ഗസ്സയിൽ ഇസ്രായേൽ വ്യോമാക്രമണം: ഒരാൾ കൊല്ലപ്പെട്ടു; ഹമാസ് നേതാവ് ഖലീൽ അൽ ഹയ്യയുടെ മകന് ഗുരുതര പരിക്ക്

ഗസ്സ സിറ്റി: ഗസ്സയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും ഹമാസ് രാഷ്ട്രീയ കാര്യ സമിതി തലവനും മുഖ്യ ചർച്ചക്കാരനുമായ ഖലീൽ അൽ ഹയ്യയുടെ മകന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ബുധനാഴ്ച ഗസ്സ സിറ്റിയിലെ ദറജ് പരിസരത്താണ് ആക്രമണമുണ്ടായത്.

പരിക്കേറ്റ അസം അൽ ഹയ്യയുടെ നില അതീവ ഗുരുതരമാണെന്ന് പിതാവ് ഖലീൽ അൽ ഹയ്യ അറിയിച്ചു. ഹംസ അൽ ഷർബാസി എന്നയാളാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മെഡിക്കൽ സംഘത്തിന്റെ റിപ്പോർട്ട് പ്രകാരം ഒമ്പതോളം ഫലസ്തീനികൾക്കും ഈ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്.

ബുധനാഴ്ച നടന്ന മറ്റ് രണ്ട് വ്യോമാക്രമണങ്ങളിലായി ഗസ്സയിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനടക്കം നാലുപേർ കൂടി കൊല്ലപ്പെട്ടു. തെക്കൻ ഗസ്സയിലെ അൽ മവാസി മേഖലയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഖാൻ യൂനിസിലെ ലഹരി വിരുദ്ധ സേനാ വിഭാഗം തലവൻ നസീം അൽ കലസാനി കൊല്ലപ്പെട്ടു.

ഇദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെയായിരുന്നു ആക്രമണം. വടക്കൻ ഗസ്സയിലെ സൈതൂൻ മേഖലയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരും ഇസ്രായേൽ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടു. സ്വലാഹുദ്ദീൻ പള്ളിക്കു സമീപം താൽക്കാലിക കൂടാരം നിർമിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർക്ക് നേരെ ആക്രമണമുണ്ടായത്.

മക്കളുടെ കൊലപാതകം കൊണ്ടോ നേതാക്കളുടെ രക്തസാക്ഷിത്വം കൊണ്ടോ തങ്ങളെ ഭയപ്പെടുത്താനാവില്ലെന്ന് ഖലീൽ അൽ ഹയ്യ പ്രതികരിച്ചു. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിലാണ് തങ്ങളെന്നും ഫലസ്തീനിലെ മറ്റ് മക്കളെപ്പോലെ തന്നെയാണ് തന്റെ മകനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ 2008, 2014 വർഷങ്ങളിൽ നടന്ന യുദ്ധങ്ങളിലും കഴിഞ്ഞ വർഷം ദോഹയിൽ ഹമാസ് നേതൃത്വത്തിന് നേരെ നടന്ന ആക്രമണത്തിലുമായി അൽ ഹയ്യക്ക് മൂന്ന് മക്കളെ നഷ്ടപ്പെട്ടിരുന്നു.

കഴിഞ്ഞ ഒക്ടോബറിൽ ഒപ്പുവെച്ച വെടിനിർത്തൽ കരാറിന്റെ നഗ്നമായ ലംഘനമാണ് ഈ ആക്രമണങ്ങളെന്ന് ഹമാസ് കുറ്റപ്പെടുത്തി. ഫലസ്തീൻ ജനതക്ക് നേരെ തുടരുന്ന വംശഹത്യയുടെ ഭാഗമാണിതെന്നും സംഘടന പ്രസ്താവനയിൽ പറഞ്ഞു. ഗസ്സ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷത്തെ വെടിനിർത്തലിന് ശേഷം മാത്രം 837 ഫലസ്തീനികൾ കൊല്ലപ്പെടുകയും 2381 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

2023ൽ യുദ്ധം ആരംഭിച്ചതു മുതൽ ഇതുവരെ 72,619 പേർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. ഇതിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്.

അതിനിടെ, പൂർണമായ നിരായുധീകരണം എന്ന ഇസ്രായേലിന്റെ ആവശ്യം ഹമാസ് തള്ളിയതിനെത്തുടർന്ന് യുദ്ധം പുനരാരംഭിക്കുന്നതിനെക്കുറിച്ച് ഇസ്രായേൽ സുരക്ഷാ കാബിനറ്റ് ചർച്ച നടത്തി. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം എന്ന ലക്ഷ്യം മുൻനിർത്തിയുള്ള ചട്ടക്കൂടിന്റെ ഭാഗമായി മാത്രമേ ആയുധങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്ക് പ്രസക്തിയുള്ളൂ എന്നാണ് ഹമാസിന്റെ നിലപാട്.

Tags:    
News Summary - sraeli Strike on Gaza: 1 Dead, Hamas Leader’s Son Critical

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.