ന്യൂഡൽഹി: ഇസ്രായേൽ-യു.എസ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനൗവിന്റെ മരണത്തിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നതിന് വേണ്ടിയാണ് താൻ ഇറാൻ എംബസിയിൽ എത്തിയതെന്ന് രാജ്യസഭ എം.പി കപിൽ സിബിൽ. രാജ്യങ്ങൾ തമ്മിലുള്ള തർക്കം പരിഹരിക്കാനുള്ള ഏറ്റവും നല്ല പോംവഴി ചർച്ചകളാണ്. അതിന് പകരം സകലതും നശിപ്പിക്കുന്ന ആയുധങ്ങൾ ഉപയോഗിക്കരുത്. ആഗോളക്രമം നിലനിർത്തേണ്ടത് അത്യാന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാം ലോകമഹായുദ്ധാനന്തരം നിയമം അടിസ്ഥാനമാക്കിയുള്ള ലോകക്രമം ഉണ്ടാക്കാനാണ് രാജ്യങ്ങൾ ശ്രമിക്കുന്നത്. എന്നാൽ, കഴിഞ്ഞ കുറേ വർഷങ്ങളായി ഇത് നടപ്പിലാവുന്നില്ല. ഇത് ആഗോളസമാധാനത്തിന് ഭീഷണിയാണ്. ചില രാജ്യങ്ങൾ കാടിന്റെ നിയമത്തിലാണ് വിശ്വസിക്കുന്നത്. ലോകരാജ്യങ്ങൾ ഒരുമിച്ച് വന്ന് സമാധാനത്തിന് വേണ്ടിയുള്ള ചർച്ചകൾ നടത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ഖമനേയിയുടെ വധത്തിന് പിന്നാലെ കേന്ദ്രസർക്കാരിന്റെ വിദേശനയത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനത്തെയും ഇന്നലെ കപിൽ സിബൽ രൂക്ഷമായി വിമർശിച്ചിരുന്നു. തന്ത്രപ്രധാന സുഹൃത്തായ ഇറാന്റെ തകർച്ചയിൽ ഇന്ത്യ പുലർത്തുന്ന മൗനം രാജ്യതാൽപ്പര്യങ്ങൾക്ക് വിരുദ്ധമാണെന്നും മുൻ പ്രധാനമന്ത്രിമാരായ നെഹ്‌റുവും മൻമോഹൻ സിംഗും ഉയർത്തിപ്പിടിച്ച നയതന്ത്ര മൂല്യങ്ങൾ മോദി ഭരണത്തിൽ കൈമോശം വന്നതായും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
അമേരിക്കൻ ആക്രമണത്തിൽ ഇന്ത്യയിൽ നിന്ന് മടങ്ങിയ ഇറാന്റെ യുദ്ധക്കപ്പൽ തകർക്കപ്പെട്ടപ്പോൾ പോലും പ്രധാനമന്ത്രി പ്രതികരിക്കാത്തതിനെയും സിബൽ വിമർശിച്ചു. ഇസ്രായേൽ സന്ദർശന വേളയിൽ ഖമനേയിയുടെ വധത്തെക്കുറിച്ച് പ്രധാനമന്ത്രിയെ അറിയിച്ചിരുന്നോ എന്ന് വ്യക്തമാക്കണമെന്നും, താൽക്കാലിക നേട്ടങ്ങൾക്കായി ചാബഹാർ തുറമുഖം പോലുള്ള പദ്ധതികളിൽ നിന്ന് പിന്മാറുന്നത് ഇന്ത്യയുടെ വിദേശനയത്തിന്റെ പരാജയമാണെന്നും സിബൽ ചൂണ്ടിക്കാട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.