ ഇസ്രായേൽ വംശഹത്യക്കെതിരെ കൊളംബിയ സർവകലാശാലയിൽ തുടക്കമിട്ട വിദ്യാർഥി പ്രക്ഷോഭം യു.എസിലെ ഒട്ടുമിക്ക ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പിടിച്ചുലക്കുന്നു. ന്യൂയോർക് യൂനിവേഴ്സിറ്റിയിൽ പ്രതിഷേധവുമായി തമ്പടിച്ച വിദ്യാർഥികളെ കൂട്ടമായി പൊലീസ് അറസ്റ്റ് ചെയ്തു. കൊളംബിയ യൂനിവേഴ്സിറ്റിയിൽ 100ലേറെ വിദ്യാർഥികളെ അറസ്റ്റ് ചെയ്തത് കടുത്ത പ്രതിഷേധത്തിനിടയാക്കിയതിനു പിന്നാലെയാണ് മറ്റൊരു യൂനിവേഴ്സിറ്റിയിലും സമാനമായി പൊലീസ് നടപടി.

കൊളംബിയയിൽ പ്രശ്നം നിയന്ത്രണാതീതമായതിനാൽ തിങ്കളാഴ്ചയും പഠനമുടക്കം തുടർന്നു. പെസഹ ദിനത്തിൽ തുടക്കം കുറിച്ച പ്രക്ഷോഭങ്ങളിൽ പങ്കെടുത്തവർ ഇസ്രായേലുമായി സഹകരണവും പിന്തുണയും അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. പലയിടത്തും പ്രക്ഷോഭം ജൂതവിരുദ്ധ സമരമായി മാറുന്നത് അധികൃതരെ കുഴക്കുകയാണ്. കൊളംബിയ യൂനിവേഴ്സിറ്റി പ്രസിഡന്റ് ഡോ. നിമത് ഷെഫീഖിന്റെ രാജി ആവശ്യപ്പെട്ട് ഇസ്രായേൽ അനുകൂല ഡെമോക്രാറ്റ്, റിപ്പബ്ലിക്കൻ അംഗങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. ഒരാഴ്ച മുമ്പ് കൊളംബിയ യൂനിവേഴ്സിറ്റിയിൽ വിദ്യാർഥികൾ ഉയർത്തിയ തമ്പ് പ്രതിഷേധ സൂചകമായി ഉയർന്നതിനു പിന്നാലെയാണ് പ്രസിഡന്റിനെതിരെ നീക്കം.

യേൽ യൂനിവേഴ്സിറ്റിയിലും പ്രതിഷേധക്കാരെ പൊലീസ് കൂട്ടമായി അറസ്റ്റ് ചെയ്തുനീക്കി. മസാചുസറ്റ്സ്, ഹാർവാർഡ് കാമ്പസുകളിൽ സമരം പടരാതിരിക്കാൻ മുൻകരുതൽ നടപടികൾ ഊർജിതമാക്കിയിട്ടുണ്ട്. ഹാർവാർഡിലെ ഫലസ്തീൻ ഐക്യദാർഢ്യ സമിതി പിരിച്ചുവിട്ടു. മസാചുസറ്റ്സിനു കീഴിലെ എമേഴ്സൺ കോളജ്, ടഫ്റ്റ്സ് യൂനിവേഴ്സിറ്റി തുടങ്ങി കൂടുതൽ സ്ഥാപനങ്ങളിലേക്ക് സമരം വ്യാപിക്കുന്നത് ബൈഡൻ ഭരണകൂടത്തിനെതിരായ പൊതുവികാരം ഉണർത്തുമെന്ന ആശങ്കയും ഉയർത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം കൊളംബിയയിൽ അറസ്റ്റിലായ പ്രക്ഷോഭകരിൽ 15 ജൂത വിദ്യാർഥികളുമുണ്ടായിരുന്നു. അതിനിടെ, സെമിറ്റിക് വിരുദ്ധതയും ഇതോടൊപ്പം വ്യാപിക്കുന്നതിനെതിരെ കഴിഞ്ഞ ദിവസം വൈറ്റ്ഹൗസ് ശക്തമായി പ്രതികരിച്ചിരുന്നു.

Tags:    
News Summary - Gaza: Protest Spreads at US Universities; Mass arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.