വ്യോമാക്രമണം ശക്തമാക്കി ഫ്രാൻസ്

പാരിസ്: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ നടത്തിയ പാരിസ് ആക്രമണത്തിന്‍െറ പശ്ചാത്തലത്തില്‍ ഫ്രഞ്ച് സര്‍ക്കാര്‍ നടപടി ശക്തമാക്കി. ആക്രമണ പരമ്പരയുമായി ബന്ധമുള്ളവര്‍ക്കായി ചൊവ്വാഴ്ച രാജ്യത്തുടനീളം റെയ്ഡ് നടത്തിയ സര്‍ക്കാര്‍ സിറിയയിലെ ഐ.എസ് കേന്ദ്രങ്ങളില്‍ കനത്ത വ്യോമാക്രമണവും തുടര്‍ന്നു.
ഫ്രാന്‍സും ബെല്‍ജിയവും സഹകരിച്ചാണ് തിരച്ചില്‍ ഊര്‍ജിതമാക്കിയത്. സിറിയയില്‍ ആക്രമണം ശക്തമാക്കിയ ഫ്രഞ്ച് യുദ്ധവിമാനങ്ങള്‍ റാഖയിലെ ഐ.എസിന്‍െറ പരിശീലനകേന്ദ്രവും മറ്റൊരു പ്രധാന കേന്ദ്രവും തകര്‍ത്തതായി പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു.
24 മണിക്കൂറിനിടെ രണ്ടാം വട്ടമാണ് ഇവിടെ ഫ്രഞ്ച് വിമാനങ്ങള്‍ ആക്രമണം നടത്തുന്നത്. 10 റാഫേല്‍, മിറാഷ് 2000 വിമാനങ്ങള്‍ ഒരേ സമയം ഈ കേന്ദ്രങ്ങള്‍ക്കുമേല്‍ 16 ബോംബുകളാണ് വര്‍ഷിച്ചത്.
ഫ്രഞ്ച് സൈന്യം നേരത്തേ നിരീക്ഷണത്തിലൂടെ സ്ഥിരീകരിച്ച കേന്ദ്രങ്ങളില്‍ അമേരിക്കന്‍ സൈന്യത്തിന്‍െറകൂടി സഹകരണത്തോടെയായിരുന്നു ആക്രമണം. വിമാനവാഹിനിക്കപ്പലായ ചാള്‍സ് ഡി ഗല്ലിയെ കിഴക്കന്‍ മെഡിറ്ററേനിയനിലേക്ക് വിന്യസിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാങ്സ്വ ഓലന്‍ഡ് പറഞ്ഞു.
അതിനിടെ, ഐ.എസിനെതിരെയുള്ള പോരാട്ടത്തില്‍ ഫ്രാന്‍സ് യൂറോപ്യന്‍ യൂനിയന്‍െറ സഹായം തേടി. 28 അംഗ യൂറോപ്യന്‍ യൂനിയന്‍ ഫ്രാന്‍സിന്‍െറ അപേക്ഷ സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍, അംഗരാജ്യങ്ങള്‍ എന്തുതരത്തിലുള്ള സഹായമാണ് ചെയ്യുകയെന്ന് വ്യക്തമല്ല. യൂറോപ്പിനു പുറത്ത് സൈനിക നീക്കങ്ങളില്‍ സഹകരിക്കുന്നതില്‍ ജര്‍മനിയുള്‍പ്പെടെ പല രാജ്യങ്ങളും നേരത്തേ വിമുഖത പ്രകടിപ്പിച്ചിരുന്നു.
പ്രധാന പ്രതിയെന്ന് സംശയിക്കുന്ന സലാഹ് അബ്ദുസ്സലാമിനുവേണ്ടി തിരച്ചില്‍ നടക്കുന്നുണ്ടെങ്കിലും വിവരങ്ങള്‍ ലഭ്യമായിട്ടില്ല. എന്നാല്‍, അക്രമിസംഘം ഉപയോഗിച്ചതെന്നു കരുതുന്ന ബെല്‍ജിയം രജിസ്ട്രേഷനിലുള്ള ഒരു കാര്‍ കൂടി അന്വേഷണ സംഘം കണ്ടത്തെിയിട്ടുണ്ട്. മൂന്നു മാസത്തേക്കുകൂടി അടിയന്തരാവസ്ഥ നീട്ടണമെന്നും തീവ്രവാദത്തിനെതിരായ പോരാട്ടം ശക്തിപ്പെടുത്താനായി 8500ഓളം പൊലീസ്, നീതിന്യായ ഉദ്യോഗസ്ഥരെക്കൂടി നിയമിക്കുമെന്നും ഫ്രാങ്സ്വ ഓലന്‍ഡ് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.