ജി 7 ഉച്ചകോടിക്കിടെ മാർപാപ്പയുമായി സംസാരിക്കുന്ന പ്രധാനമന്ത്രി മോദി
ലോക നേതാക്കളെയും മാർപാപ്പയെയും കണ്ട് മോദി; യുക്രെയ്ന് കൂടുതൽ സഹായവുമായി ജി-7 ഉച്ചകോടി
റോം: സമ്പന്ന രാജ്യങ്ങളുടെ കൂട്ടായ്മയായ ജി7 ഉച്ചകോടിയുടെ രണ്ടാം ദിനത്തിൽ ചർച്ചയായത് കുടിയേറ്റവും ഇന്തോ-പസിഫിക് മേഖലയിലെ വിഷയങ്ങളും സാമ്പത്തിക സുരക്ഷിതത്വവും. ഒപ്പം യുദ്ധം തുടരുന്ന സാഹചര്യത്തിൽ റഷ്യയെ ചെറുക്കാൻ യുക്രെയ്നെ കൈയയച്ച് സഹായിക്കാനുള്ള തീരുമാനവുമുണ്ടായി. കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, യു.കെ, അമേരിക്ക എന്നീ രാജ്യങ്ങളുടെ തലവന്മാരാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. ആഫ്രിക്ക, ഇന്തോ-പസിഫിക് മേഖലയിൽനിന്നുള്ള നേതാക്കളും ക്ഷണിതാക്കളായി പങ്കെടുക്കുന്നുണ്ട്.
ക്ഷണിതാവായി എത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇറ്റലിയിലെ ഇന്ത്യൻ അംബാസഡർ വാണി റാവുവിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. മൂന്നാം തവണ അധികാരമേറ്റ ശേഷം മോദിയുടെ ആദ്യ അന്താരാഷ്ട്ര പരിപാടിയാണിത്. ഉച്ചകോടിയുടെ ആദ്യദിനം പൂർണമായി റഷ്യ-യുക്രെയ്ൻ യുദ്ധത്തിലായിരുന്നു ചർച്ച. ഇതിനുപിന്നാലെ യുക്രെയ്ന് 5000 കോടി ഡോളറിന്റെ വായ്പ അനുവദിക്കാനുള്ള യു.എസ് നിർദേശം നേതാക്കൾ അംഗീകരിച്ചു. റഷ്യയുടെ മരവിപ്പിച്ച സ്വത്തുവകകൾ ഉപയോഗിച്ചായിരിക്കും തുക കണ്ടെത്തുന്നത്. ഇത് റഷ്യൻ പ്രസിഡന്റ് വ്ലാദ്മിർ പുടിനുള്ള ശക്തമായ സന്ദേശമായിരിക്കുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ എന്നിവരുമായി മോദി ചർച്ച നടത്തി. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനുള്ള കാര്യങ്ങളാണ് ചർച്ചയായത്. ഉച്ചകോടിയിലെത്തിയ ഫ്രാൻസിസ് മാർപാപ്പയെ പ്രധാനമന്ത്രി മോദി ആലിംഗനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.