ഗസ്സയിൽ ഇസ്രായേൽ ബോംബാക്രമണത്തിൽ തകർന്ന അഭയാർഥി ക്യാമ്പിൽ ഫലസ്തീനികൾ
ഗസ്സ: ഇസ്രായേൽ ഗസ്സയെ കുട്ടികളുടെയും പട്ടിണിക്കാരുടെയും ശവപ്പറമ്പാക്കുകയാണെന്ന് ഫലസ്തീൻ അഭയാർഥികൾക്കായുള്ള യു.എൻ ഏജൻസി മേധാവി ഫിലിപ്പ് ലസറിനി പറഞ്ഞു. ഭക്ഷണ വിതരണ കേന്ദ്രത്തിൽ ഒമ്പത് കുട്ടികളെ വെടിവെച്ച് കൊന്ന പുതിയ സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പട്ടിണി കിടന്ന് മരിക്കുക അല്ലെങ്കിൽ വെടികൊണ്ട് മരിക്കുക എന്നീ രണ്ട് വഴികളേ ഗസ്സക്കാർക്ക് മുന്നിൽ ഉള്ളൂവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ടുമാസത്തിനിടെ ഗസ്സയിലെ ഭക്ഷണ വിതരണ കേന്ദ്രങ്ങളിൽ 798 ഫലസ്തീനികളാണ് കൊല്ലപ്പെട്ടതെന്ന് യു.എൻ മനുഷ്യാവകാശ ഓഫിസ് വ്യക്തമാക്കുന്നു. ഇതിൽ 615 പേർ ഇസ്രായേലിന്റെയും അമേരിക്കയുടെയും പിന്തുണയോടെ നടത്തുന്ന ഗസ്സ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷന്റെ വിതരണ കേന്ദ്രത്തിലാണ് കൊല്ലപ്പെട്ടത്. പട്ടിണിയെ ആയുധമാക്കി വംശഹത്യയാണ് ഇസ്രായേൽ ഗസ്സയിൽ നടപ്പാക്കുന്നതെന്നാണ് വിമർശനം.
24 മണിക്കൂറിനിടെ 18 ഫലസ്തീനികളെക്കൂടി ഗസ്സയിൽ ഇസ്രായേൽ സൈന്യം കൊലപ്പെടുത്തി. 60 പേർക്കുകൂടി പരിക്കേറ്റു. പത്തുപേർ ഭക്ഷണ വിതരണ കേന്ദ്രത്തിൽ വെടിയേറ്റാണ് കൊല്ലപ്പെട്ടത്. ഗസ്സക്കാരെ റഫയിലേക്ക് ആട്ടിപ്പായിച്ച് കോൺസെൻട്രേഷൻ ക്യാമ്പിന് സമാനമായ അവസ്ഥയിൽ തള്ളാൻ ഇസ്രായേൽ പദ്ധതിയിടുന്നതായും റിപ്പോർട്ടുണ്ട്. റഫയിലെ തകർന്ന കെട്ടിടാവശിഷ്ടങ്ങൾ നീക്കുന്ന പ്രവർത്തനങ്ങളാണ് ഈ സംശയം ബലപ്പെടുത്തുന്നത്.
അതിനിടെ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു യു.എസ് സന്ദർശനം കഴിഞ്ഞ് മടങ്ങി. വെടിനിർത്തൽ സംബന്ധിച്ച് വ്യക്തമായ പ്രഖ്യാപനമൊന്നും നടത്താതെയാണ് അദ്ദേഹത്തിന്റെ മടക്കം. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ച രണ്ടുമാസത്തെ വെടിനിർത്തൽ നിർദേശത്തിൽ ഖത്തറിൽ ചർച്ച തുടരുകയാണ്. യുദ്ധക്കുറ്റവാളിയായ നെതന്യാഹു സമാധാന നീക്കങ്ങൾക്ക് ഉടക്കിടുകയാണെന്ന് ഹമാസ് നേതാക്കൾ ടെലഗ്രാമിൽ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.