യു.എസ്. മുൻ പ്രസിഡന്‍റ് ജോ ബൈഡന് പ്രോസ്റ്റേറ്റ് കാൻസർ

ന്യൂയോര്‍ക്ക്: അമേരിക്കൻ മുന്‍ പ്രസിഡന്‍റ് ജോ ബൈഡന് (82) പ്രോസ്റ്റേറ്റ് കാന്‍സര്‍ സ്ഥിരീകരിച്ചു. ബൈഡന്‍റെ ഓഫിസ് ആണ് രോഗവിവരം വാർത്താകുറിപ്പിലൂടെ ലോകത്തെ അറിയിച്ചത്. അർബുദം എല്ലുകളിലേക്ക് വ്യാപിച്ചിട്ടുണ്ട്.

വളരെ വേഗത്തിൽ പടരുന്ന വിഭാഗത്തിൽപ്പെട്ട അർബുദമാണ് ബൈഡന് സ്ഥിരീകരിച്ചത്. 10ൽ ഒമ്പത് ഗ്ലീസൺ സ്കോർ രോഗത്തിന്‍റെ വ്യാപ്തി.

മൂത്ര സംബന്ധമായ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച ബൈഡൻ വൈദ്യ സഹായം തേടിയിരുന്നു. തുടർന്ന് നടത്തിയ പരിശോനയിലാണ് അർബുദം സ്ഥിരീകരിച്ചത്. രോഗബാധ നിയന്ത്രണ വിധേയമാക്കാമെന്നും ബൈഡന്‍റെ ഓഫിസ് അറിയിച്ചു.

ജോ ബൈഡന്‍റെ രോഗബാധയിൽ യു.എസ്. പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ദുഃഖം രേഖപ്പെടുത്തി. ജോ ബൈഡന്റെ രോഗനിർണയത്തെ കുറിച്ച് കേട്ടതിൽ താനും പ്രഥമ വനിത മെലാനിയ ട്രംപും ദുഃഖിതരാണെന്ന് ട്രംപ് സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

ബൈഡനും കുടുംബത്തിനും വേണ്ടി പ്രാർഥിക്കുന്നതായി യു.എസ്. മുൻ വൈസ് പ്രസിഡന്‍റ് കമല ഹാരിസിൽ എക്സിൽ കുറിച്ചു. ജോ ഒരു പോരാളിയാണ്. ശക്തിയോടെയും പ്രതിരോധ ശേഷിയോടെയും ശുഭാപ്തി വിശ്വാസത്തോടെയും അദ്ദേഹം ഈ വെല്ലുവിളിയെ നേരിടുമെന്ന് എനിക്കറിയാം -കമല വ്യക്തമാക്കി.

അമേരിക്കൻ പ്രസിഡന്‍റ് പദവിയിൽ എത്തിയ ഏറ്റവും പ്രായം ചെന്ന വ്യക്തിയാണ് ജോ ബൈഡൻ. 2024ൽ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയാറായ ബൈഡൻ പിന്നീട് പിന്മാറുകയായിരുന്നു.

Tags:    
News Summary - Former U.S. President Joe Biden has prostate cancer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.