ജാപ്പനീസ് മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ ഘാതകന് ജീവപര്യന്തം തടവുശിക്ഷ

ടോക്യോ: ജാപ്പനീസ് മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ ഘാതകൻ ടെറ്റ്സുയ യമഗാമി(45)ക്ക് ജീവപര്യന്തം തടവ്. ലോകത്തെ ഞെട്ടിച്ച കൊലപാതകം നടന്ന് മൂന്നുവർഷത്തിന് ശേഷമാണ് ശിക്ഷാവിധി. 2022ൽ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടിക്കിടെയാണ് ടെറ്റ്സുയ യമഗാമി ആബെക്കു നേരെ വെടിയുതിർത്തത്.

യുദ്ധാന്തര ചരിത്രത്തിലെ അഭൂതപൂർവും അതീവ ഗുരുതരവുമായ സംഭവം എന്നാണ് പ്രോസിക്യൂട്ടർമാർ കൊലപാതകത്തെ വിശേഷിപ്പിച്ചത്. അതിനാൽ തന്നെ ശകാലപാതകിക്ക് ജീവപര്യന്തം ശിക്ഷ നൽകണമെന്നും പ്രോസിക്യൂട്ടർമാർ ആവശ്യപ്പെടുകയുണ്ടായി.

ആബെ പ്രസംഗിക്കാൻ തുടങ്ങി മിനിറ്റികൾക്കകം തന്നെ യമഗാമി വെടിയുതിർത്തു. രണ്ടുതവണയാണ് പ്രതി വെടിയുതിർത്തത്. പരിക്കേറ്റ ആബെയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരിക്കുകയായിരുന്നു. ഘാതകനെ ഉടൻ അറസ്റ്റ് ചെയ്യുകയും ചെയ്തു. അയാളിൽ നിന്ന് തോക്കും പിടിച്ചെടുത്തു.

സ്വയം നിർമിച്ച തോക്ക് ഉപയോഗിച്ചാണ് വെടിവെച്ചത് എന്ന് പ്രതി സമ്മതിച്ചിരുന്നു. ലോഹക്കുഴലുകളും മരവും ഉപയോഗിച്ചാണ് ഇയാൾ തോക്ക് നിർമിച്ചത്. ജപ്പാനിലെ വിവാദമത ഗ്രൂപ്പായ യൂണിഫിക്കേഷൻ ചർച്ചിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തന്റെ അമ്മ സംഭാവന നൽകുന്നതാണ് അ​ക്രമിയെ കൊലപാതകം നടത്താൻ പ്രേരിപ്പിച്ചത്. ആബെയും ഈ സംഘടനയെ പരസ്യമായി പിന്തുണച്ചിരുന്നു. അതാണ് തന്റെ അമ്മയെ സംഭാവന നൽകാൻ പ്രേരിപ്പിച്ചതെന്നും യമഗാമി വിശ്വസിച്ചു. അമ്മയുടെ അമിതമായ സംഭാവന കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത തകർത്തുവെന്നും അതാണ് ആബെയോടുള്ള പകക്ക് കാരണമെന്നും ഇയാൾ വെളിപ്പെടുത്തി.

1954 ൽ ദക്ഷിണ കൊറിയയിൽ സ്ഥാപിതമായ യൂണിഫിക്കേഷൻ ചർച്ച് സമൂഹ വിവാഹങ്ങൾക്ക് പേരുകേട്ടതാണ്. ഷിൻ​സോ ആബെ രണ്ട് വ്യത്യസ്ത കാലാവധികളിലായി 3,188 ദിവസം ആബെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച ശേഷം ആരോഗ്യപരമായ കാരണങ്ങളാൽ 2020 സെപ്റ്റംബറിൽ സ്ഥാനമൊഴിഞ്ഞു.

അദ്ദേഹത്തിന്റെ ശിഷ്യയായ സനേ തകായിച്ചിയാണ് ഇപ്പോൾ ജപ്പാനെയും എൽ.ഡി.പിയെയും നയിക്കുന്നത്. ജപ്പാനിൽ ജീവപര്യന്തം തടവ് ശിക്ഷ പരോളിനുള്ള സാധ്യത തുറക്കുന്നു. അതേസമയം, ശിക്ഷ ലഭിക്കുന്നവരിൽ പലരും തടവിൽ കഴിയുമ്പോൾ മരിക്കുന്നുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 

Tags:    
News Summary - Ex Japanese Prime Minister Abe’s killer sentenced to life

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.