അനധികൃത കുടിയേറ്റത്തിനെതിരായ യു.എന്‍ പ്രമേയം: ഇസ്രായേലിന് അമര്‍ഷം

തെല്‍ അവീവ്: ഫലസ്തീനിലെ കിഴക്കന്‍ ജറൂസലമിലെയും വെസ്റ്റ്ബാങ്കിലെയും അനധികൃത കുടിയേറ്റങ്ങളെ അപലപിക്കുന്ന യു.എന്‍ രക്ഷാസമിതി പ്രമേയം പാസായതില്‍ ഇസ്രായേലിന് കടുത്ത അമര്‍ഷം. അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങളുടെ പരോക്ഷ പിന്തുണയോടെ പാസായ പ്രമേയത്തെ ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു കടുത്തഭാഷയില്‍ വിമര്‍ശിച്ചു.

നടപടിയെ അദ്ദേഹം ‘ലജ്ജാകരം’ എന്നാണ് വിശേഷിപ്പിച്ചത്. പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്ത ന്യൂസിലന്‍ഡിലെയും സെനഗാളിലെയും അംബാസഡര്‍മാരെ ഇസ്രായേല്‍ തിരിച്ചുവിളിക്കുകയും ചെയ്തു. സിറിയയില്‍ ലക്ഷക്കണക്കിന് ആളുകള്‍ കശാപ്പിന് ഇരയാകുമ്പോള്‍ മൗനം പാലിച്ചശേഷമാണ് രക്ഷാസമിതി തങ്ങള്‍ക്കെതിരെ പ്രമേയം കൊണ്ടുവന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പശ്ചിമേഷ്യയിലെ യഥാര്‍ഥ ജനാധിപത്യ രാഷ്ട്രത്തെ ഒറ്റപ്പെടുത്താനുള്ള ശ്രമമാണിതെന്നും അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചാണ് ഫലസ്തീനില്‍ ഇസ്രായേല്‍ കുടിയേറ്റ ഭവനങ്ങള്‍ നിര്‍മിക്കുന്നതെന്ന് വ്യക്തമാക്കുന്ന പ്രമേയത്തെ ബ്രിട്ടന്‍, ഫ്രാന്‍സ്, റഷ്യ, ചൈന എന്നീ സ്ഥിരാംഗ രാജ്യങ്ങള്‍ രക്ഷാസമിതിയില്‍ പൂര്‍ണ പിന്തുണ നല്‍കിയിരുന്നു.
വീറ്റോ ചെയ്യുമെന്ന് കരുതിയിരുന്ന അമേരിക്കന്‍ പ്രതിനിധി സാമന്ത പവര്‍ അവസാന നിമിഷം തന്ത്രപരമായി വോട്ടെടുപ്പില്‍നിന്ന് മാറിനില്‍ക്കുകയും ചെയ്തു. 1979ലും ഇസ്രായേലിനെതിരായ യു.എന്‍ പ്രമേയം പാസായപ്പോഴും ഇതുപോലെ അമേരിക്ക വിട്ടുനില്‍ക്കുകയായിരുന്നു. എന്നാല്‍, 2011ല്‍ വീണ്ടും ഇസ്രായേലിനെതിരായ പ്രമേയം രക്ഷാസമിതിയില്‍ വന്നപ്പോള്‍ അമേരിക്ക വീറ്റോ അധികാരം ഉപയോഗപ്പെടുത്തി.

ഒബാമ അധികാരത്തിലിരിക്കെ ആദ്യമായിട്ടായിരുന്നു അമേരിക്ക രക്ഷാസമിതിയില്‍ വീറ്റോ പ്രയോഗിച്ചത്. ന്യൂസിലന്‍ഡ് കൊണ്ടുവന്ന പ്രമേയവും ഇതുപോലെ വീറ്റോ ചെയ്യപ്പെടുമെന്നായിരുന്നു ഇസ്രായേല്‍ പ്രതീക്ഷ. എന്നാല്‍, ഒബാമയുള്‍പ്പെടെയുള്ള നേതാക്കള്‍ അനധികൃത കുടിയേറ്റത്തിനെതിരെ ഏതാനും മാസംമുമ്പ് ഇസ്രായേലിന് നല്‍കിയ മുന്നറിയിപ്പുകള്‍ ശരിവെച്ചുകൊണ്ട് പ്രമേയത്തിന് പരോക്ഷ പിന്തുണ നല്‍കുകയായിരുന്നു. യൂറോപ്പില്‍ തീവ്ര വലതുപക്ഷ കക്ഷികളുടെ രാഷ്ട്രീയ മുന്നേറ്റത്തിന്‍െറ പശ്ചാത്തലത്തില്‍ ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ അംഗങ്ങളിലാരെങ്കിലും പ്രമേയത്തെ വീറ്റോ ചെയ്യുമെന്ന് ഇസ്രായേല്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, ഇവരും രക്ഷാസമിതിയുടെ പൊതുവികാരത്തോടൊപ്പം നില്‍ക്കുകയായിരുന്നു.
പ്രമേയം അവതരിപ്പിക്കുന്നതില്‍ മുന്‍കൈയെടുത്ത ന്യൂസിലന്‍ഡിനും സെനഗാളിനുമെതിരെയാണ് ഇസ്രായേല്‍ ആദ്യമായി നടപടി പ്രഖ്യാപിച്ചത്. ഇതിന്‍െറ ആദ്യപടിയായാണ് അംബാസഡര്‍മാരെ പിന്‍വലിച്ചത്. സെനഗാളിനെതിരെ ഉപരോധത്തിന് സമാനമായ നടപടികള്‍ സ്വീകരിക്കുമെന്ന് നെതന്യാഹു വ്യക്തമാക്കി. രാജ്യത്തിനുള്ള സാമ്പത്തിക സഹായങ്ങള്‍ നിര്‍ത്തലാക്കാനും ഇസ്രായേല്‍ തീരുമാനിച്ചു.

ഇതോടെ, അടുത്ത ദിവസങ്ങളില്‍ നടക്കാനിരുന്ന സെനഗാള്‍ വിദേശകാര്യ മന്ത്രിയുടെ ഇസ്രായേല്‍ പര്യടനം റദ്ദാക്കി. അതേസമയം, ഇസ്രായേലിന്‍െറ നടപടികളില്‍ ഒട്ടും അദ്ഭുതമില്ളെന്ന് ന്യൂസിലന്‍ഡ് വിദേശകാര്യമന്ത്രി മുറെ മക്കുലെ പ്രതികരിച്ചു. ഇതുകൊണ്ടൊന്നും വിഷയത്തില്‍ നയംമാറ്റമില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രമേയം പാസായത് നെതന്യാഹുവിന് രാഷ്ട്രീയമായും ക്ഷീണം ചെയ്യുമെന്നാണ് സൂചന. നെതന്യാഹുവിന്‍െറ നയതന്ത്ര പരാജയമായാണ് പ്രമേയത്തെ  ഇസ്രായേലിലെ പ്രമുഖ രാഷ്ട്രീയ കക്ഷികളും മാധ്യമങ്ങളും വിലയിരുത്തുന്നത്.

Tags:    
News Summary - UN

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.