രാഷ്ട്രീയ സൗകര്യത്തിന് തീവ്രവാദത്തെ തരംതിരിക്കരുത് -ഇന്ത്യ

യുനൈറ്റഡ് നേഷൻസ്: രാഷ്ട്രീയ സൗകര്യത്തിന് അനുസരിച്ച് തീവ്രവാദത്തെ നല്ലതെന്നും ചീത്തയെന്നും തരംതിരിക്കുന്നത് അവസാനിപ്പിക്കണമെന്ന് ഇന്ത്യ ഐക്യരാഷ്ട്രസഭ രക്ഷാസമിതി മുമ്പാകെ അഭിപ്രായപ്പെട്ടു. മതപരമോ പ്രത്യയശാസ്ത്രപരമോ ആയ പ്രേരണയാൽ നടത്തുന്ന തീവ്രവാദ പ്രവർത്തനങ്ങളെ തരംതിരിക്കുന്നത് തീവ്രവാദത്തിന് എതിരായ പോരാട്ടത്തെ ദുർബലപ്പെടുത്തും. 15 അംഗ യു.എൻ രക്ഷാസമിതിയിൽ അധ്യക്ഷത വഹിക്കുന്ന ഇന്ത്യ ഡിസംബർ 15ന് 'തീവ്രവാദ വിരുദ്ധ സമീപനം: തത്ത്വങ്ങളും മുന്നോട്ടുള്ള വഴിയും' വിഷയത്തിൽ ചർച്ച സംഘടിപ്പിക്കും. കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കർ നേതൃത്വം നൽകും.

ചർച്ചക്ക് ആമുഖമായി അംഗരാഷ്ട്രങ്ങൾക്ക് അയക്കാൻ തയാറാക്കിയ ആശയക്കുറിപ്പിലാണ് തീവ്രവാദത്തെ തരംതിരിക്കരുതെന്ന ആശയം യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കംബോജ് മുന്നോട്ടുവെച്ചത്. ഭീകരതയുടെ ഭീഷണി ഗുരുതരവും സാർവത്രികവുമാണെന്നും ഒരു മേഖലയിലെ ഭീകരത മറ്റു ഭാഗങ്ങളിലെയും സമാധാനത്തെയും സുരക്ഷിതത്വത്തെയും സാരമായി ബാധിക്കുന്നുവെന്നും ആശയക്കുറിപ്പിൽ ചൂണ്ടിക്കാട്ടി. തീവ്രവാദ ഭീഷണിയെ ഏതെങ്കിലും മതവുമായോ ദേശീയതയുമായോ നാഗരികതയുമായോ വംശീയ വിഭാഗവുമായോ ബന്ധപ്പെടുത്താനാവില്ലെന്നും എല്ലാ തീവ്രവാദ പ്രവർത്തനങ്ങളും കുറ്റകരമാണെന്നും കുറിപ്പിൽ പറയുന്നു.

''എല്ലാ രാഷ്ട്രങ്ങളുടെയും കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ ഇതിനെ പരാജയപ്പെടുത്താൻ കഴിയൂ. ഭീകരവാദം എല്ലാ രൂപങ്ങളിലും അപലപിക്കപ്പെടേണ്ടതാണ്. തീവ്രവാദ പ്രവർത്തനം ആര്, എവിടെ, എപ്പോൾ ചെയ്താലും ന്യായീകരിക്കാൻ കഴിയില്ല. രാഷ്ട്രീയ സൗകര്യത്തിന്റെ അടിസ്ഥാനത്തിൽ തീവ്രവാദികളെ 'മോശം', 'അത്ര മോശമല്ല' അല്ലെങ്കിൽ 'നല്ലത്' എന്നിങ്ങനെ തരംതിരിക്കുന്ന യുഗം ഉടൻ അവസാനിപ്പിക്കണം'' -ഇന്ത്യ വ്യക്തമാക്കി.

Tags:    
News Summary - Do not categorize terrorism for political convenience - India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.