വെടിനിർത്തൽ കരാർ നിലവിൽ വന്നതിൽ ഗസ്സയിലെ ഖാൻ യൂനുസിൽ ആഹ്ലാദം പ്രകടിപ്പിക്കുന്ന ഫലസ്തീനികൾ
ഗസ്സ/തെൽഅവീവ്: ഇസ്രായേൽ അനധികൃതമായി തടവിലിട്ട 2000 ഫലസ്തീനികളെ വെടിനിർത്തൽ കരാറിന്റെ ഭാഗമായി വിട്ടയക്കും. ഹമാസ് വിട്ടയക്കുന്ന 20 ബന്ദികൾ ഇസ്രായേൽ അതിർത്തി കടന്നാലാണ് ഇവരെ വിട്ടയക്കുക. ഇതിൽ മിക്കവരും കുറ്റപത്രം പോലും സമർപ്പിക്കാതെ വർഷങ്ങളായി ഇസ്രായേൽ തടങ്കലിലിട്ടവരാണ്. ഇസ്രായേൽ കോടതി ജീവപര്യന്തം വിധിച്ച 250 പേരും ഇതിൽ ഉൾപ്പെടും.
ഹമാസ് പിടികൂടിയതിൽ ജീവനോടെ ബാക്കിയുള്ള 20 പേരെ ഇന്ന് മോചിപ്പിക്കും. തടവിൽ കഴിയവേ ഇസ്രായേൽ ആക്രമണത്തിൽ അടക്കം കൊല്ലപ്പെട്ട 28 പേരുടെ മൃതദേഹങ്ങളും കൈമാറും. ഇസ്രായേൽ- ഹമാസ് വെടിനിർത്തൽ കരാറിലെ പ്രധാന തീരുമാനമാണ് ഇതോടെ നടപ്പാവുക. 20 ബന്ദികളെയും ഇന്ന് ഒരുമിച്ച് തിരിച്ചയക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇസ്രായേൽ സർക്കാർ വക്താവ് ഷോഷ് ബെഡ്രോസിയൻ പറഞ്ഞു.
തടവുകാരെ കൈമാറുന്നതിനായി മൂന്ന് സ്ഥലങ്ങളിലേക്ക് മാറ്റിയതായി ഹമാസ് വൃത്തങ്ങളെ ഉദ്ധരിച്ച് ‘അൽ ജസീറ’ റിപേപാർട്ട് ചെയ്തു. തടവുകാരെ ആദ്യം റെഡ് ക്രോസിന് കൈമാറുകയാണ് ചെയ്യുക. തുടർന്ന് ഇവരെ ഗസ്സയിലെ ഇസ്രായേലി സൈനിക താവളത്തിൽ കൊണ്ടുപോയി പ്രാഥമിക വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. പിന്നീടാണ് ഇസ്രായേലിലേക്ക് കൊണ്ടുപോവുക.
അതേസമയം, വർഷങ്ങളായി ഇസ്രായേൽ തടങ്കലിൽ കഴിയുന്ന ഫലസ്തീൻ നേതാവ് മർവാൻ ബർഗൂത്തിയെ ഇസ്രായേൽ വിട്ടയക്കില്ല. അധിനിവേശ വെസ്റ്റ് ബാങ്ക് സ്വദേശികളെയും ഇസ്രായേൽ മോചിപ്പിക്കും. എന്നാൽ, ഇവരെ സ്വീകരിക്കുന്നതിന് ആഘോഷങ്ങൾ നടത്തരുതെന്നും മാധ്യമങ്ങളോട് സംസാരിക്കരുതെന്നും ബന്ധുക്കളോട് ഇസ്രായേൽ ആവശ്യപ്പെട്ടു.
തടവുകാരുടെ മോചനം രാജ്യത്തിന് ഐക്യത്തിന്റെ നിമിഷമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഞായറാഴ്ച വൈകുന്നേരം ഒരു ടെലിവിഷൻ പ്രസംഗത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പറഞ്ഞു. എന്നാൽ, തടവുകാരുടെ മോചനത്തേക്കാൾ സൈനിക വിജയത്തിനാണ് നെതന്യാഹു മുൻഗണന നൽകുന്നതെന്ന് ബന്ദികളുടെ കുടുംബങ്ങൾ ആരോപിച്ചു. ശനിയാഴ്ച യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് തെൽഅവീവിൽ നടന്ന റാലിയിൽ നെതന്യാഹുവിനെ പ്രശംസിച്ചപ്പോൾ ജനക്കൂട്ടത്തിൽ പലരും കൂക്കിവിളിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.