കാരക്കാസ്: മയക്കുമരുന്ന് കടത്ത് തടയാൻ അമേരിക്കയുമായി ചർച്ചക്ക് തയാറെന്ന് വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദുറോ. എന്നാൽ, മയക്കുമരുന്ന് സംഘങ്ങൾ ഉപയോഗിച്ചെന്നാരോപിച്ച് വെനിസ്വേലൻ തുറമുഖ മേഖലയിൽ കഴിഞ്ഞയാഴ്ച സി.ഐ.എ നേതൃത്വത്തിൽ നടന്ന ആക്രമണത്തെക്കുറിച്ച് പ്രതികരിക്കാൻ അദ്ദേഹം വിസമ്മതിച്ചു. ഔദ്യോഗിക ടെലിവിഷനിൽ സംപ്രേഷണം ചെയ്ത അഭിമുഖത്തിലായിരുന്നു മദുറോയുടെ പ്രതികരണം.
അട്ടിമറിയിലൂടെ രാജ്യത്ത് ഭരണമാറ്റം കൊണ്ടുവരാനും തങ്ങളുടെ വിശാലമായ എണ്ണ ശേഖരത്തിലേക്ക് പ്രവേശിക്കാനുമാണ് മയക്കുമരുന്ന് കടത്തിന്റെ പേരുപറഞ്ഞ് മാസങ്ങൾ നീളുന്ന സമ്മർദ പ്രചാരണത്തിലൂടെ അമേരിക്ക ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇതിനായി ഭീഷണിയും ബലപ്രയോഗവും തുടരുകയാണ്. അതിന് പകരം മയക്കുമരുന്ന് കടത്ത് തടയാൻ വസ്തുതകളുടെ ബലത്തിൽ ഉഭയകക്ഷി ചർച്ചയാണ് ഇരു രാജ്യങ്ങളും തമ്മിൽ നടക്കേണ്ടത്. ഇതിന് തങ്ങൾ തയാറാണെന്ന് നിരവധി തവണ വ്യക്തമാക്കിയതാണെന്നും മദുറോ പറഞ്ഞു. ഇനി അവർക്ക് ഇന്ധനമാണ് വേണ്ടതെങ്കിൽ അമേരിക്കൻ നിക്ഷേപത്തിന് വെനിസ്വേല തയാറാണ്. എന്നാൽ, വെനിസ്വേലൻ മണ്ണിലെ സി.ഐ.എ ആക്രമണത്തെക്കുറിച്ച ചോദ്യത്തിന് ‘അടുത്ത ദിവസങ്ങളിൽ പ്രതികരിക്കാം’എന്നായിരുന്നു മദുറോയുടെ പ്രതികരണം.
അതേസമയം, അമേരിക്കയിലേക്കുള്ള മയക്കുമരുന്ന് ഒഴുക്ക് തടയാനുള്ള അവശ്യ നടപടിയായിരുന്നു ആക്രമണമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ന്യായീകരിച്ചു. മയക്കുമരുന്ന് സംഘങ്ങളുമായി തങ്ങൾ സായുധ സംഘർഷത്തിലേർപ്പെട്ടിരിക്കുകയാണെന്നും ട്രംപ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.