ലണ്ടൻ: മാർച്ചിൽ റഷ്യൻ മുൻ ചാരനും മകൾക്കും നേരെ രാസായുധം പ്രയോഗിച്ച ആക്രമികളെ കണ്ടെത്തിയതായി ബ്രിട്ടീഷ് പൊലീസ്. എന്നാൽ, ഇവരെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷണസംഘം പുറത്തുവിട്ടില്ല. ആക്രമണത്തിന് പിന്നിൽ റഷ്യതന്നെയാണെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് അന്വേഷണ സംഘം.
സാലിസ്ബുറിയിൽവെച്ച് സെർജി സ്ക്രിപാലിനും മകൾ യൂലിയക്കും നേരെ നൊവിചോക് എന്ന മാരക വിഷമാണ് പ്രയോഗിച്ചത്. മാസങ്ങൾ നീണ്ട ചികിത്സക്കു ശേഷം ഇരുവരും സുഖംപ്രാപിച്ചിരുന്നു. ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തശേഷം സുരക്ഷിത സ്ഥലത്തേക്ക് മാറ്റിപ്പാർപ്പിച്ചിരിക്കയാണ്. ആക്രമണത്തിൽ നിരവധി റഷ്യക്കാർക്ക് പങ്കുണ്ടെന്ന് ആരോപണമുയർന്നിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് ആക്രമികളെ തിരിച്ചറിഞ്ഞത്.
സാലിസ്ബുറിക്കടുത്ത ആംസ്ബുറിയിൽ സമാനരീതിയിൽ വീണ്ടും രാസായുധാക്രമണം നടന്നിരുന്നു. വിഷബാധയേറ്റ ദമ്പതികളിൽ ഒരാൾ മരണത്തിനു കീഴടങ്ങുകയും ചെയ്തു. രണ്ടു സംഭവങ്ങൾക്കും ബന്ധമുണ്ടെന്നാണ് പൊലീസ് കരുതുന്നത്. ആക്രമണം നടന്ന സമയം അതിർത്തി കടന്ന് ബ്രിട്ടനിലെത്തിയവരുടെ ദൃശ്യങ്ങൾ ശേഖരിച്ചാണ് പൊലീസ് പ്രതികളെ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.