വെള്ളത്തെ ആയുധമാക്കുന്നുവെന്ന് ദോഹയിലും ആരോപണം; മറുപടിയുമായി ഇന്ത്യ, ‘സിന്ധുനദീജല കരാറിന്റെ നിലനിൽപ്പ് അവതാളത്തിലാക്കിയത് പാകിസ്താൻ’

ന്യൂഡൽഹി: വെള്ളത്തെ ആയുധമാക്കുന്നുവെന്ന ആരോപണം അന്താരാഷ്ട്ര വേദിയിൽ ആവർത്തിച്ചതിന് പിന്നാലെ പാകിസ്താന് മറുപടിയുമായി ഇന്ത്യ. പാകിസ്താൻ പ്രസിഡന്റ് ആസിഫ് അലി സർദാരിയുടേത് അവാസ്തവമായ പ്രസ്താവനയാണെന്ന് ഇന്ത്യ വ്യക്തമാക്കി.

നവംബർ അഞ്ചിന് ഖത്തറിലെ ദോഹയിൽ നടന്ന സാമൂഹ്യവികസനത്തിനുള്ള അന്താരാഷ്ട്ര ഉച്ചകോടിയിലാണ് പാക് പ്രസിഡന്റ് ഇന്ത്യക്കെതിരെ ഗുരുതര പരാമർശങ്ങൾ ഉന്നയിച്ചത്. സർദാരിയുടെ പ്രസ്താവനകളെ ഇന്ത്യ തള്ളുന്നതായി കേ​ന്ദ്രമന്ത്രി മൻസൂഖ് മാണ്ഡവ്യ പറഞ്ഞു. ‘സർദാരിയുടെ ഇന്ത്യക്കെതിരെയുള്ള അവാസ്തവമായ പ്രസ്താവനകളെ ശക്തമായി എതിർക്കുന്നു. സാമൂഹിക വികസനം ചർച്ചയാവേണ്ട അന്താരാഷ്ട്ര വേദിയെ ദുരുപയോഗം ചെയ്ത പാകിസ്താൻ ഇന്ത്യക്കെതിരെ നുണകൾ പ്രചരിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു,’ മാണ്ഡവ്യ പറഞ്ഞു.

അതിർത്തി കടന്നുള്ള ഭീകരാക്രമണവും ശത്രുതയും കൊണ്ട് സിന്ധുനദീജല കരാറിന്റെ ഉദ്ദേശ്യലക്ഷ്യത്തെ തന്നെ പാകിസ്താൻ കളങ്കപ്പെടുത്തി. ഇന്ത്യയുടെ സാധുവായ പദ്ധതികളെ​ പോലും തടയാൻ പാകിസ്താൻ കരാർ ദുരുപയോഗം ചെയ്തുവെന്നും മാണ്ഡവ്യ പറഞ്ഞു.

ഇന്ത്യയുടെ ഭാഗമായ ജമ്മു കാശ്മീരിൽ ഇന്ത്യയുടെ നയത്തെ കുറിച്ച് പ്രതികരിക്കാൻ പാകിസ്താന് യാതൊരു അധികാരവുമില്ല. അന്താരാഷ്ട്ര സമൂഹത്തിൽ നിന്ന് തുടരെ സഹായങ്ങൾ വാങ്ങിയിട്ടും വികസനത്തിൽ പിന്നാക്കം പോകുന്ന സ്വന്തം അവസ്ഥയെയാണ് പാകിസ്താൻ വിലയിരുത്തുകയും പരിഹരിക്കുകയും ചെയ്യേണ്ടതെന്നും മാണ്ഡവ്യ പറഞ്ഞു.

ഇന്ത്യ സിന്ധുനദീജല കരാർ തുടർച്ചയായി ലംഘിക്കുകയാണെന്നായിരുന്നു സർദാരിയുടെ പരാമർ​ശം. വെള്ളത്തെ ഇന്ത്യ ആയുധമായി ഉപയോഗിക്കുന്നു. സിന്ധുനദീജല കരാറിന്റെ ലംഘനത്തിലൂടെ ഇന്ത്യ ദശലക്ഷക്കണക്കിന് പാകിസ്താനികളെ ദുരിതത്തിലേക്ക് തള്ളിവിടുകയും അവരുടെ വെള്ളത്തിനുള്ള അവകാശത്തെ ഹനിക്കുകയാണെന്നുമായിരുന്നു സർദാരിയുടെ വാക്കുകൾ.

കശ്മീരും ഫലസ്തീനും ഒരേ നാണയത്തിന്റെ രണ്ടുവശങ്ങളാണ്. രണ്ടിടങ്ങളിലും അന്തസോടെ ജീവിക്കാനായുള്ള മനുഷ്യരുടെ പോരാട്ടം കാണാമെന്നും സർദാരി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യ മറുപടിയുമായി രംഗത്തെത്തിയത്.

Tags:    
News Summary - Dependent on handouts: Indias sharp retort to Pakistan after Zardaris comments on Kashmir, Indus Waters Treaty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.