(photo: Mohammed Dahman /AP)
ഗസ്സ: ഇസ്രായേൽ വ്യോമാക്രമണം തുടരുമ്പോൾ കരുതൽ ഇന്ധനവും തീർന്ന് വൈദ്യുതിയില്ലാതെ ഗസ്സയിലെ ആശുപത്രികൾ പൂർണ സ്തംഭനത്തിലേക്ക്. അടിയന്തര നടപടിയുണ്ടായില്ലെങ്കിൽ ഗസ്സ കൂട്ടമരണത്തിന് സാക്ഷ്യംവഹിക്കേണ്ടിവരുമെന്ന് ഫലസ്തീൻ ആരോഗ്യമന്ത്രാലയ വക്താവ് ഡോ. അശ്റഫ് അൽ ഖുദ്റ പറഞ്ഞു. 344 കുട്ടികൾ ഉൾപ്പെടെ ഗസ്സയിൽ ബുധനാഴ്ച 756 പേർ കൊല്ലപ്പെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ആകെ കൊല്ലപ്പെട്ടവർ 6546 ആയി.
അതേസമയം, ഇസ്രായേൽ വിനോദസഞ്ചാരകേന്ദ്രമായ ഈലാത്തിലേക്ക് ഹമാസ് ദീർഘദൂര റോക്കറ്റാക്രമണം നടത്തി. ഗസ്സയിൽനിന്നും 220 കിലോമീറ്റർ അകലെയാണ് ഈലാത്തിലാണ് ഖസ്സാം ബ്രിഗേഡ് ആക്രമണം നടത്തിയത്. ആക്രമണത്തിൽ ആർക്കും പരിക്കില്ല. മിസൈൽ ആക്രമണം ഇസ്രായേൽ മാധ്യമങ്ങളും സ്ഥിരീകരിച്ചു. അയ്യാശ് 250 മിസൈൽ ആണ് അയച്ചതെന്ന് ഖസ്സാം ബ്രിഗേഡ് അറിയിച്ചു. ഹൈഫ, എലാത്ത് നഗങ്ങളാണ് ലക്ഷ്യംവെച്ചതെന്നും ഹമാസ് സായുധവിഭാഗം വ്യക്തമാക്കി.
ഭക്ഷണവും വെള്ളവും മരുന്നും നിഷേധിച്ച് ഗസ്സയിൽ ആയിരങ്ങളെ പട്ടിണിക്കിട്ട് കൊല്ലാനാണ് ഇസ്രായേൽ നീക്കമെന്ന് കെനിയ ആസ്ഥാനമായ സന്നദ്ധ സംഘടന കൂട്ടായ്മയായ ഓക്സ്ഫാം. ഗസ്സയിൽ സാധാരണ എത്തുന്ന ഭക്ഷ്യവസ്തുക്കളുടെ രണ്ടു ശതമാനം മാത്രമാണ് യുദ്ധം തുടങ്ങിയശേഷം വിതരണം ചെയ്തതെന്നും കൂട്ടായ്മ പറയുന്നു. ഗസ്സയിലെ 50,000ത്തോളം ഗർഭിണികൾ ചികിത്സ ലഭിക്കാതെ ദുരിതമനുഭവിക്കുകയാണെന്നും പ്രതിദിനം പിറക്കുന്ന 150ഓളം കുഞ്ഞുങ്ങൾക്ക് മതിയായ പരിചരണം ലഭിക്കുന്നില്ലെന്നും യു.എൻ പോപ്പുലേഷൻ ഫണ്ട് പ്രതിനിധി ഡൊമിനിക് അലൻ പറഞ്ഞു.
യു.എസ് അഭ്യർഥന പ്രകാരം ഗസ്സക്കു മേലുള്ള കരയാക്രമണം വൈകിപ്പിക്കാൻ ഇസ്രായേൽ സമ്മതിച്ചതായി യു.എസ് മാധ്യമമായ വാൾ സ്ട്രീറ്റ് ജേണൽ ബുധനാഴ്ച രാത്രി റിപ്പോർട്ട് ചെയ്തു. പശ്ചിമേഷ്യയിലെ തങ്ങളുടെ സേനാവിന്യാസത്തിന് സുരക്ഷ ഉറപ്പാക്കുന്നതിനുള്ള വ്യോമ പ്രതിരോധ സംവിധാനങ്ങൾ സ്ഥാപിക്കുന്നതുവരെ കരയധിനിവേശം വൈകിപ്പിക്കാനാണ് യു.എസ് അഭ്യർഥിച്ചത്. സിറിയയുമായും ഇറാനുമായും സംഘർഷം മുന്നിൽ കണ്ടാണ് ഈ മുൻകരുതലെന്നും റിപ്പോർട്ടുണ്ട്.
