ഗസ്സയിലെ ഭക്ഷണ വിതരണ കേന്ദ്രത്തിൽ കാത്തുനിൽക്കുന്നവർ
ഗസ്സ: ഫലസ്തീനികളെ വളഞ്ഞുവെച്ച് പട്ടിണിക്കിട്ട് കൊല്ലുന്ന ഇസ്രായേൽ ക്രൂരതക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. വ്യാഴാഴ്ച രണ്ടുപേർ കൂടി പട്ടിണി കാരണം മരിച്ചതോടെ ആകെ പട്ടിണി മരണം 115 ആയി. പട്ടിണി കിടന്ന് എല്ലും തോലുമായ ഫലസ്തീനി കുട്ടികളുടെ ചിത്രങ്ങൾ നിരവധി പ്രമുഖർ പങ്കുവെച്ചു. ഗസ്സയിലേക്കുള്ള സഹായ വസ്തുക്കൾ ഇസ്രായേലിന്റെ അനുമതി തേടി റഫ അതിർത്തിയിൽ ദിവസങ്ങളായി കാത്തുകെട്ടിക്കിടക്കുകയാണ്. 24 ലക്ഷത്തോളം ജനസംഖ്യയുള്ള ഗസ്സയിൽ കൂട്ട പട്ടിണി മരണം ഒഴിവാക്കാൻ ആഴ്ചയിൽ അഞ്ചുലക്ഷം ബാഗ് ധാന്യമെങ്കിലും എത്തേണ്ടതുണ്ട്.
ദിവസങ്ങളായി ഭക്ഷണം കഴിക്കാത്ത കുട്ടികളുടെ വിശപ്പ് സഹിക്കാതെയുള്ള കരച്ചിൽ സഹിക്കാൻ കഴിയില്ലെന്ന് ദൈർ അൽ ബലാഹിൽനിന്ന് അൽ ജസീറ റിപ്പോർട്ടർ എഴുതി. തങ്ങൾ മുമ്പും പട്ടിണി കിടന്നിട്ടുണ്ടെങ്കിലും ഇതുപോലൊരു ഭീകരാവസ്ഥ ഉണ്ടായിട്ടില്ലെന്ന് ഫലസ്തീനികൾ പ്രതികരിച്ചു. 24 മണിക്കൂറിനിടെ 17 ഗസ്സക്കാർ കൂടി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇതുവരെ ഗസ്സയിൽ കൊല്ലപ്പെട്ട ഫലസ്തീനികൾ 59,219 ആയി. 1,43,045 പേർക്ക് പരിക്കേറ്റു.
അതിനിടെ കൊടുംക്രൂരതക്കെതിരെ ഒടുവിൽ ഇസ്രായേലിലെ ഡോക്ടർമാരുടെ സംഘടനയായ ഇസ്രായേൽ മെഡിക്കൽ അസോസിയേഷനും രംഗത്തെത്തി. ആശുപത്രികൾ തകർക്കുന്നതും മരുന്നും ജീവൻരക്ഷാ ഉപകരണങ്ങളും നിഷേധിക്കുന്നതും ഭക്ഷണം തേടി എത്തുന്നവരെ വെടിവെച്ചുകൊല്ലുന്നതും മെഡിക്കൽ എത്തിക്സിന്റെയും അന്താരാഷ്ട്ര നിയമങ്ങളുടെയും ഗുരുതരമായ ലംഘനമാണെന്ന് ഐ.എം.എ ചൂണ്ടിക്കാട്ടി.
ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ്, സൈനിക മേധാവി മേജർ ജനറൽ ഇയാൽ സമീർ എന്നിവർക്ക് സംഘടന കത്തെഴുതി. ഐ.എം.എയുമായുള്ള ബന്ധം വിച്ഛേദിക്കാൻ ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ (ബി.എം.എ) അടുത്തിടെ തീരുമാനിച്ചതും അന്താരാഷ്ട്രതലത്തിൽ ഉയരുന്ന സമ്മർദവും കണക്കിലെടുത്താണ് ഐ.എം.എയുടെ ഇടപെടൽ. ഇസ്രായേലിനെ ഉപരോധിക്കുകയും ആയുധ കയറ്റുമതി നിർത്തിവെക്കുകയും വേണമെന്ന് 60ലേറെ യൂറോപ്യൻ യൂനിയൻ പാർലമെന്റംഗങ്ങൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.