ധാക്ക / കറാച്ചി: 14 വർഷത്തിനു ശേഷം ആദ്യമായി ബംഗ്ലാദേശിൽ നിന്നുള്ള വിമാനം പാകിസ്താനിൽ ഇറങ്ങി. ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ നിന്നുള്ള വിമാനം വ്യാഴാഴ്ച വൈകുന്നേരം പാകിസ്താനിലെ കറാച്ചിയിലുള്ള ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഇറങ്ങിയത്. ഇതോടെ 14 വർഷത്തിനുശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യോമ ബന്ധം പുനഃസ്ഥാപിച്ചു.
ബിമാൻ ബംഗ്ലാദേശ് എയർലൈൻസിന്റെ (ബിജി-341) എന്ന വിമാനമാണ് എത്തിയതെന്ന് പാകിസ്താൻ എയർപോർട്ട് അതോറിറ്റി (പി.എ.എ) അറിയിച്ചു. പാകിസ്താൻ-ബംഗ്ലാദേശ് സൗഹൃദത്തിൽ പുതിയ അധ്യായം - 14 വർഷത്തിനുശേഷം വ്യോമ ബന്ധം പുനഃസ്ഥാപിച്ചു പ്രസ്താവിച്ചു.
കറാച്ചി വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത ബിമാൻ എയർലൈൻസ് വിമാനത്തെ പരമ്പരാഗത വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചു. ധാക്കയ്ക്കും കറാച്ചിക്കും ഇടയിൽ ആഴ്ചയിൽ രണ്ടുതവണ വിമാന സർവീസുകൾ നടത്തുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
ഷെയ്ഖ് ഹസീന പുറത്താക്കപ്പെട്ട ശേഷം ബംഗ്ലാദേശും പാകിസ്താനും തമ്മിലുള്ള സൗഹൃദം വളർന്നുവരുന്ന സാഹചര്യത്തിലാണ് പുതിയ സംഭവം. വർഷങ്ങളായി വഷളായ ബന്ധങ്ങൾക്ക് ശേഷം വ്യാപാരവും മറ്റ് ബന്ധങ്ങളും വർധിപ്പിക്കുന്നതിനായി കഴിഞ്ഞ വർഷം മുതൽ ധാക്കക്കും കറാച്ചിക്കും ഇടയിൽ നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനെക്കുറിച്ച് ഇരുരാജ്യങ്ങളും ചർച്ച ചെയ്തുവരികയായിരുന്നു.
കഴിഞ്ഞ വർഷം ആഗസ്റ്റിൽ പാക് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാറിന്റെ ധാക്ക സന്ദർശന വേളയിലാണ് ഇരുരാജ്യങ്ങൾക്കുമിടയിൽ നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കാനുള്ള പദ്ധതികൾ ആദ്യമായി പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.