ഓസ്റ്റിൻ (ടെക്സസ്): സ്പേസ് എക്സിന്റെ റെക്കോർഡ് ഓഹരി വിൽപനക്ക് പിന്നാലെ ചരിത്രത്തിലെ ആദ്യത്തെ 'ട്രില്യണയർ' എന്ന പദവിയിലേക്ക് എലോൺ മസ്ക് നടന്നു കയറുമ്പോഴും, ലോകത്തെ അമ്പരപ്പിക്കുന്നത് അദ്ദേഹത്തിന്റെ വിചിത്രമായ ജീവിതശൈലിയാണ്. ഭാവനകൾക്കും അപ്പുറത്തുള്ള സ്വത്തിന്റെ ഉടമയായിട്ടും ടെക്സസിലെ ബോക്ക ചീകയിലുള്ള ഒരു ചെറിയ പ്രീഫാബ്രിക്കേറ്റഡ് വാടകവീട്ടിലാണ് മസ്ക് തന്റെ ഭൂരിഭാഗം സമയവും ചെലവഴിക്കുന്നത്.
2020ൽ തന്റെ ബിസിനസ്സ് സാമ്രാജ്യം കാലിഫോർണിയയിൽ നിന്നും ടെക്സസിലേക്ക് മാറ്റിയതോടെ കാലിഫോർണിയയിലുണ്ടായിരുന്ന കോടിക്കണക്കിന് രൂപയുടെ ആഡംബര ബംഗ്ലാവുകളെല്ലാം മസ്ക് വിറ്റഴിച്ചിരുന്നു. തുടർന്ന് സ്പേസ് എക്സിൽ നിന്നും വാടകയ്‌ക്കെടുത്ത, ഏകദേശം 50,000 ഡോളർ മാത്രം വിലമതിക്കുന്ന ചെറിയൊരു വീട്ടിലേക്ക് അദ്ദേഹം താമസം മാറി. ഫോർച്യൂൺ മാഗസിൻ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം വെറും 400 ചതുരശ്ര അടി മാത്രമാണ് ഈ വീടിന്റെ വലിപ്പം.
'ബോക്സബി' എന്ന ഹൗസിങ് സ്റ്റാർട്ടപ്പ് നിർമിച്ച ഈ ഫോൾഡിങ് വീടിന് 20 അടി നീളവും 20 അടി വീതിയും മാത്രമാണുള്ളത്. ഇതിനുള്ളിൽ ഒരു ചെറിയ ലിവിങ് ഏരിയ, ബെഡ്‌റൂം സ്പെയിസ്, അടുക്കള, ബാത്റൂം എന്നിവ മാത്രമാണുള്ളത്. മസ്കിന്റെ ജീവചരിത്രകാരനായ വാൾട്ടർ ഇസഹാക്സൺ പങ്കുവെച്ച ചിത്രത്തിൽ, ഇതൊരു സാധാരണ മരമേശയും കസേരയുമുള്ള അതീവ ലളിതമായ ഇടമാണെന്ന് വ്യക്തമാക്കിയിരുന്നു.
'ഫ്രിഡ്ജിൽ ഭക്ഷണമില്ല. ബാത്റൂമിൽ ആകെയുള്ളത് ഒരൊറ്റ തോർത്താണ്, അത് ഞാൻ ഇലോണിനായി മാറ്റിവെച്ചു. ഞാൻ അവിടെ പോയപ്പോൾ ഉറങ്ങിയത് ഗാരേജിലാണ്. എന്റെ കുട്ടിക്കാലത്ത് കലഹാരി മരുഭൂമിയിൽ ആഴ്ചകളോളം വെള്ളമില്ലാതെ കഴിഞ്ഞിട്ടുള്ളതിനാൽ ഈ ആണ്ടംബരം എനിക്ക് ധാരാളമായിരുന്നു!' — ഇലോൺ മസ്കിന്റെ അമ്മ മായെ മസ്ക് എക്സിൽ കുറിച്ചു.
തന്റെ ഫാക്ടറികളോട് എപ്പോഴും അടുത്തുനിൽക്കുക എന്നത് മസ്കിന്റെ പണ്ടേയുള്ള ശീലമാണ്. മുമ്പ് ടെസ്‌ല കാറുകളുടെ ഉത്പാദനം പ്രതിസന്ധിയിലായപ്പോൾ ദിവസങ്ങളോളം കമ്പനിയുടെ ഫാക്ടറിയിലെ തറയിലാണ് മസ്ക് ഉറങ്ങിയിരുന്നത്. എന്നാൽ, മസ്കിന് പൂർണമായും ആഡംബര വീടുകളില്ല എന്ന് ഇതിനർത്ഥമില്ല. ഓസ്റ്റിനിലെ അതിസമ്പന്നർ താമസിക്കുന്ന വെസ്റ്റ് ലേക്ക് ഹിൽസിൽ മസ്കിന്റെ കമ്പനികളുമായി ബന്ധപ്പെട്ട് വലിയ നീന്തൽക്കുളങ്ങളുള്ള മൂന്നോളം വലിയ ബംഗ്ലാവുകളുണ്ട്. എങ്കിലും അദ്ദേഹത്തിന്റെ പ്രധാന താമസം ഈ ചെറിയ വീട്ടിൽ തന്നെയാണ്.
മസ്കിന്റെ ഈ ലളിത ജീവിതത്തെച്ചൊല്ലി സമൂഹ മാധ്യമങ്ങളിൽ വൻ ചർച്ചയാവുകയാണ്. മസ്കിനെ അനുകൂലിക്കുന്നവർ പറയുന്നത്, അദ്ദേഹം പണം ധൂർത്തടിച്ച് ആഡംബരം കാണിക്കുന്നില്ലെന്നും അദ്ദേഹത്തിന്റെ 99% ആസ്തിയും കമ്പനിയുടെ ഓഹരികളിലാണെന്നുമാണ്. പണമുണ്ടെന്ന് കരുതി അത്യാഡംബര ജീവിതം നയിക്കാത്ത ഇത്തരം മനുഷ്യരാണ് ലോകത്തിന്റെ മാതൃകയെന്ന് അവർ വാദിക്കുന്നു.
എന്നാൽ, റെഡ്ഡിറ്റ് പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ വിമർശകർ ഇതിനെ ശക്തമായി എതിർക്കുന്നുണ്ട്. ഇതൊക്കെ ജനങ്ങളെ പറ്റിക്കാനുള്ള വെറും പി.ആർ സ്റ്റണ്ടുകൾ മാത്രമാണെന്നാണ് അവരുടെ പക്ഷം. താൻ സാധാരണക്കാരനാണെന്ന് കാണിക്കാൻ കമ്പനികളുടെ പേരിൽ വലിയ ബംഗ്ലാവുകൾ വാങ്ങിയിട്ടിട്ട്, കാമറക്ക് മുന്നിൽ മാത്രം ഈ ചെറിയ പെട്ടിപോലുള്ള വീട്ടിൽ താമസിക്കുന്ന ഇത്തരം വിദ്യകൾ ജനങ്ങളെ കബളിപ്പിക്കാനാണെന്ന് അവർ ആരോപിക്കുന്നു. വിമർശനങ്ങൾ എന്തുതന്നെയായാലും, ലോകത്തെ ഏറ്റവും വലിയ സമ്പത്തിന്റെ മുകളിലിരുന്ന് ഒരു ചെറിയ വാടകവീട്ടിൽ കഴിയുന്ന മസ്കിന്റെ ഈ ലൈഫ്സ്റ്റൈൽ കൗതുകത്തോടെയാണ് ലോകം നോക്കിക്കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.