അതിര്‍ത്തികള്‍ക്കതീതമായ മാധ്യമപ്രവര്‍ത്തന സഹകരണത്തിന്‍െറ വിജയം

പാനമ സിറ്റി: ലോകത്ത് ഇന്നേവരെയുണ്ടായ ഏറ്റവും വലിയ വെളിപ്പെടുത്തലാണ് ‘പാനമ പേപേഴ്സ്’ വഴി ഉണ്ടായിരിക്കുന്നത്. രാജ്യാതിര്‍ത്തികള്‍ക്ക് അതീതമായി സഹകരിച്ച് മാധ്യമപ്രവര്‍ത്തകര്‍ ഇത്തരമൊരു ഓപറേഷന്‍ നടത്തുന്നത് അന്താരാഷ്ട്ര മാധ്യമ ചരിത്രത്തില്‍ ആദ്യം. പാനമയിലെ നിയമസഹായ കമ്പനിയായ മൊസാക് ഫൊന്‍സെകയില്‍നിന്ന് 11.5 ദശലക്ഷം രേഖകളാണ് ജര്‍മന്‍ പത്രമായ സുഡച്ച് സേതുങ്ങിന് ചോര്‍ന്നുകിട്ടിയത്. എണ്‍പതോളം രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നൂറിലധികം സ്ഥാപനങ്ങള്‍ക്കും അന്വേഷണാത്മക പത്രപ്രവര്‍ത്തകരുടെ ആഗോള കൂട്ടായ്മയായ ഇന്‍റര്‍നാഷനല്‍ കണ്‍സോര്‍ട്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റിവ് ജേണലിസ്റ്റിനും അവര്‍ ആ രേഖകള്‍ കൈമാറി. ഈ സ്ഥാപനങ്ങളിലെ 370 മാധ്യമപ്രവര്‍ത്തകര്‍ ആ രേഖകള്‍ സാധ്യമായവിധം ചിട്ടപ്പെടുത്തി. 200ലധികം രാജ്യങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത 2,14,000 കമ്പനികളുടെ രേഖകള്‍ അവര്‍ പരിശോധിച്ചു. 15,600 കമ്പനികള്‍ കടലാസില്‍ മാത്രമുള്ളതാണെന്ന് അന്വേഷണത്തില്‍ ബോധ്യമായി.
ഇ-മെയിലുകള്‍, സാമ്പത്തിക രേഖകള്‍, പാസ്പോര്‍ട്ട്, കോര്‍പറേറ്റ് ഘടനയുടെ വിശദാംശങ്ങള്‍ എന്നിവ പരിശോധിക്കുന്ന ജോലി ഏറെ ശ്രമകരമായിരുന്നുവെന്ന് പിന്നില്‍ പ്രവര്‍ത്തിച്ച മാധ്യമപ്രവര്‍ത്തകര്‍ പറയുന്നു. 1970 മുതല്‍ 2015 വരെ ഫൊന്‍സെക ഉപയോഗിച്ച രേഖകള്‍ 2.6 ടി.ബി വരും.
ഇന്ത്യയടക്കം വിവിധ രാജ്യങ്ങളില്‍ മാധ്യമങ്ങള്‍ നീണ്ടനാളുകള്‍ പരിശോധിച്ച വിക്കിലീക്സ് രേഖകള്‍ 1700 ജി.ബിയാണ് ഉണ്ടായിരുന്നതെന്ന് ഓര്‍ക്കുക (1 ടിബി സമം 1000 ജി.ബി). ഓരോ സ്ഥാപനവും തങ്ങളുടെ എട്ട് ജീവനക്കാരെ ഈ രേഖകള്‍ കൈകാര്യം ചെയ്യാന്‍ നിയോഗിച്ചു.
രേഖകള്‍ പുറത്തുവന്നതോടെ പല രാഷ്ട്രനേതാക്കളും ശക്തമായ പ്രതിഷേധം നേരിടുകയാണ്. റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍െറ വിദേശ നിക്ഷേപമാണ് ഏറ്റവും വലുത്.
 ആസ്ട്രേലിയ, ഓസ്ട്രിയ, ബ്രസീല്‍, ഫ്രാന്‍സ്, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങള്‍ വെളിപ്പെടുത്തലുകളുടെ നിജസ്ഥിതി അന്വേഷിക്കാന്‍ ഇതിനകം തീരുമാനിച്ചുകഴിഞ്ഞു. അധികാരത്തിലിരിക്കുന്നതും അധികാരമൊഴിഞ്ഞവരുമായി രണ്ടു ഡസന്‍ രാഷ്ട്രനേതാക്കളുടെ പേരുകള്‍ പാനമ പേപ്പേഴ്സില്‍ പരാമര്‍ശിക്കുന്നുണ്ട്. രേഖകള്‍ മുഴുവനും പരിശോധിച്ചുതീരാന്‍ ഇനിയും സമയമെടുക്കും. അതിലൂടെ ഇനിയും വിവാദങ്ങള്‍ ഉയരുമെന്ന് ഉറപ്പ്. അനധികൃത വിദേശനിക്ഷേപത്തിനെതിരെ ഇന്ത്യയടക്കം വിവിധ രാജ്യങ്ങള്‍ സ്വീകരിച്ച നടപടികളൊന്നും ഫലംകണ്ടിരുന്നില്ല. ബ്രിട്ടനിലെ നികുതിവെട്ടിപ്പുകാരുടെ വിവരങ്ങള്‍ കണ്ടത്തൊന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് ദ ഗാര്‍ഡിയന് നികുതിവെട്ടിപ്പ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ കത്തെഴുതിയിരിക്കുകയാണ്.
സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കപ്പുറത്ത് മാധ്യമപ്രവര്‍ത്തനം നേടിയ വിജയം എന്നനിലയിലും വരുംനാളുകളില്‍ പാനമ പേപ്പേഴ്സ് ചര്‍ച്ചചെയ്യപ്പെടും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.