ബ്രസല്‍സ് ആക്രമണത്തിനു കാരണം സുരക്ഷാപാളിച്ചയോ..?

ബ്രസല്‍സ്: ആഴ്ചകള്‍ക്കുമുമ്പേ യൂറോപ്യന്‍ യൂനിയന്‍ തലസ്ഥാനമായ ബ്രസല്‍സിന് തീവ്രവാദ ഭീഷണിയുണ്ടെന്ന് മുന്നറിയിപ്പു ലഭിച്ചിരുന്നു. പാരിസ് ആക്രമണത്തിന്‍െറ സൂത്രധാരന്‍ സലാഹ് അബ്ദുസ്സലാമിന്‍െറ അറസ്റ്റോടെ തിരിച്ചടി ഉറപ്പായി. തിരച്ചിലുകള്‍ ശക്തമാക്കിയെന്നല്ലാതെ പഴുതടച്ച സുരക്ഷയൊരുക്കാന്‍ രാജ്യത്തിന് കഴിഞ്ഞില്ളെന്നാണ് സ്ഫോടന പരമ്പര തെളിയിക്കുന്നത്. നിരപരാധികളുടെ ജീവന്‍ നഷ്ടപ്പെട്ടതിനു പുറമെ,  കോടിക്കണക്കിന് ഡോളറുകളുടെ നാശനഷ്ടമാണ് രാജ്യത്ത് സംഭവിച്ചത്. തകര്‍ന്ന വിമാനത്താവളത്തിന്‍െറ ചിത്രങ്ങളില്‍നിന്നു തന്നെ നഷ്ടങ്ങളുടെ വ്യാപ്തി മനസ്സിലാക്കാം.  

നഗരം ഭീകരാക്രമണത്തില്‍ മരിച്ചവര്‍ക്ക് വിടചൊല്ലുകയാണ്. നവംബറിലെ പാരിസ് ഭീകരാക്രമണത്തിനു ശേഷം ബ്രസല്‍സ് ഒരിക്കല്‍കൂടി അടച്ചിരിക്കുന്നു. പാരിസ് ആക്രമണത്തിന്‍െറ സൂത്രധാരരുടെ താവളം ബ്രസല്‍സ് ആയിരുന്നു. അതിനുശേഷം നഗരത്തിന്‍െറ ഓരോ കോണിലും പൊലീസും സൈന്യവും റോന്തു ചുറ്റുന്നത് നിത്യസംഭവമായി. ബ്രസല്‍സിലെ മൊളെന്‍ബീക് മാധ്യമങ്ങളുടെ ആകര്‍ഷകകേന്ദ്രമായി മാറി. അതുവരെ ആരുടെയും കണ്ണില്‍പെടാതിരുന്ന മൊളെന്‍ബീക് തീവ്രവാദ തലസ്ഥാനം എന്നാണ് പാരിസ് ആക്രമണത്തിനുശേഷം അറിയപ്പെട്ടത്. ഒരു ലക്ഷത്തോളം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ ചെറുനഗരം ലോകത്തിലെ ഏറ്റവും അപകടകരമായ നഗരങ്ങളിലൊന്നായി ലോകം കണക്കാക്കി. പാരിസ് ആക്രമണത്തിനു ശേഷം ഈ നഗരത്തില്‍ പൊലീസ് നഗരം അരിച്ചുപെറുക്കി ശുദ്ധികലശം നടത്തി. പൊലീസും മാധ്യമങ്ങളും വാര്‍ത്തകള്‍ പടച്ചുവിട്ടു.  ആ കഥകള്‍ കേട്ട് മൊളെന്‍ബീക്കിലെ കൊച്ചുകുട്ടികള്‍ പോലും പേടിച്ചരണ്ടു. ‘‘മുസ്ലിംകളായതുകൊണ്ടാണോ ഇങ്ങനെ. മുസ്ലിംകളെല്ലാം കലാപകാരികളാണോ’’യെന്ന് അവര്‍ പരസ്പരം ചോദിച്ചുതുടങ്ങി.
 
ബ്രസല്‍സിലെ 40 ശതമാനം യുവാക്കളും ദാരിദ്ര്യത്തിന്‍െറ പിടിയിലാണ്. തൊഴിലില്ലായ്മ അതിരൂക്ഷം.  എങ്കിലും അങ്കാറയിലെയും പാരിസിലെയും ബൈറൂതിലെയും യുവാക്കളെപ്പോലെ അവരും ജീവിതം തുടര്‍ന്നു. എന്നാല്‍, തീവ്രവാദികളെന്ന ലേബല്‍ പതിച്ചുനല്‍കുന്നത് അവര്‍ക്ക് സഹിക്കാനാവുമായിരുന്നില്ല. യഥാര്‍ഥത്തില്‍ പൊലീസും മാധ്യമങ്ങളും ഐ.എസ് തീവ്രവാദികളുടെ വലയില്‍ വീണുകഴിഞ്ഞിരുന്നു. യൂറോപ്പിനെ ഭയപ്പെടുത്തുക എന്ന ലക്ഷ്യം ഐ.എസ് നിറവേറ്റിക്കഴിഞ്ഞു. തീവ്രവാദികളുടെ ഭാഷയില്‍ സംസാരിക്കുന്ന മാധ്യമങ്ങളും പൊലീസും രാഷ്ട്രത്തലവന്മാരും അവരുടെ ലക്ഷ്യം സാധൂകരിക്കുകയും ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.