സ്വതന്ത്രരാജ്യത്തിനായി ഹിതപരിശോധന നടത്തുമെന്ന് സ്കോട് ലന്‍ഡ് പ്രധാനമന്ത്രി

എഡ്വിന്‍ബറ: ബ്രിട്ടന്‍െറ ഭാഗമായ സ്കോട്ലന്‍ഡിന് ബ്രെക്സിറ്റ് ഫലത്തില്‍ അതൃപ്തി. യൂറോപ്യന്‍ യൂനിയനില്‍നിന്ന് പുറത്തുപോകാനുള്ള ബ്രിട്ടന്‍െറ തീരുമാനം ജനാധിപത്യപരമായി അംഗീകരിക്കാനാവില്ളെന്ന് സ്കോട്ടിഷ് പ്രധാനമന്ത്രി  (ഫസ്റ്റ് മിനിസ്റ്റര്‍) നിക്കോള സ്റ്റേര്‍ജിയോണ്‍ പറഞ്ഞു. 2014ലേതിന് സമാനമായി സ്വതന്ത്ര സ്കോട്ലന്‍ഡിനായി വീണ്ടും ഹിതപരിശോധന നടത്തുമെന്നും അവര്‍ വ്യക്തമാക്കി.

ബ്രിട്ടന്‍െറ ഇതരഭാഗത്ത് ബ്രെക്സിറ്റ് അനുകൂലികള്‍ ആധിപത്യം നേടിയെങ്കിലും സ്കോട്ലന്‍ഡില്‍ യൂറോ അനുകൂല വികാരം തന്നെയാണ് ഹിതപരിശോധനയില്‍ പ്രതിഫലിച്ചത്. ഇവിടെ 62 ശതമാനം പേരും ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ തുടരണമെന്ന നിലപാടാണ് സ്വീകരിച്ചത്. ബ്രിട്ടന്‍െറ കീഴില്‍ പരിമിത സ്വാതന്ത്ര്യത്തോടെ കഴിയുന്ന രാജ്യമായ സ്കോട്ലന്‍ഡ് ഹിതപരിശോധനയിലൂടെ പൂര്‍ണ സ്വതന്ത്ര രാജ്യമായി യൂറോപ്യന്‍ യൂനിയന്‍െറ ഭാഗമായി തുടരാനാണ് നീക്കം. ഇതിന്‍െറ നിയമനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇതിനകം തുടങ്ങിയെന്ന് സ്റ്റേര്‍ജിയോണ്‍ അറിയിച്ചു. യൂറോപ്യന്‍ യൂനിയനില്‍ തുടരാനുള്ള സന്നദ്ധത ഉടന്‍ നേതൃത്വത്തെ അറിയിക്കും. ഇംഗ്ളണ്ടിനെയും സ്കോട്ലന്‍ഡിനെയും കൃത്യമായി വിഭജിക്കുന്നതാണ് ബ്രെക്സിറ്റ് ഫലം.
സ്കോട്ടിഷ് ജനത യൂറോപ്യന്‍ യൂനിയനൊപ്പമാണെന്ന് ഇതിലൂടെ തെളിയിക്കപ്പെട്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ വീണ്ടും ഹിതപരിശോധന നടത്തി സ്കോട്ലന്‍ഡ് സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതാകും ഉചിതം. ഹിതപരിശോധനയില്‍ വിജയിക്കുമെന്നാണ് തന്‍െറ പ്രതീക്ഷയെന്നും എഡ്വിന്‍ബറയില്‍ സംസാരിക്കവെ അവര്‍ പറഞ്ഞു. സ്റ്റേര്‍ജിയോണിന്‍െറ പ്രസ്താവനയെ മുന്‍ ഫസ്റ്റ് മിനിസ്റ്റര്‍ അലക്സ് സാല്‍മണ്ട് പിന്തുണച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.