പാരിസ്: ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ ഫലസ്തീനെ ഒരു രാഷ്ട്രമായി അംഗീകരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ഇത് മേഖലയിൽ സമാധാനം സ്ഥാപിക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും എന്നാൽ, ഇസ്രായേലിൽ നിന്ന് ഉടനടിയുള്ള എതിർപ്പ് നേരിടേണ്ടിവരുമെന്നും മാക്രോൺ കൂട്ടിച്ചേർത്തു.
‘എക്സി’ലൂടെ തന്റെ തീരുമാനം പ്രഖ്യാപിച്ച മാക്രോൺ, ഫലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന് അയച്ച കത്തും ഒപ്പം പുറത്തുവിട്ടു. ഫലസ്തീനെ അംഗീകരിച്ചുകൊണ്ട് മുന്നോട്ട് പോകാനും മറ്റ് പങ്കാളികളെ അത് പിന്തുടരാൻ പ്രേരിപ്പിക്കാനും ഫ്രാൻസിന്റെ ഉദ്ദേശ്യം അദ്ദേഹം വ്യക്തമാക്കി.
‘മധ്യപൂർവദേശത്ത് നീതിയുക്തവും സ്ഥിരതയുമുള്ള സമാധാനത്തിനുവേണ്ടിയുള്ള ചരിത്രപരമായ പ്രതിബദ്ധതക്ക് ഫ്രാൻസ് ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് തീരുമാനിച്ചു’ എന്നായിരുന്നു മാക്രോണിന്റെ വാക്കുകൾ. അടുത്ത സെപ്റ്റംബറിൽ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ താൻ ഈ ഗൗരവമേറിയ പ്രഖ്യാപനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അങ്ങനെയെങ്കിൽ യൂറോപ്പിലെ ഏറ്റവും വലിയ ജൂത-മുസ്‍ലിം സമൂഹങ്ങളുടെ ആസ്ഥാനമായ ഫ്രാൻസ്, പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്ന ആദ്യത്തെ പ്രധാന പാശ്ചാത്യ രാജ്യമായി മാറും. ഇതുവരെ ഇസ്രായേലിനെ ശക്തമായി വിമർശിക്കുന്ന ചെറു രാജ്യങ്ങളുടെ കൂട്ടായ്മക്ക് കൂടുതൽ കരുത്തു നൽകുന്ന നീക്കമായിരിക്കും ഇതെന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്.
എന്നാൽ, ഫ്രാൻസിന്റെ പ്രഖ്യാപനത്തോടെ രോഷത്തിലാണ് ഇസ്രായേൽ. പ്രതികരണവുമായി പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു തന്നെ രംഗത്തെത്തി. ഇത്തരമൊരു നീക്കം ഭീകരതക്ക് പ്രതിഫലം നൽകുകയും മറ്റൊരു ഇറാനിയൻ ‘പ്രോക്സി’യെ സൃഷ്ടിക്കാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു എന്ന് മാക്രോണിന്റെ തീരുമാനത്തെ അപലപിച്ചു.
‘ഈ സാഹചര്യങ്ങളിൽ ഒരു ഫലസ്തീൻ രാഷ്ട്രം ഇസ്രായേലിനെ ഉന്മൂലനം ചെയ്യുന്നതിനുള്ള ഒരു ലോഞ്ച് പാഡായിരിക്കും. വ്യക്തമായി പറയുന്നു. ഫലസ്തീനികൾ ഇസ്രായേലിനൊപ്പം ഒരു രാഷ്ട്രം തേടുന്നില്ല. അവർ ഇസ്രായേലിന് പകരം ഒരു രാഷ്ട്രം തേടുന്നുവെന്നും’ നെതന്യാഹു ‘എക്സി’ലെ ഒരു പോസ്റ്റിൽ പറഞ്ഞു.
ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് ഈ നീക്കത്തെ ‘ഭീകരതക്കു മുന്നിലുള്ള കീഴടങ്ങലെന്ന്’ വിശേഷിപ്പിച്ചു, ‘നമ്മുടെ സുരക്ഷയെ ദോഷകരമായി ബാധിക്കുന്ന, നമ്മുടെ നിലനിൽപ്പിനെ അപകടപ്പെടുത്തുന്ന ഒരു ഫലസ്തീൻ സ്ഥാപിക്കാൻ ഇസ്രായേൽ അനുവദിക്കില്ലെന്നും’ കൂട്ടിച്ചേർത്തു.
ഫലസ്തീൻ രാഷ്ട്രത്തെ ഏകപക്ഷീയമായി അംഗീകരിക്കുന്ന ഏതൊരു നടപടിയെയും എതിർക്കുമെന്ന് കഴിഞ്ഞ ജൂണിൽ അമേരിക്ക പറഞ്ഞിരുന്നു. അത് യു.എസ് വിദേശനയ താൽപര്യങ്ങൾക്ക് വിരുദ്ധമാകുമെന്നും അനന്തരഫലങ്ങൾ ഉണ്ടാക്കുമെന്നും അതിനെ എതിർക്കുമെന്നും പറഞ്ഞിരുന്നു. എന്നാൽ, ഫ്രാൻസിന്റെ പുതിയ നീക്കത്തിനുള്ള പ്രതികരണം യു.എസിൽ നിന്ന് വന്നിട്ടില്ല.
ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കരുതെന്ന സമ്മർദ്ദം ഉണ്ടായിരുന്നിട്ടും ദ്വിരാഷ്ട്ര പരിഹാരം എന്ന ആശയം സജീവമായി നിലനിർത്താനുള്ള ശ്രമത്തിന്റെ ഭാഗമായി, മാക്രോൺ അതിലേക്ക്ചായുകയായിരുന്നു.
ഇസ്രായേലിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം, ഫലസ്തീൻ രാഷ്ട്രത്തിലേക്കുള്ള ഒരു റോഡ് മാപ്പിനുള്ള മാനദണ്ഡങ്ങൾ രൂപപ്പെടുത്തുന്നതിനായി ജൂണിൽ നടത്താൻ പദ്ധതിയിട്ടിരുന്ന ഐക്യരാഷ്ട്രസഭാ സമ്മേളനത്തിന് മുന്നോടിയായി ഫ്രഞ്ച് ഉദ്യോഗസ്ഥർ ഈ നീക്കത്തെക്കുറിച്ച് ആദ്യം ആലോചിക്കുകയുണ്ടായി.
എന്നാൽ, യു.എസ്.സമ്മർദ്ദത്തെത്തുടർന്ന് സമ്മേളനം മാറ്റിവെച്ചു. തുടർന്ന് 12 ദിവസത്തെ ഇസ്രായേൽ-ഇറാൻ വ്യോമയുദ്ധം ആരംഭിച്ചു. ഈ സമയത്ത് പ്രാദേശിക വ്യോമാതിർത്തി അടച്ചിരുന്നു. ഇത് ചില അറബ് രാജ്യങ്ങളുടെ പ്രതിനിധികൾക്ക് പങ്കെടുക്കുന്നത് ബുദ്ധിമുട്ടാക്കി.
ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കണമെന്ന മാക്രോണിന്റെ സമ്മർദത്തിനെതിരെ ബ്രിട്ടൺ, കാനഡ തുടങ്ങിയ സഖ്യകക്ഷികളിൽ നിന്ന് അദ്ദേഹം എതിർപ്പ് നേരിട്ടതായി നയതന്ത്രജ്ഞർ പറയുന്നു. അടുത്ത ആഴ്ച ഏകദേശം 40 വിദേശകാര്യ മന്ത്രിമാർ ന്യൂയോർക്കിൽ സമ്മേളിക്കുന്നുണ്ട്. ഇസ്രായേലിന്റെ ഏറ്റവും അടുത്ത സഖ്യകക്ഷികളിൽ ഒന്നായ ഫ്രാൻസും ജി 7 അംഗവുമായ ഫ്രാൻസിന് ഒരു ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാൻ കഴിയുമെന്ന ആശയം തീർച്ചയായും നെതന്യാഹുവിനെ പ്രകോപിപ്പിക്കുമെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.