നാമ ലെവി തെൽ അവീവിലെ പ്രതിഷേധ റാലിയിൽ സംസാരിക്കുന്നു (Alon Gilboa/Pro-Democracy Protest Movement)
തെൽ അവീവ്: ഹമാസ് ബന്ദിയാക്കിയിരിക്കെ താൻ ഏറ്റവും ഭയപ്പെട്ടിരുന്നത് ഇസ്രായേലിന്‍റെ വ്യോമാക്രമണമായിരുന്നെന്ന് ഇസ്രായേൽ യുവതിയായ നാമ ലെവി. ഇസ്രായേലിൽ ഇന്നലെ രാത്രി നടന്ന ആയിരക്കണക്കിനുപേർ പങ്കെടുത്ത സർക്കാർ വിരുദ്ധ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു നാമ.
ആദ്യം ഒരു വിസിലാണ് കേൾക്കുക. ബോംബ് തലയിൽ വീഴല്ലേ എന്ന് പ്രാർത്ഥിച്ചുപോകും. പിന്നെ വലിയ പൊട്ടിത്തെറി ശബ്ദം കേൾക്കും. ഭൂമി പ്രകമ്പനം കൊള്ളും. ഇങ്ങനെ ഓരോ തവണയും സംഭവിക്കുമ്പോൾ ഞാൻ മരിച്ചെന്നാണ് കരുതിയത്. ഇതായിരുന്നു ഞാൻ ഭയപ്പെട്ട, എന്നെ ഏറ്റവും അപകടത്തിലാക്കിയ കാര്യം. ഒരിക്കൽ ബോംബ് എന്നെ പാർപ്പിച്ച വീട്ടിലാണ് വീണത്. എന്‍റെ സമീപത്തുണ്ടായിരുന്ന ചുമർ തകർന്നുവീഴാത്തതിനാലാണ് രക്ഷപ്പെട്ടത് -നാമ വിവരിച്ചു.
ഭക്ഷണം ലഭിക്കാതെ വെള്ളം മാത്രം കുടിച്ച ദിവസങ്ങളുണ്ടായിരുന്നു. ഒരിക്കൽ വെള്ളം പോലും ഉണ്ടായില്ല. അന്ന് ഭാഗ്യവശാൽ മഴ പെയ്തു. എന്ന തടവിലാക്കിയവർ ഒരു പാത്രം പുറത്ത് വെച്ചു. അതിൽ മഴ വെള്ളം നിറഞ്ഞപ്പോൾ എനിക്ക് തന്നു. അത് മുഴുവൻ ഞാൻ കുടിച്ചു. അങ്ങനെയാണ് ജീവൻ നിലനിർത്തിയത് -പെൺകുട്ടി പറയുന്നു.
ഇന്നലെ രാത്രി ഇസ്രായേലിലെ വിവിധ നഗരങ്ങളിൽ ആയിരക്കണക്കിനുപേർ ഒത്തുചേർന്ന സർക്കാർവിരുദ്ധ റാലികളാണ് അരങ്ങേറിയത്. തടവുകാരെ മോചിപ്പിക്കുന്നതിനുള്ള കരാർ നെതന്യാഹു സർക്കാർ അംഗീകരിക്കണമെന്ന് ബന്ദികളുടെ ബന്ധുക്കളടക്കം പങ്കെടുത്ത പ്രതിഷേധ റാലിയിൽ ആവശ്യമുയർന്നു.
സമാധാന കരാറിന്‍റെ രണ്ടാംഘട്ടത്തിൽ ഹമാസ് വിട്ടയച്ച നാലു വനിത ഇസ്രായേൽ സൈനികരിൽ ഒരാളായിരുന്നു 20കാരിയായ നാമ ലെവി. ഗസ്സ സിറ്റിയിലെ ഫലസ്തീൻ ചത്വരത്തിൽ വെച്ചായിരുന്നു ഇവരെ ഹമാസ് റെഡ്ക്രോസിന് കൈമാറിയത്. നാമ ലെവി ഇന്ത്യയിലെ യു.എസ് ഇന്‍റർനാഷണൽ സ്കൂളിലായിരുന്നു പഠനം നടത്തിയത്. ചെറുപ്പത്തിൽ ഇസ്രായേൽ-ഫലസ്തീൻ പൗരന്മാർക്കിടയിൽ സഹവർത്തിത്വത്തിനുള്ള 'ഹാൻഡ്‌സ് ഓഫ് പീസ്' ഡെലിഗേഷന്‍റെ ഭാഗമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.