ഗസ്സയിൽ നാല് ഇസ്രായേൽ ​സൈനികരെ ഹമാസ് വധിച്ചു; മൂന്ന് സൈനികർക്ക് പരിക്ക്

ഗസ്സ: തെക്കൻ ഗസ്സയിലെ റഫയിൽ ഹമാസിന്റെ പ്രത്യാക്രമണത്തിൽ നാല് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു. മൂന്ന് സൈനികർക്ക് പരിക്കേറ്റതായും ഇസ്രായേൽ സേന സ്ഥിരീകരിച്ചു. ഇതിൽ ഒരാളുടെ പരിക്ക് ഗുരുതരമാണ്.

മേജർ ഒമ്രി ചായ് ബെൻ മോഷെ (26), ലെഫ്റ്റനന്റ് എറാൻ ഷെലെം (23), ലെഫ്റ്റനന്റ് ഈതൻ അവ്‌നർ ബെൻ ഇറ്റ്‌ഷാക്ക് (22), ലെഫ്റ്റനന്റ് റോൺ ഏരിയലി (20) എന്നിവരെയാണ് വധിച്ചത്. ബെൻ മോഷെ കമ്പനി കമാൻഡറും മറ്റ് മൂന്ന് പേർ കേഡറ്റുകളുമായിരുന്നു. രാവിലെ 9:30 ന് ഇവർ സഞ്ചരിച്ച സൈനിക വാഹനം ഹമാസ് ​പോരാളികൾ ആക്രമിക്കുകയായിരുന്നു.

ഇസ്രായേലിലെ തുറമുഖ നഗരമായ ഈലാത്തിന് നേരെ ഹൂതികൾ ഡ്രോൺ ആക്രമണം നടത്തി. ആക്രമണത്തിൽ ഹോട്ടലിന് തീപിടിച്ചു. വെസ്റ്റ് ബാങ്കിനും ജോർദാനും ഇടയിലുള്ള അലൻബി ക്രോസിങ്ങിൽ ജോർഡൻ പൗരനായ ട്രക്ക് ഡ്രൈവർ നടത്തിയ വെടിവെപ്പിലും കത്തിക്കുത്തിലും രണ്ട് ഇസ്രായേലി പൗരൻമാർ ​കൊല്ലപ്പെട്ടു​. ആക്രമണം നടത്തിയ ​ട്രക്ക് ഡ്രൈവറെ ഇസ്രായേൽ പൊലീസ് സംഭവസ്ഥലത്ത് വെച്ച് തന്നെ കൊലപ്പെടുത്തി.

പ്രാദേശിക സമയം ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം. ട്രക്ക് പരിശോധിക്കാൻ ഇസ്രായേൽ ഉദ്യോഗസ്ഥർ എത്തുന്നതിനിടെ കൈത്തോക്ക് ഉപയോഗിച്ച് ഇസ്രായേലികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് ട്രക്കിൽ നിന്ന് ഇറങ്ങി സമീപമുണ്ടായിരുന്നവരെ കുത്തിപ്പരിക്കേൽപിക്കുകയും ചെയ്തു. പിന്നാലെ ഇസ്രായേലി സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ വെടിവെച്ചുകൊന്നു. 20ഉം 60ഉം വയസ്സ് പ്രായമുള്ളവരാണ് ​കൊല്ലപ്പെട്ടവർ. ഇരുവരും സംഭവസ്ഥലത്തുവെച്ച് തന്നെ ​കൊല്ലപ്പെട്ടു.

ഇതേതുടർന്ന് ഇസ്രായേൽ സൈന്യം സ്ഥലത്ത് വ്യാപക തിരച്ചിൽ നടത്തുകയും വെസ്റ്റ് ബാങ്ക് പട്ടണമായ ജെറിക്കോ വളയുകയും ചെയ്തു. അലൻബി ക്രോസിങ്ങിലെ സംഭവം നിരീക്ഷിച്ചുവരികയാണെന്ന് ജോർഡൻ സർക്കാർ വക്താവ് മുഹമ്മദ് അൽ മുമാനി പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. 2024 സെപ്റ്റംബറിലും സമാനമായ ആക്രമണം നടന്നിരുന്നു. ജോർഡൻ സ്വദേശിയായ ട്രക്ക് ഡ്രൈവർ നടത്തിയ വെടിവെപ്പിൽ മൂന്ന് ഇസ്രായേലി പൗരന്മാരാണ് അന്ന് കൊല്ലപ്പെട്ടത്.

അതിനിടെ, ഗസ്സയിൽ ഇസ്രായേൽ കൊലപ്പെടുത്തിയ ഫലസ്തീൻ പൗരന്മാരുടെ എണ്ണം 65,000 കടന്നു. ഇന്ന് ഗസ്സയിലെ ആശുപത്രികൾക്ക് സമീപം ഇസ്രായേൽ വ്യോമാക്രമണം നടത്തി. ഗസ്സ സിറ്റിയിൽ കരയാക്ര​മണം തുടങ്ങിയതിന് പിന്നാലെയാണ് ആശുപത്രികൾക്കെതിരെയും ഇസ്രായേൽ ആക്രമണം ശക്തമാക്കിയത്.

ഗസ്സയിലെ അൽ ശിഫ, അൽഅഹ്‍ലി ആശുപത്രികൾക്കെതിരെയാണ് ഇസ്രായേൽ മിസൈൽ ആക്രമണം നടത്തിയത്. 15 പേർ ഇവിടങ്ങളിൽ കൊല്ലപ്പെട്ടു. 24 മണിക്കൂറിനിടെ സ്ത്രീകളും കുട്ടികളുമടക്കം 79 പേരെയാണ് കൊലപ്പെടുത്തിയത്.

കുട്ടികളുടെ ആശുപത്രിക്ക് നേരെ മൂന്ന് തവണയാണ് ആക്രമണമുണ്ടായതെന്ന് ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുമൂലം 40 രോഗികൾക്ക് ആശുപത്രി ഒഴിയേണ്ടി വന്നു. നിരവധി രോഗികൾ ജീവനക്കാർക്കൊപ്പം ആശുപത്രിയിൽ കുടുങ്ങിക്കിടക്കുകയാണ്.

Tags:    
News Summary - Four Israel IDF soldiers killed in Rafah blast

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.