ഇത് ഫലസ്തീൻ! ഇന്നലെ വരെ വെടിമുഴക്കം നിറഞ്ഞ വാനിൽ ഇന്ന് വെടിക്കെട്ടിന്റെ വർണവിസ്മയം

റാമല്ല: ഇന്നലെ വരെ കണ്ട വെസ്റ്റ് ബാങ്കും ഗസ്സയും തന്നെയാണോ ഇതെന്ന് എല്ലാവരും അൽഭുതപ്പെടും. തങ്ങളുടെ പ്രിയപ്പെട്ട​വരെ വരവേൽക്കാൻ അത്രമേൽ ആഹ്ലാദത്തോടെയാണ് ഫലസ്തീന്റെ മണ്ണ് ഒരുങ്ങിയത്.

പതിറ്റാണ്ടുകളായി ഇസ്രായേൽ തടവറയിൽ കഴിയുന്ന 39 ഫലസ്തീനി സ്ത്രീകളെയും കുഞ്ഞുങ്ങളെയും മാനത്ത് വെടിക്കെട്ടിന്റെ വർണവിസ്മയം തീർത്ത് പിറന്നനാട് സ്വീകരിച്ചു. വെടിമുഴക്കവും പോർവിമാനങ്ങളുടെ ഇരമ്പലുകളും ടാങ്കുകളുടെ ഗർജനവും നിറഞ്ഞിരുന്ന മണ്ണ് ഇന്നലെ സന്തോഷക്കാഴ്ചകൾക്ക് വഴിമാറി.

ഹമാസ് മോചിപ്പിച്ച 13 ബന്ദികൾക്ക് പകരമായാണ് കൗമാരക്കാരും സ്ത്രീകളും ഉൾപ്പെട്ട 39 ഫലസ്തീൻ തടവുകാരെ ഇസ്രായേൽ വർഷങ്ങൾ നീണ്ട തടവിൽനിന്ന് മോചിപ്പിച്ചത്. വെസ്റ്റ്ബാങ്കിലെ ഓഫർ സൈനിക കേന്ദ്രത്തിൽ എത്തിച്ച ശേഷം തടവുകാരെ ബന്ധുക്കൾക്ക് കൈമാറിയപ്പോൾ തെരുവിൽ തടിച്ചുകൂടിയ ജനക്കൂട്ടം വെടിക്കെട്ടിന്റെ അകമ്പടിയോടെ സ്വീകരിക്കുന്ന ദൃശ്യം വാർത്ത ഏജൻസിയായ അസോസിയേറ്റഡ് ഫ്രഞ്ച് പ്രസ് (എഎഫ്‌പി) ഫോട്ടോഗ്രാഫർ ജാഫർ അഷ്തിയ പകർത്തിയിരുന്നു. കൂടാതെ, നിരവധി സോഷ്യൽ മീഡിയ ​അക്കൗണ്ടുകളിലും ഇൗ സന്തോഷവേളയുടെ വിവിധ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്.

അതിനിടെ, വെടിനിർത്തൽ പ്രാബല്യത്തിൽ വന്ന രണ്ടാം ദിവസമായ ഇന്ന് ഹമാസ് 13 ഇസ്രായേൽ ബന്ദികളെ കൂടി മോചിപ്പിക്കും. പകരം 39 പേരെ ഫലസ്തീനി സ്ത്രീകളെയും കുട്ടികളെയും ഇസ്രായേലും മോചിപ്പിക്കും. പ്രാദേശിക സമയം വൈകുന്നേരം 4 മണിക്ക് ഇസ്രായേലി തടവുകാരെ വിട്ടയക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഹമാസ് പുറത്തുവിടുന്നവരുടെ പേര് വിവരം ലഭിച്ചതായി ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫിസ് സ്ഥിരീകരിച്ചു. ഇക്കാര്യം അവരുടെ കുടുംബങ്ങളെ അറിയിച്ചിട്ടുണ്ട്. റഫ ക്രോസിങ്ങിലേക്ക് റെഡ് ക്രോസ് വാഹനത്തിലാണ് ഇവരെ കൊണ്ടുപോവുക. തുടർന്ന് ഇസ്രായേൽ സൈന്യത്തിന് കൈമാറും.

പ്രാഥമിക വൈദ്യപരിശോധനയ്ക്കായി തെക്കൻ ഇസ്രായേലിലെ സൈനിക താവളത്തിൽ എത്തിക്കും. തുടർന്ന് ഹെലികോപ്റ്ററിൽ തെൽഅവീവിന് ചുറ്റുമുള്ള വിവിധ ആശുപത്രികളിലേക്ക് മാറ്റും. അതേസമയം, കരാർ പ്രകാരമുള്ള വെടിനിർത്തൽ ഇനി രണ്ടുനാൾ കൂടിയാണ് ബാക്കിയുള്ളത്.

Tags:    
News Summary - Fireworks streak across the night sky in the occupied West Bank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.