മെൽബൺ: ഔദ്യോഗികവൃത്തിക്കിടെ കണ്ടുമുട്ടിയ രണ്ട് യുവാക്കളെ ലൈംഗികമായി പീഡിപ്പിച്ച കുറ്റത്തിന് മുൻ ആസ്‌ട്രേലിയൻ എം.പിക്ക് അഞ്ചു വർഷവും ഒമ്പതു മാസവും തടവ് ശിക്ഷ. 2013ലും 2015ലും നടന്ന വ്യത്യസ്ത സംഭവങ്ങളിൽ ജൂറി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് 44 കാരനായ ഗാരെത്ത് വാർഡ് ജൂലൈ മുതൽ ജയിലിലാണ്.
2011 മുതൽ ന്യൂ സൗത് വെയിൽസ് പാർലമെന്റിലെ തീരദേശ പട്ടണമായ കിയാമയെ പ്രതിനിധീകരിച്ച വാർഡ്, 2021ൽ ആരോപണങ്ങൾ ഉയർന്നുവന്നപ്പോൾ ലിബറൽ പാർട്ടിയിലെ മന്ത്രി സ്ഥാനം രാജിവെച്ചു. പക്ഷേ, പാർലമെന്റ് വിടാൻ വിസമ്മതിക്കുകയും 2023ൽ വീണ്ടും തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
എന്നാൽ, ആസ്ട്രേലിയൻ ജഡ്ജി കാര ഷീഡ് ജയിൽവാസമല്ലാതെ മറ്റൊരു ശിക്ഷയും ഉചിതമല്ല എന്ന് കണ്ടെത്തി. ഇതുപോലുള്ള ലൈംഗിക കുറ്റകൃത്യങ്ങൾക്ക് കടുത്ത ശിക്ഷകൾ ലഭിക്കുമെന്ന് സമാന ചിന്താഗതിക്കാരായ കുറ്റവാളികൾക്ക് കർശനമായ സന്ദേശം നൽകേണ്ടതുണ്ടെന്നും ജസ്റ്റിസ് ഷീഡ് ചൂണ്ടിക്കാട്ടി. വാർഡ് ഒരു ദശാബ്ദക്കാലം നിയമത്തിൽനിന്ന് രക്ഷപ്പെട്ടു. ആ സമയത്ത് തന്റെ കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷയിൽ നിന്ന് മുക്തമായ ജീവിതം ആസ്വദിച്ചുവെന്നും അവർ പറഞ്ഞു.
2013ൽ 18കാരനെ വീട്ടിലേക്ക്ന്‍ വിളിച്ചുവരുത്തുകയും എതിർക്കാൻ ശ്രമിച്ചിട്ടും വാർഡ് മൂന്ന് തവണ ലൈംഗികമായി ആക്രമിച്ചതായും ജില്ലാ കോടതിവിചാരണയിൽ കണ്ടെത്തി. ആക്രമണത്തിനു ശേഷം മയക്കുമരുന്നിലേക്കും മദ്യത്തിലേക്കും താൻ തിരിഞ്ഞുവെന്ന് അന്നത്തെ 18 വയസ്സുകാരൻ വിവരിച്ചു. കൂടാതെ തനിക്ക് പലപ്പോഴും ഓർമകൾ നഷ്ടപ്പെട്ടുവെന്നും പറഞ്ഞു. രണ്ടു വർഷത്തിനു ശേഷം, വീട്ടിൽ വെച്ചുതന്നെ 24 വയസ്സുള്ളയാളെ വാർഡ് ബലാത്സംഗം ചെയ്തു.
ജൂലൈയിൽ ശിക്ഷിക്കപ്പെട്ടതിനെത്തുടർന്ന്, പാർലമെന്റിൽ തുടരാനുള്ള നിയമപരമായ ശ്രമത്തിൽ വാർഡ് പരാജയപ്പെട്ടു. അംഗങ്ങൾ അദ്ദേഹത്തെ പുറത്താക്കാൻ നടത്തിയ ശ്രമങ്ങൾക്കാടുവിൽ രാജിവെച്ചു. കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധിക്കെതിരെ അപ്പീൽ നൽകാൻ ഉദ്ദേശിക്കുന്നതായി വാർഡിന്റെ നിയമസംഘം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.