യു.എൻ രക്ഷാസമിതി മന്ത്രിതല യോഗത്തിലെ വെടിനിർത്തൽ നിർദേശം തള്ളിയ ഇസ്രായേൽ, ഹമാസിനെ വേരോടെ പിഴുതെറിയുംവരെ ആക്രമണം നടത്തുമെന്ന് പ്രഖ്യാപിച്ചു. ഹമാസിനെ ‘നവ നാസി’കളെന്ന് വിശേഷിപ്പിച്ച ഇസ്രായേൽ വിദേശകാര്യ മന്ത്രി ഏലി കോഹൻ അവരെ നശിപ്പിക്കേണ്ടത് ഇസ്രായേലിന്റെ ബാധ്യതയാണെന്നും അഭിപ്രായപ്പെട്ടു. പൂർണ വെടിനിർത്തലിനോട് യോജിപ്പില്ലെങ്കിലും ഗസ്സയിലേക്ക് സഹായമെത്തിക്കാൻ ആക്രമണത്തിന് താൽക്കാലിക ഇടവേള നൽകണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് നിർദേശിച്ചു. ഹമാസ് ബന്ദികളാക്കിയ കൂടുതൽ പേരെ മോചിപ്പിക്കുന്നത് സംബന്ധിച്ച് ചർച്ച നടക്കുകയാണെന്ന് ഖത്തർ അറിയിച്ചു.
ലബനാനിൽ ഹിസ്ബുല്ല- ഹമാസ്- ഇസ്ലാമിക് ജിഹാദ് ചർച്ച. ഹിസ്ബുല്ലയുടെ സയ്യിദ് ഹസൻ നസ്റുല്ല, ഹമാസ് ഉപമേധാവി സാലിഹ് അൽ അറൂരി, ഇസ്ലാമിക് ജിഹാദ് മേധാവി സിയാദ് അൽ നഖാല എന്നിവർ കൂടിക്കാഴ്ച നടത്തി. ഇസ്രായേലിനെതിരെ സമ്പൂർണ വിജയമാണ് ലക്ഷ്യമെന്നും ‘അൽഅഖ്സ ഫ്ലഡ്’ ഓപറേഷന്റെ സംഭവ വികാസങ്ങളും ലബനാൻ അതിർത്തിയിലെ സംഘട്ടനങ്ങളും ചർച്ചയായെന്നും ഹിസ്ബുല്ല പുറത്തുവിട്ട ഔദ്യോഗിക വാർത്തക്കുറിപ്പ് പറയുന്നു.
ഗസ്സയിൽ അടിയന്തരമായി വെടിനിർത്താൻ അന്താരാഷ്ട്ര സമൂഹം കൂടുതൽ സമ്മർദം ചെലുത്തണമെന്ന് അമ്മാനിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായുള്ള കൂടിക്കാഴ്ചക്കുശേഷം ജോർഡൻ രാജാവ് അബ്ദുല്ല ആവശ്യപ്പെട്ടു.
ഹമാസ് ഭീകരസംഘടനയല്ലെന്നും സ്വന്തം രാജ്യത്തെയും പൗരന്മാരെയും സംരക്ഷിക്കാൻ പൊരുതുന്ന സ്വാതന്ത്ര്യപ്പോരാളികളാണെന്നും തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ പറഞ്ഞു. ഗസ്സയിലെ ആക്രമണത്തെ അപലപിച്ച അദ്ദേഹം ഇസ്രായേൽ സന്ദർശനം റദ്ദാക്കിയതായും അറിയിച്ചു.
ഗസ്സയിലെ കൂട്ടക്കൊലക്ക് നേതൃത്വം നൽകുന്നത് അമേരിക്കയാണെന്ന് ഇറാൻ ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനഈ. നിരപരാധികളായ കുട്ടികളുടെയും സ്ത്രീകളുടെയും രോഗികളുടെയും രക്തംകൊണ്ട് പാപപങ്കിലമാണ് അവരുടെ കൈകളെന്നും അലി ഖാംനഈ കുറ്റപ്പെടുത്തി.
ഇസ്രായേൽ വീണ്ടും സിറിയയിൽ വ്യോമാക്രമണം നടത്തി. അലപ്പോ വിമാനത്താവള റൺവേ വീണ്ടും തകർന്നതായും എട്ടു സൈനികർ കൊല്ലപ്പെട്ടതായും സിറിയൻ ഗതാഗത മന്ത്രാലയ വക്താവ് സുലൈമാൻ ഖലീൽ അറിയിച്ചു. ഒരാഴ്ചക്കിടെ രണ്ടാംതവണയാണ് ഇസ്രായേൽ സിറിയയെ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.